സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വീണ്ടും വെടിക്കെട്ട് പ്രകടവനുമായി സൂപ്പര്‍ താരം അജിന്‍ക്യ രഹാനെ. സെമി ഫൈനല്‍ മത്സരത്തില്‍ പാണ്ഡ്യ സഹോദരന്‍മാരുടെ ബറോഡക്കെതിരെയാണ് മുംബൈ സൂപ്പര്‍ താരത്തിന്റെ വെടിക്കെട്ട് പ്രകടനം പിറവിയെടുത്തത്.
സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറിയാണ് രഹാനെ മുംബൈക്കായി കുറിച്ചത്. പുറത്താകുമ്പോള്‍ 56 പന്തില്‍ 98 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 11 ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രഹാനെയുടെ കരുത്തില്‍ മുംബൈ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.
നേരിട്ട 28ാം പന്തിലാണ് രഹാനെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടൂര്‍ണമെന്റില്‍ ഇത് അഞ്ചാം തവണയാണ് രഹാനെ അര്‍ധ സെഞ്ച്വറി നേടുന്നത്. ഇതിനൊപ്പം തന്നെ ഈ സീസണിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും രഹാനെക്ക് സാധിച്ചു.
ഇതിന് മുമ്പ് ബാറ്റെടുത്ത അവസാന അഞ്ച് മത്സരത്തില്‍ നാല് തവണയും രഹാനെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ രണ്ട് തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും താരം സ്വന്തമാക്കി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അജിന്‍ക്യ രഹാനെയുടെ അവസാന ആറ് ഇന്നിങ്‌സുകള്‍
ഇപ്പോള്‍ സെമിയില്‍ ബറോഡക്കെതിരെയും രഹാനെയുടെ ബാറ്റ് തീ തുപ്പിയിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് രഹാനെ മുംബൈയെ ഫൈനലിലെത്തിച്ചിരിക്കുന്നത്.
രഹാനെയുടെ പ്രകടനത്തില്‍ ആവേശം കൊള്ളുന്നത് കേവലം മുംബൈ ആരാധകര്‍ മാത്രമല്ല, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകര്‍ കൂടിയാണ്. ഐ.പി.എല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ താരലേലത്തില്‍ അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്കാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ ടീമിലെത്തിച്ചത്.
കൊല്‍ക്കത്തയെ ഐ.പി.എല്ലിന്റെ കിരീടം ചൂടിച്ച നായകന്‍ ശ്രേയസ് അയ്യരും, അയ്യരിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത നിതീഷ് റാണയും ഇപ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇല്ല. പുതിയ സീസണില്‍ ആര് ടീമിന്റെ സാരഥ്യമേറ്റെടുക്കും എന്ന ചോദ്യത്തിന് ബാറ്റിലൂടെയാണ് രഹാനെ മറുപടി നല്‍കുന്നത്.
നേരത്തെ രഹാനെ ടീമിന്റെ ക്യാപ്റ്റനായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ടീം ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ ടീമിന് ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുമെന്നുറപ്പാണ്.
അതേസമയം, ബറോഡക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഗംഭീര വിജയം സ്വന്തമാക്കി മുംബൈ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ബറോഡ ഉയര്‍ത്തിയ 159 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റ് ശേഷിക്കെ മുംബൈ മറികടന്നു.