അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. മായനദി എന്ന സിനിമയിലെ അപ്പുവെന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായിരുന്ന നടി ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്.
സൂരി നായകനായ മാമനാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അമ്മു എന്ന തെലുങ്ക് സിനിമയെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. അമ്മു എന്ന സിനിമ തന്നോട് ഒരുപാടുപേര്‍ ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ടെന്ന് ഐശ്വര്യ പറയുന്നു.
‘തെലുങ്ക് സിനിമ വലിയൊരു കൊമേഴ്ഷ്യല്‍ സ്‌പേസാണ്. അവിടെ അത്തരമൊരു സിനിമ ചെയ്യുകയാണെങ്കില്‍ എന്നെ ഒരു കൊമേഴ്ഷ്യല്‍ ഹീറോയിന്‍ ആയി കരുതില്ല. നടിമാര്‍ അവരുടെ കരിയറിന്റെ അവസാനമാണ് സ്ത്രീപക്ഷ സിനിമകള്‍ ചെയ്യുക എന്നൊക്കെ പലരും പറഞ്ഞു. ആ സിനിമ ഗാര്‍ഹിക പീഡനത്തെക്കുറിച്ചാണ്.
അമ്മു എന്ന കഥാപാത്രം ചെയ്യാനായതില്‍ ഒരുപാട് സന്തോഷം. അതുപോലെയാണ് ‘ഗാട്ടാ കുസ്തി’ എന്ന സിനിമയും. സങ്കീര്‍ണമായ കഥാപാത്രങ്ങളാണ് എനിക്കിഷ്ടം. എന്നാല്‍, എന്റര്‍ടെയിന്‍മെന്റ് വാല്യൂ മനസിലായിട്ടാണ് ‘ഗാട്ടാ ഗുസ്തി’ തെരഞ്ഞെടുത്തത്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
സിനിമയിലേക്കുള്ള ഒരോരുത്തരുടെയും യാത്ര വ്യത്യസ്തമാണെന്നും തനിക്ക് സിനിമയിലെത്തുക എളുപ്പ മായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ആഗ്രഹിക്കുക പോലും ചെയ്യാതെ സിനിമയിലേക്ക് എത്തിയ ആളാണ് താനെന്നും അതൊക്കെ ഓരോരുത്തരുടെ ഭാഗ്യമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ വന്നതിനുശേഷമാണ് താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചതെന്നും എങ്കിലും ഇപ്പോഴും ക്യാമറയുടെ മുന്നില്‍ സ്റ്റക്ക് ആവാറുണ്ടെന്നും ഐശ്വര്യ പറയുന്നു. ചിലപ്പോള്‍ നല്ല കഥകള്‍ നമ്മളിലേക്ക് എത്താതെ വരാമെന്നും അപ്പോള്‍ നല്ല കഥകള്‍ തയ്യാറാക്കുക, അതിന്റെ ഭാഗമാവുക എന്നതാണ് നിലനില്‍പ്പിനായി ചെയ്യാവുന്ന കാര്യമെന്നും നടി പറഞ്ഞു.