| Tuesday, 1st July 2025, 8:41 am

ആ സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ സംവിധായകന്റെ കാലില്‍ വീണു: ഐശ്വര്യ രാജേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയകാലം കൊണ്ട് മികച്ച നടിയായി ഉയര്‍ന്ന താരമാണ് ഐശ്വര്യ രാജേഷ്. വിവിധ ഭാഷകളിലായി വലിയ സിനിമകളുടെ ഭാഗമായിട്ടുള്ള ഐശ്വര്യ, സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘ജോമോന്റെ സുവിശേഷങ്ങള്‍’ലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. നിവിന്‍ പോളി നായകനായ സഖാവ് എന്ന ചിത്രത്തിലും നായികയായെത്തിയത് ഐശ്വര്യയാണ്.

ഇപ്പോള്‍ ധര്‍മ്മദുരൈ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ രാജേഷ്. സംവിധായകര്‍ സീനുരാമസ്വാമി ഇടംപൊരുള്‍ ഏവല്‍ എന്ന സിനിമയെടുത്തുവെന്നും അതില്‍ താനും പ്രവര്‍ത്തിച്ചിരുന്നുവെന്നും ഐശ്വര്യ പറയുന്നു. ഒരു ദിവസം അദ്ദേഹം വിളിച്ച് തന്നോട് ഒരു പതിനഞ്ച് ദിവസത്തെ ഡേറ്റ് ചോദിച്ചുവെന്നും കഥ പോലും അറിയാതെ താന്‍ ചെന്നെന്നും ഐശ്വര്യ പറഞ്ഞു.

അവിടെ എത്തിയെപ്പോഴാണ് ധര്‍മ്മദുരൈ എന്ന സിനിമയിലെ അന്‍പു ശെല്‍വി എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പേണ്ടതെന്ന് അറിഞ്ഞതെന്നും അപ്പോള്‍ താന്‍ അദ്ദേഹത്തിന്റെ കാലില്‍ വീണെന്നും നടി കൂട്ടിച്ചേര്‍ത്തു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ രാജേഷ്.

‘സംവിധായകര്‍ സീനുരാമസ്വാമി ഇടംപൊരുള്‍ ഏവല്‍ എന്ന ഒരു സിനിമയെടുത്തു. ആ സിനിമയില്‍ അദ്ദേഹത്തോടൊപ്പം ഞാന്‍ ജോലി ചെയ്തു. പിന്നീട് പെട്ടെന്നൊരു ദിവസം വിളിച്ചിട്ട് ‘മോളെ എനിക്ക് പതിനഞ്ച് ദിവസത്തെ ഡേറ്റ് വേണം’ എന്ന് പറഞ്ഞു. അദ്ദേഹം എന്നെ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് ട്രീറ്റ് ചെയ്യുക. അതുകൊണ്ട് അദ്ദേഹത്തോട് അങ്ങേയറ്റം ബഹുമാനവും സ്‌നേഹവുമാണെനിക്ക്.

അദ്ദേഹത്തോടുള്ള വിശ്വാസത്താല്‍ എന്താണ് കഥ എന്നുപോലും ചോദിക്കാതെ ഞാന്‍ നേരെ തേനിയിലേക്ക് പോയി. അവിടെ എത്തിയ ശേഷമാണ് എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ് വിശദീകരിച്ചത്. അത് കേട്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ വീണു. അത്രമാത്രം മനോഹരമായ കഥാപാത്രം. അതാണ് ധര്‍മ്മദുരൈ എന്ന സിനിമയിലെ അന്‍പു ശെല്‍വി എന്ന കഥാപാത്രം.

സത്യം പറഞ്ഞാല്‍ പുതിയ സംവിധായകര്‍, പുതിയ കഥാകൃത്തുക്കള്‍ ആരായിരുന്നാലും അവര്‍ കഥ പറയുന്ന രീതി, ആ കഥയില്‍ എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം ഇതൊക്കെ പരിഗണിച്ച് എന്റെ മനസിന് ഇഷ്ടപ്പെട്ടാല്‍ ഉടന്‍തന്നെ ആ വേഷം ഞാന്‍ ചെയ്യാന്‍ സമ്മതം പറയും,’ ഐശ്വര്യ രാജേഷ് പറയുന്നു.

Content Highlight: Aishwarya Rajesh Talks About Her Character In Dharma Durai

We use cookies to give you the best possible experience. Learn more