Indian Movie
നമ്മൾ ഒരാളെ സ്നേഹിക്കുന്നുവെന്ന് കരുതി എല്ലാം സഹിക്കണമെന്നില്ല, മനസ്സിലാകുന്നില്ലെങ്കിൽ എക്സിറ്റ് സ്ട്രാറ്റജിയും ഉണ്ട്: ഐശ്വര്യ ലക്ഷ്മി
പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത് സൂരി, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ തമിഴ് ചിത്രം ‘മാമൻ’ റിലീസിന് പിന്നാലെ കുടുംബബന്ധങ്ങൾ, വിവാഹജീവിതത്തിലെ അതിരുകൾ, തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഒരു വിഭാഗം ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച ‘രേഖ’ എന്ന കഥാപാത്രത്തിനൊപ്പമായിരുന്നപ്പോൾ, മറ്റൊരു വിഭാഗം സൂരിയുടെ കഥാപാത്രമായ ‘ഇൻബ’യുടെയും കുടുംബത്തിന്റെയും നിലപാടിനെ പിന്തുണച്ചു. ചിത്രത്തിന് ലഭിച്ച ഈ വ്യത്യസ്ത പ്രതികരണങ്ങളെക്കുറിച്ച് തന്റെ നിലപാട് പങ്കുവെക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ജെ.എഫ്.ഡബ്ല്യു. ബിഞ്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഐശ്വര്യ ലക്ഷ്മി.photo.screen grab/youtube
‘മാമൻ’ ഒരു കോൺവെർസേഷൻ തുടങ്ങി വെച്ച സിനിമയാണ്. ഇന്ത്യൻ കുടുംബങ്ങളിൽ പേഴ്സണൽ ബൗണ്ടറിസ് വളരെ കുറവാണ്. വളരെ കുറച്ച് കുടുംബങ്ങൾ മാത്രമാണ് അത് പ്രാക്ടീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ‘മാമൻ’ സിനിമയിലൂടെ അത്തരമൊരു വിഷയത്തിൽ ഒരു കോൺവെർസേഷൻ എങ്കിലും തുടങ്ങാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു കോൺവെർസേഷൻ തുടങ്ങുമ്പോൾ പല പെർസ്‌പെക്ടീവുകളും ഉണ്ടാകും. ഒരാൾ ആ സിനിമ നല്ലതാണോ ചീത്തയാണോ എന്ന് വിലയിരുത്തുമ്പോൾ അതിൽ അവരുടെ ജഡ്ജ്മെന്റുകളും സ്വാഭാവികമായി വരും.
‘മാമൻ’ സിനിമയിൽ ഞാൻ അവതരിപ്പിച്ച രേഖ എന്ന കഥാപാത്രം ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്ന ഒരാളാണ്. കല്യാണത്തിന് താലി കെട്ടുന്ന സമയത്ത് ആദ്യം ആ കുട്ടിക്ക് താലി കെട്ടണം എന്ന് പറയുമ്പോൾ അവൾ അതിനോട് സഹകരിക്കുകയാണ് ചെയ്തത്. അത് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായിരുന്നു. അപ്പോൾ തന്നെ അവൾക്ക് പ്രശ്നമുണ്ടാക്കാമായിരുന്നു. പക്ഷേ അവൾ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. അങ്ങനെ സിനിമയിൽ പല സാഹചര്യങ്ങളിലും രേഖ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്.
ആളുകൾ മനസ്സിലാക്കേണ്ടത്, നമ്മൾ ഒരാളെ സ്നേഹിക്കുന്നു എന്ന കാരണത്താൽ എല്ലാം മിണ്ടാതെ സഹിക്കണം എന്നില്ല എന്നതാണ്. കാര്യങ്ങൾ തുറന്ന് സംസാരിക്കണം. അത് മനസ്സിലാകുന്നില്ലെങ്കിൽ അവിടെ ഒരു എക്സിറ്റ് സ്ട്രാറ്റജിയും ഉണ്ട്. ഈ ഒരു കോൺവെർസേഷൻ ‘മാമൻ’ സിനിമയിലൂടെ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. അതിനെ ഞാൻ സിനിമയുടെ വിജയമായിട്ടാണ് കാണുന്നത്.
നമ്മൾ അതിൽ നിന്ന് എന്താണ് ഇംപ്ലിമെന്റ് ചെയ്യുന്നത് എന്നത് വേറെ കാര്യമാണ്. കാരണം അത് നമ്മുടെ സമൂഹത്തിൽ വളരെ ആഴത്തിൽ വേരൂന്നിയ ഒരു കണ്ടീഷനിംഗ് ആണ്. അതൊക്കെ മാറാൻ സമയം എടുക്കും. ഞാനോ നിങ്ങളോ മാത്രം ശ്രമിച്ചാൽ കാര്യമില്ല. എന്റെ എഴുപത് വയസ്സുള്ള അച്ഛനെയും അമ്മയെയും എനിക്ക് മാറ്റാൻ കഴിയില്ല. അതുപോലെ നൂറുകണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ചില ആചാരങ്ങളും ചിന്താരീതികളും മാറാനും സമയം വേണ്ടിവരും.
പക്ഷേ ഇത്തരത്തിലുള്ള സിനിമകളും കഥാപാത്രങ്ങളും കുറഞ്ഞത് അത്തരമൊരു കോൺവെർസേഷനെങ്കിലും തുടങ്ങാൻ സഹായിക്കും. ‘മാമനി’ലെ രേഖ എന്ന കഥാപാത്രത്തിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ, താലി കുട്ടിക്ക് കെട്ടണം എന്ന് പറഞ്ഞ ആ നിമിഷം തന്നെ ഞാൻ പ്രതികരിച്ചേനേ. എന്നാൽ അത് വഴക്കുണ്ടാക്കുന്ന രീതിയിലല്ല, വളരെ വ്യക്തമായി എന്റെ നിലപാട് പറയുമായിരുന്നു. കാരണം ഞാൻ എന്റെ സന്തോഷത്തിന് പ്രയോറിറ്റി നൽകുന്ന ആളാണ്. പക്ഷേ രേഖ അങ്ങനെയല്ല. അവൾ അവിടെ ഒരു ബൗണ്ടറി സെറ്റ് ചെയ്തില്ല.
അതേസമയം, ആ സിനിമയിലെ ആ കുടുംബത്തിന്റെ വൈകാരികാവസ്ഥയും നമ്മൾ മനസ്സിലാക്കണം. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആ കുടുംബത്തിൽ ഒരു കുഞ്ഞ് ജനിക്കുന്നത്. അതുകൊണ്ട് തന്നെ അവർ വൈകാരികമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നമ്മുടെ ഇന്ത്യൻ കുടുംബങ്ങളും പൊതുവേ വളരെ ഇമോഷണലാണ്. സ്വാസിക അവതരിപ്പിച്ച അമ്മയുടെ കഥാപാത്രത്തിനും ആ വൈകാരികതയുണ്ട്. ഐ.വി.എഫ് ഉൾപ്പെടെ ചികിത്സ നടത്തിയിട്ടും കുട്ടികളില്ലാത്ത സുഹൃത്തുക്കൾ എനിക്കുണ്ട്. അതുകൊണ്ടുതന്നെ ആ സിനിമയിലെ കഥാപാത്രങ്ങളെ വിലയിരുത്തുമ്പോൾ ഈ സാഹചര്യങ്ങൾ എല്ലാം മനസ്സിലാക്കണം.
അതുകൊണ്ട് ‘മാമൻ’ പേർസണൽ ബൗണ്ടറിസ് എന്ന വിഷയത്തിൽ ഒരു കോൺവെർസേഷൻ തുടങ്ങിവെച്ച സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നു,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

മാമൻ.photo.oneindia
Content Highlight: Aishwarya Lekshmi talks about Maaman movie
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം