വരാനിരിക്കുന്ന ആഭ്യന്തര സീസണിന് മുന്നോടിയായി മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഒഴിയാന്‍ തീരുമാനിച്ച് അജിന്‍ക്യാ രഹാനെ. ടീമില്‍ പുതിയ നേതാവിനെ വളര്‍ത്തിയെടുക്കേണ്ട സമയമാണ് ഇതെന്നും അസോസിയേഷനോടൊപ്പം ഇനിയും ട്രോഫികള്‍ സ്വന്തമാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും രഹാനെ പറഞ്ഞു. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് താരം വിവരം അറിയിച്ചത്.
‘മുംബൈ ടീമിന്റെ ക്യാപ്റ്റനായിരിക്കുന്നതും അതോടൊപ്പം ചാമ്പ്യന്‍ഷിപ്പുകള്‍ നേടുന്നതും ഒരു വലിയ ബഹുമതിയാണ്. പുതിയൊരു ആഭ്യന്തര സീസണ്‍ വരാനിരിക്കുന്നതിനാല്‍, പുതിയൊരു ക്യാപ്റ്റനെ കണ്ടെത്താനുള്ള ശരിയായ സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ക്യാപ്റ്റന്‍സി റോളില്‍ തുടരേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു.
ഒരു കളിക്കാരന്‍ എന്ന നിലയില്‍ എന്റെ പരമാവധി നല്‍കാന്‍ ഞാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധനാണ്. കൂടുതല്‍ ട്രോഫികള്‍ നേടാന്‍ ഞങ്ങളെ സഹായിക്കുന്നതിനായി എം.സി.എയുമായുള്ള എന്റെ യാത്ര തുടരും. സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു,’ രഹാനെ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
Captaining and winning championships with the Mumbai team has been an absolute honour.
With a new domestic season ahead, I believe it’s the right time to groom a new leader, and hence I’ve decided not to continue in the captaincy role.
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ പ്രധാന താരങ്ങളില്‍ ഒരാളാണ് രഹാനെ. 2022-23 സീസണില്‍ സൈദ് മുഷ്താഖ് അലി ട്രോഫിയും 2023-24 രഞ്ജി ട്രോഫിയിലും 2024-25 ഇറാനി കപ്പിലും താരത്തിന്റെ ക്യാപ്റ്റന്‍സിലാണ് മുംബൈ കിരീടം ചൂടിയത്.
രഹാനെ ക്യാപ്റ്റന്‍സി ഒഴിയുന്നതോടെ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നീ താരങ്ങള്‍ ആയിരിക്കും ക്യാപ്റ്റന്‍സിയിലേക്കുള്ള അടുത്ത മത്സരാര്‍ത്ഥികള്‍. മാത്രമല്ല യശസ്വി ജെയ്‌സ്വാളും സര്‍ഫറാസ് ഖാനും പിറകെയുണ്ട്. നിലവില്‍ ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാണ് സൂര്യകുമാര്‍ യാദവ്. മാത്രമല്ല ശ്രേയ മൂന്ന് വ്യത്യസ്ത ഐ.പി.എല്‍ ഫ്രാഞ്ചൈസികളെ ഫൈനലില്‍ എത്തിച്ച മികച്ച അനുഭവ സമ്പത്തുള്ള താരവുമാണ്.
അതേസമയം 2025ലെ ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തിരശീല ഉയരുന്നത്.