ഷമിയോ ബുംറയോ സിറാജോ ആര് വന്നാലും അങ്ങേരുടെ റെക്കോഡിനെ തൊടാന്‍ പറ്റില്ല; ദി മോസ്റ്റ് അണ്ടര്‍റേറ്റഡ് ബൗളര്‍ ഓഫ് ഇന്ത്യ
Sports News
ഷമിയോ ബുംറയോ സിറാജോ ആര് വന്നാലും അങ്ങേരുടെ റെക്കോഡിനെ തൊടാന്‍ പറ്റില്ല; ദി മോസ്റ്റ് അണ്ടര്‍റേറ്റഡ് ബൗളര്‍ ഓഫ് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd January 2023, 10:48 am

ഇന്ത്യയുടെ പേസ് ബൗളിങ്ങിന്റെ മൂര്‍ച്ച ഓരോ മത്സരം കഴിയുമ്പോഴും കൂടിക്കൂടി വരികയാണ്. ഇന്ത്യയുടെ പേസാക്രമണത്തിന്റെ തോത് വിളിച്ചോതുന്ന പ്രകടനമായിരുന്നു കഴിഞ്ഞ ദിവസം റായ്പൂരിലെ വീര്‍ ഷഹീദ് നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കണ്ടത്.

സഹീര്‍ ഖാന്റെയും ഇര്‍ഫാന്‍ പത്താന്റെയും പിന്‍മുറക്കാര്‍ ന്യൂസിലാന്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ എറിഞ്ഞിട്ടു. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഷര്‍ദുല്‍ താക്കൂറും ഒപ്പം ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന ഇന്ത്യയുടെ പേസ് നിര ന്യൂസിലാന്‍ഡിനെ നിഷ്പ്രഭമാക്കുകയായിരുന്നു.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസര്‍മാരായി ഇവര്‍ വാഴ്ത്തപ്പെടും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നിരുന്നാലും ഇവര്‍ക്കൊരു റെക്കോഡ് ഇനിയും തകര്‍ക്കാന്‍ സാധിച്ചിട്ടില്ല.

ഇന്ത്യയുടെ ദി മോസ്റ്റ് അണ്ടര്‍ റേറ്റഡ് ബൗളര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന അജിത് അഗാര്‍ക്കറിന്റെ വിക്കറ്റ് നേട്ടത്തിന്റെ റെക്കോഡാണ് ഇനിയും തകര്‍ക്കപ്പെടാതെ അവശേഷിക്കുന്നത്.

20 അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ക്ക് ശേഷം ഏറ്റവുമധികം വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡാണ് പത്താന്‍ അടക്കമുള്ള മുന്‍കാല പേസര്‍മാര്‍ക്കും സിറാജ് അടങ്ങുന്ന യുവപേസര്‍മാര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാതെ പോയത്.

20 അന്താരാഷ്ട്ര ഏകദിനത്തിന് ശേഷം 37 വിക്കറ്റുകളാണ് മുഹമ്മദ് സിറാജിന്റെ പേരിലുള്ളത്. പത്താന്റെ പേരില്‍ 38 വിക്കറ്റുകളും ജസ്പ്രീത് ബുംറയുടെ പേരില്‍ 39 അന്താരാഷ്ട്ര വിക്കറ്റുകളുമാണുള്ളത്.

എന്നാല്‍, അഗാര്‍ക്കറിനാകട്ടെ തന്റെ ആദ്യ 20 അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ശേഷം 44 വിക്കറ്റുകളാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. അഗാര്‍ക്കര്‍ വിരമിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ റെക്കോഡ് ഇന്നും അണ്‍ ബ്രേക്കബിളായി തുടരുകയാണ്.

ഇന്ത്യക്കായി 26 ടെസ്റ്റിലെ 46 ഇന്നിങ്‌സുകളില്‍ പന്തെറിഞ്ഞ അഗാര്‍ക്കര്‍ 58 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 3.39 എക്കോണമിയിലും 47.3 എന്ന ശരാശരിയിലുമാണ് അഗാര്‍ക്കര്‍ പന്തെറിഞ്ഞിട്ടുള്ളത്.

191 ഏകദിനത്തില്‍ നിന്നും നൂറ് മെയ്ഡനുള്‍പ്പെടെ 288 വിക്കറ്റുകളാണ് അഗാര്‍ക്കര്‍ ഇന്ത്യക്കായി നേടിയത്. 42ന് ആറ് വിക്കറ്റ് എന്നതാണ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം. 5.07 എക്കോണമിയിലും 27.9 ശരാശരിയിലുമാണ് അഗാര്‍ക്കര്‍ ഏകദിനത്തില്‍ പന്തെറിഞ്ഞത്.

മികച്ച ബൗളര്‍മാര്‍ ഇനിയും വളര്‍ന്നുവരുമ്പോള്‍ ഒരുകാലത്ത് അഗാര്‍ക്കറിന്റെ റെക്കോഡുകളും തകര്‍ക്കപ്പെടും എന്നുറപ്പാണ്. കാരണം തകര്‍ക്കാന്‍ വേണ്ടി മാത്രമാണ് റെക്കോഡുകള്‍ സൃഷ്ടിക്കപ്പെടുന്നത്.

Content Highlight: Ajit Agarkar’s record remains unbreakable