ടി-20യില്‍ ഇന്ത്യ തോല്‍ക്കാനുളള പ്രധാന കാരണം ഇതാ; വിശകലനവുമായി അജയ് ജഡേജ
Sports News
ടി-20യില്‍ ഇന്ത്യ തോല്‍ക്കാനുളള പ്രധാന കാരണം ഇതാ; വിശകലനവുമായി അജയ് ജഡേജ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st September 2022, 9:55 pm

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഓസ്ട്രേലിയക്കായിരുന്നു ജയം. ടോസ് നേടിയ ഓസീസ് നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതല്‍ അറ്റാക്കിങ് അപ്രോച്ച് വെച്ച് കളിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊളുത്തി വിട്ട തിരി അവസാനം ഹര്‍ദിക് പാണ്ഡ്യ ഏറ്റെടുക്കുകയായിരുന്നു.

ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ സൂര്യകുമാര്‍ യാദവ്, എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ മികച്ച ടോട്ടലില്‍ എത്തുകയായിരുന്നു. 209 റണ്‍സ് ചെയ്സ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് തുടക്കം മുതല്‍ മികച്ച ഫോമിലായിരുന്നു. അതിനൊത്ത് മോശം ബൗളിങ്ങുമായി ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനവും. ഇരു ടീമിലെ ബാറ്റര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു മത്സരത്തിലുടനീളം. എന്നാല്‍ ബാറ്റര്‍മാരുടെ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍ അക്സര്‍ പട്ടേല്‍ വേറിട്ട് നിന്നിരുന്നു.

മൊഹാലിയില്‍ നടന്ന കളിയില്‍ ഇന്ത്യക്ക് വിജയിക്കാനാവാതെ പോയത് താരങ്ങളെ മാത്രമല്ല ആരാധകരെയും നിരാശരാക്കിയിരിക്കുകയാണ്. ആദ്യ ടി20യിലെ ഇന്ത്യയുടെ പരാജയത്തിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അജയ് ജഡേജ.

ഈ മത്സരത്തില്‍ പ്രധാനമായും രണ്ടു പിഴവുകള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുണ്ടെന്നാണ് ജഡേജ പറഞ്ഞിരിക്കുന്നത്.

യുസ്വേന്ദ്ര ചഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ സാധാരണയായി ഉപയോഗിക്കുന്നതു പോലെയല്ല രോഹിത് ശര്‍മ ആദ്യ ടി-20യില്‍ ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

”ആ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അവര്‍ ആസൂത്രണം ചെയ്ത പദ്ധതികളുമായി ഇന്ത്യ മുന്നോട്ട് പോയി, അത് വിജയിച്ചില്ല. എവിടെയാണ് പിഴച്ചതെന്ന് മനസിലാക്കാന്‍ ശരിക്കും ബുദ്ധിമുട്ടാണ്, കാരണം ആ ഇന്നിങ്സിലുടനീളം ഞങ്ങള്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമായിരുന്നുവെന്ന് എനിക്ക് തെരഞ്ഞെടുക്കാനോ പറയാനോ കഴിയുന്നില്ല.

എങ്കിലും പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് പിഴവ് സംഭവിച്ചത്. ഒന്നാമത്തേത് ചഹലിന്റെ കാര്യത്തിലാണ്. കാരണം അറ്റാക്കിങ് ബൗളിങ് ഓപ്ഷനായിട്ടാണ് രോഹിത് അദ്ദേഹത്തെ ഉപയോഗിക്കാറുള്ളത്. രണ്ടാമത്തെ പിഴവ് ഹര്‍ഷല്‍ പട്ടേലിന്റെ കാര്യത്തിലാണ്. അവസാന ഓവറുകളിലാണ് അദ്ദേഹത്തിന്റെ പ്രകടനം നിര്‍ണായകമായി മാറുന്നത്,” ജഡേജ വ്യക്തമാക്കി.

ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ രണ്ടാം ടി-20 പോരാട്ടം വെള്ളിയാഴ്ച നാഗ്പൂരിലാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പര നിലനിര്‍ത്തേണ്ടതിനാല്‍ ഇന്ത്യക്ക് ഈ മത്സരം ഏത് വിധേനയും വിജയിച്ചേ മതിയാകൂ.

Content Highlight: Ajay Jadeja’s blunt reaction to India’s first T20 loss against Australia