20 ഓവര്‍ പോലും കളിക്കാന്‍ പറ്റുന്നില്ല; യു.എ.ഇയ്‌ക്കെതിരെ വിമര്‍ശനവുമായി അജയ് ജഡേജ
Sports News
20 ഓവര്‍ പോലും കളിക്കാന്‍ പറ്റുന്നില്ല; യു.എ.ഇയ്‌ക്കെതിരെ വിമര്‍ശനവുമായി അജയ് ജഡേജ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th September 2025, 8:41 pm

കഴിഞ്ഞ ദിവസം (ബുധന്‍) നടന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ യു.എ.ഇയ്‌ക്കെതിരെ വമ്പന്‍ വിജയമായിരുന്നു സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 4.3 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

ഇതോടെ മോശം പ്രകടനത്തിന്റെ പേരില്‍ യു.എ.ഇയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ രംഗത്ത് വന്നിരുന്നു. യു.എ.ഇ തങ്ങളുടെ ഇന്നിങ്സിനെ സമീപിച്ച രീതി ശരിയായിരുന്നില്ലെന്നും ടീമിന് 20 ഓവര്‍ പോലും കളിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇത്തരമൊരു വലിയ ടൂര്‍ണമെന്റില്‍ എട്ട് ടീമുകള്‍ കളിക്കേണ്ട ആവശ്യമുണ്ടോ എന്നും അദ്ദേഹം എടുത്തുപറഞ്ഞു.

‘ഇന്ത്യ മികച്ച ടീമാണ്. സൂര്യകുമാര്‍ യാദവിന്റെ ഈ ടീമിനെതിരെ യു.എ.ഇ ഒരു തരത്തിലും ബുദ്ധിമുട്ടിക്കില്ലെന്ന് അറിയാം. എന്നിരുന്നാലും യു.എ.ഇ അവരുടെ ഇന്നിങ്സിനെ സമീപിച്ച രീതി ശരിയായിരുന്നില്ല. അവര്‍ 20 ഓവര്‍ പോലും കളിച്ചില്ല. നമ്മള്‍ ഏഷ്യാ കപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എട്ട് ടീമുകള്‍ മത്സരത്തില്‍ കളിക്കണമോ എന്ന് ചിന്തിക്കേണ്ട സമയമാണിത്, കാരണം ഇതൊന്നും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. അവര്‍ കളിച്ച രീതി വളരെ മോശമായിരുന്നു.

അലിഷാന്‍ ഷരീഫുവും മുഹമ്മദ് വസീമും നന്നായി ബാറ്റ് ചെയ്തു. പക്ഷേ ബാക്കിയുള്ളവര്‍ നിരാശപ്പെടുത്തി. ആസിഫ് ഖാനും ഒരു നല്ല കളിക്കാരനാണ്, എന്നാല്‍ ഈ മൂന്നുപേരെ മാറ്റിനിര്‍ത്തിയാല്‍ യു.എ.ഇയ്ക്ക് ഒരു കഴിവുമില്ല. നമ്മള്‍ അവര്‍ക്കെതിരെ കളിക്കുകയും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുകയും ചെയ്താല്‍, അത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും, അടുത്ത മത്സരങ്ങളിലേക്ക് അത് കൊണ്ടുപോകാന്‍ കഴിയും,’ അജയ് ജഡേജ സോണി സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

അതേസമയം ഇന്ത്യയുടെ അടുത്ത മത്സരത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച പാകിസ്ഥാനെതിരെയുള്ള മത്സരം സെപ്റ്റംബര്‍ 14നാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വമ്പന്‍ പോരാട്ടത്തിനായിരിക്കും ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കുക.

Content Highlight: Ajay Jadeja Criticize Poor Performance Of UAE Against India