വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിന്റെ കീഴില്‍ 15 അംഗ ടീമിനെയാണ് അജിത് അഗര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സ്‌ക്വാഡ് വിവരം പുറത്ത് വിട്ടപ്പോള്‍ വൈസ് ക്യാപ്റ്റനായി എത്തിയത് വെറ്ററന്‍ താരം രവീന്ദ്ര ജഡേജയാണ്. ടീമില്‍ ഇടം പിടിച്ച കെ.എല്‍ രാഹുലിനെയും സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും മറികടന്നാണ് താരം വൈസ് ക്യാപ്റ്റനായത്.
ഇപ്പോള്‍ ഇതിനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗര്‍ക്കാര്‍. ഇംഗ്ലണ്ടിനെതിരെയുള്ള വൈസ് ക്യാപ്റ്റനായ റിഷബ് പന്തിന് പരിക്ക് പറ്റിയതിനാലാണ് ജഡേജ ഈ സ്ഥാനത്തേക്ക് എത്തിയതെന്ന് അഗാര്‍ക്കര്‍ പറഞ്ഞു.
‘നിലവില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്താണ്. ടീമിലെ പ്രധാന താരമാണ് അവന്‍. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ പരിക്ക് മാറിയിട്ടില്ല. അതിനാലാണ് ജഡേജ വൈസ് ക്യാപ്റ്റനായത്.
അവന്‍ ഒരുപാട് അനുഭവ സമ്പത്തുള്ള താരമാണ്. ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ജഡ്ഡു. ഇതാണ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചതിന്റെ അടിസ്ഥാന കാരണം,’ അഗാര്‍ക്കര്‍ പറഞ്ഞു.
അതേസമയം, ജൂലൈ – ഓഗസ്റ്റ് മാസം നടന്ന ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ വലിയ മാറ്റം വരുത്തിയാണ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ടീമിലുണ്ടായിരുന്ന കരുണ്‍ നായരിന് വെസ്റ്റ് ഇന്‍ഡീസിന് സ്‌ക്വാഡില്‍ ഇടം കണ്ടെത്താനായില്ല. താരത്തിന് പകരക്കാരനായി ദേവദത്ത് പടിക്കലാണ് ടീമിലെത്തിയത്. വിക്കറ്റ് കീപ്പര്‍ അഭിമന്യു ഈശ്വരനും ടീമിലെത്താനായില്ല.
എന്നാല്‍, യുവതാരം സായ് സുദര്‍ശന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിക്കറ്റ് കീപ്പര്‍മാരായി ധ്രുവ് ജുറെലും നാരായണ്‍ ജഗദീശനുമാണുള്ളത്. ഇംഗ്ലണ്ട് പരമ്പരയിലുണ്ടായിരുന്ന ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, ഷര്‍ദുല്‍ താക്കൂര്‍, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല.
വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്