| Thursday, 21st August 2025, 9:30 pm

Asia Cup: സഞ്ജു മികച്ച ടീം മാന്‍, പക്ഷേ ടീമിലുണ്ടാകില്ല; തെരഞ്ഞെടുപ്പുമായി മുന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്ത് സൂപ്പര്‍ താരം അജിന്‍ക്യ രഹാനെ. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താതെയാണ് മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ടീം സെലക്ട് ചെയ്തിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് രഹാനെ ടീം തെരഞ്ഞെടുത്തത്.

ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയ്‌ക്കൊപ്പം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് താരം തെരഞ്ഞെടുക്കുന്നത്.

അജിന്‍ക്യ രഹാനെ

‘ശുഭ്മന്‍ ടീമിലേക്ക് മടങ്ങിയെത്തി. എനിക്ക് തോന്നുന്നത് അവന്‍ തന്നെയായിരിക്കും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. വ്യക്തിപരമായി എനിക്ക് സഞ്ജു സാംസണ്‍ ടീമിലുണ്ടാകണമെന്നാണ് ആഗ്രഹം, കാരണം അവന്‍ സമീപകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എനിക്ക് തോന്നുന്നത് അത് വളരെ പ്രധാനമാണെന്നാണ്.

സഞ്ജു മികച്ച ടീം മാനാണ്. ടീം മാനേജ്‌മെന്റിനെ സംബന്ധിച്ച് ഇത് വളരെ മികച്ച ഒരു പ്രശ്‌നമാണ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ സഞ്ജു സാംസണ്‍ പുറത്തിരിക്കേണ്ടി വരും. സഞ്ജു ടീമിനൊപ്പം കളത്തിലിറങ്ങുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലും തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും,’ രഹാനെ പറഞ്ഞു.

മൂന്നാം നമ്പറില്‍ തിലക് വര്‍മയെ തെരഞ്ഞെടുത്ത രഹാനെ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും തെരഞ്ഞെടുത്തു. അഞ്ചാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയ രഹാനെ ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയ്ക്കും സ്ഥാനം നല്‍കി. അക്‌സര്‍ പട്ടേലാണ് ടീമിലെ മറ്റൊരു ഓള്‍ റൗണ്ടര്‍.

ജസ്പ്രീത് ബുംറയെും അര്‍ഷ്ദീപ് സിങ്ങിനെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ രഹാനെ, വരുണ്‍ ചക്രവര്‍ത്തിയുടെ സ്ഥാനം പ്ലെയിങ് ഇലവനില്‍ ഉറപ്പിക്കാന്‍ സാധിക്കുകയില്ലെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. സ്പിന്‍ ഓപ്ഷനായി കുല്‍ദീപ് യാദവിനെയാണ് താരം ഉള്‍പ്പെടുത്തിയത്.

‘ഏഷ്യാ കപ്പില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ഒന്നിച്ച് പന്തെറിയുന്നത് കാണാന്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്. നമുക്ക് ജസ്പ്രീത് ബുംറയെ സംബന്ധിച്ച് കൂടുതല്‍ സംസാരിക്കേണ്ട ആവശ്യമില്ല. അവന്‍ എത്രത്തോളം അപകടകാരിയാണെന്ന് നമുക്കറിയാവുന്നതാണ്.

അര്‍ഷ്ദീപ് സിങ്, ഏറെ ആത്മവിശ്വാസമുള്ള താരമാണ്. രണ്ട് വശത്തേക്കും അവന് പന്ത് സ്വിങ് ചെയ്യിക്കാന്‍ സാധിക്കും. അവന്‍ സ്‌ട്രൈറ്റ്, വൈഡ് യോര്‍ക്കറുകളെറിയാനും മിടുക്കനാണ്.

11ാം താരം ആര് എന്നത് കളിക്കുന്ന സാഹചര്യത്തെ സംബന്ധിച്ചിരിക്കും, കാരണം നമ്മള്‍ കളിക്കുന്നത് ദുബായില്‍ വെച്ചാണ്. വിക്കറ്റിന്റെ സാഹചര്യമനുസരിച്ച് വരുണ്‍ ചക്രവര്‍ത്തിയോ ഹര്‍ഷിത് റാണയോ ടീമില്‍ ഇടം നേടും,’ രഹാനെ കൂട്ടിച്ചേര്‍ത്തു.

അജിന്‍ക്യ രഹാനെയുടെ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി / ഹര്‍ഷിത് റാണ.

Content Highlight: Ajinkya Rahane selects playing eleven for Asia Cup, Sanju Samson excluded

We use cookies to give you the best possible experience. Learn more