യോജിച്ച പങ്കാളിയെ കിട്ടിയില്ലെങ്കില്‍ സിംഗിളായി തുടരുന്നത് തന്നെയാണ് നല്ലതെന്ന് നടി ഐശ്വര്യ ലക്ഷ്മി. നമ്മുടെ വ്യക്തിത്വത്തെ മറ്റൊരാള്‍ക്കുവേണ്ടി മാറ്റരുതെന്നും സിംഗിള്‍ ആവുമ്പോഴും റിലേഷന്‍ഷിപ്പില്‍ ആവുമ്പോഴും വ്യക്തിത്വം വിട്ടുകളയരുതെന്നും നടി പറഞ്ഞു. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു താരം.
‘ജീവിതം മറ്റുള്ളവരുടെ കൈകളിലല്ല. പലപ്പോഴും നാം മറ്റുള്ളവരുടെ അഭിപ്രായത്തെ ഭയന്നാണ് ജീവിക്കുക. ചെയ്യുന്ന കാര്യങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുന്നുണ്ടോ എന്ന് എപ്പോഴും ചിന്തിക്കണം. ബഹുമാനം കുറയുകയാണ് എന്ന് തോന്നുന്ന ഇടങ്ങളില്‍ നില്‍ക്കാതിരിക്കുക.
നമ്മെ സഹായിക്കാനും മോട്ടിവേറ്റ് ചെയ്യാനും മോശം സാഹചര്യങ്ങളില്‍ നിന്ന് കരകയറ്റാനുമൊക്കെ നമുക്ക് നമ്മളേ കാണൂ. ഞാന്‍ എവിടെ നിന്നോ കേട്ടതാണ്, എട്ട് വയസുള്ള എനിക്കും 80 വയസുള്ള എനിക്കും ഒരുപോലെ ശരിയെന്ന് തോന്നുന്നതേ ചെയ്യാവൂ എന്ന്. ഞാന്‍ ജീവിതത്തില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് വളര്‍ച്ചയ്ക്കാണ്. നമുക്ക് ഏതെങ്കിലുമൊരു രീതിയില്‍ വളര്‍ച്ചയുണ്ടാവണം,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
തനിക്ക് ആത്മാവബോധമുണ്ടെന്നും തന്റെ ഏറ്റവും വലിയ ശക്തി അതാണെന്നും നടി പറയുന്നു. സ്വയം ഉയരാനുള്ള ഇടം കണ്ടെത്താന്‍ ശ്രമിക്കുമെന്നും ജീവിതവും വ്യക്തി ജീവിതവും ആരോഗ്യകരമായി കൊണ്ടുപോകണമെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
തെന്നിന്ത്യയിലെമികച്ച നടിമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കെത്തി. മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കരിയറില്‍ ബ്രേക്ക്ത്രൂ ആയതിന് ശേഷം തമിഴിലും സജീവമായി നിലനില്‍ക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമാകുന്ന താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഹലോ മമ്മിയാണ്. സമീപകാലത്ത് മലയാളത്തില്‍ ചെയ്ത കിങ് ഓഫ് കൊത്തയുള്‍പ്പെടെയുള്ള ഐശ്വര്യയുടെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. സൂരി നായകനായ മാമനാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Content Highlight: Aishwarya Lekshmi says it’s best to remain single if you can’t find a suitable partner