ടി20 ലോകകപ്പില്‍ ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ബൗളര്‍മാരായിരുന്നു കളം നിറഞ്ഞാടിയത്. ഇരു ടീമിലെയും ബാറ്റര്‍മാര്‍ പിച്ചില്‍ റണ്ണെടുക്കാന്‍ പാടുപെട്ടു.
പവര്‍ പ്ലേയില്‍ തന്നെ ആദ്യ രണ്ട് വിക്കറ്റുകളും നഷ്ടപ്പെടുത്തിയ ഇന്ത്യ സ്‌കോറിങ്ങില്‍ പിന്നീട് വല്ലാതെ പരുങ്ങി. പവര്‍ പ്ലേക്ക് മുമ്പ് തന്നെ ഇന്ത്യയുടെ ഓപ്പണര്‍മാരെ മടക്കിയ പ്രോട്ടീസ് ബൗളര്‍മാര്‍ സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് തികയും മുമ്പ് തന്നെ അഞ്ച് വിക്കറ്റും സ്വന്തമാക്കിയിരുന്നു.
ഓപ്പണര്‍ കെ.എല്‍. രാഹുല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമ്പൂര്‍ണ പരാജയമായപ്പോള്‍ രോഹിത് ശര്‍മക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
14 പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായാണ് കെ.എല്‍. രാഹുല്‍ പുറത്തായത്. 14 പന്ത് നേരിട്ട് 15 റണ്‍സുമായി ലുങ്കി എന്‍ഗിഡിക്ക് വിക്കറ്റ് സമ്മാനിച്ച് രോഹിത് മടങ്ങുകയായിരുന്നു.
അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്ത് നിന്നത്. 40 പന്തില്‍ നിന്നും 68 റണ്‍സാണ് സ്‌കൈ സ്വന്തമാക്കിയത്.
134 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പ്രോട്ടീസിനും തുടക്കത്തില്‍ പാളിയിരുന്നു. 24 റണ്‍സെടുക്കുന്നതിനുള്ളില്‍ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. എന്നാല്‍ സമ്മദത്തിനിടയിലും വളരെ പക്വമായി ബാറ്റ് വീശി അര്‍ധ സെഞ്ച്വറികള്‍ നേടിയ ഏയ്ഡന്‍ മര്‍ക്രമും ഡേവിഡ് മില്ലറും പ്രോട്ടീസിന്റെ വിജയശില്‍പികളായി.
മര്‍ക്രം 41 പന്തില്‍ നിന്നും 52 റണ്‍സ് നേടി ഹര്‍ദിക് പാണ്ഡ്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ ഡേവിഡ് മില്ലര്‍ 46 പന്തില്‍ നിന്നും 59 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒടുവില്‍ സൗത്ത് ആഫ്രിക്ക അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ 134 എന്ന സ്‌കോര്‍ കുറിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ ഗ്രൂപ്പ് 2 പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും സൗത്ത് ആഫ്രിക്കക്കായി. മൂന്ന് മത്സരത്തില്‍ നിന്നും പരാജയമറിയാതെ എട്ട് പോയിന്റാണ് പ്രോട്ടീസിനുള്ളത്.
ഇപ്പോള്‍ മര്‍ക്രത്തിന്റെയും മില്ലറിന്റെയും പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. കൂട്ടത്തില്‍ മറ്റൊരു നിരീക്ഷണവും ജഡേജ പങ്കുവെച്ചു.
എത്ര സമ്മര്‍ദമുണ്ടെങ്കിലും മില്ലര്‍ ടെന്‍ഷനടിക്കാറില്ലെന്നും എതിര്‍ ടീം വരുത്തുന്ന പിഴവിനായി കാത്തിരിക്കുമെന്നും പറഞ്ഞ ജഡേജ ധോണിയാണ് ഈയൊരു രീതി ലോകത്തെ പഠിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി. അതുകാരണം ഇപ്പോള്‍ ഇന്ത്യ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേര്‍ത്തു. ക്രിക്ബസിനോടായിരുന്നു ജഡേജയുടെ പ്രതികരണം.
‘ഷോട്ടുകള്‍ അടിച്ചുകൂട്ടിയോ വേറെ എന്തെങ്കിലും ചെയ്തിട്ടോ അല്ല, കഴിഞ്ഞ ദിവസം നടന്ന മാച്ചില്‍ ഡേവിഡ് മില്ലര്‍ തന്റെ ഗെയിമിനെ അടുത്ത തലത്തിലേക്ക് കൊണ്ടുപോയത്. അവന്‍ വളരെ ശാന്തനായി നിന്ന് എതിര്‍ ടീം പിഴവ് വരുത്തുന്ന സമയത്തിന് വേണ്ടി കാത്തിരുന്നു. ‘നിങ്ങളൊരു മിസ്‌ടേക്ക് വരുത്ത്, ഞാനായിട്ട് ഒരു പിഴവും വരുത്തില്ല. ഞാന്‍ നല്ല ശ്രദ്ധിച്ച് തന്നെ കളിക്കും’ എന്ന മനോഭാവത്തിലായിരുന്നു മില്ലര്‍. മഹേന്ദ്ര സിങ് ധോണിയാണ് ബാക്കിയുള്ളവരെ ഇത് പഠിപ്പിച്ചത്. അതുകൊണ്ടിപ്പോള്‍ എന്തായി, നമുക്ക് നല്ല പണി കിട്ടി(ചിരിയോടെ),’ ജഡേജ പറഞ്ഞു.
Content Highlight: Ajay Jadeja makes a funny remark about Dhoni being the reason for India’s defeat against South Africa