| Tuesday, 24th June 2025, 10:12 pm

കാശിനോട് യാതൊരു താത്പര്യവുമില്ലാത്ത നടി, എല്ലാ പെണ്‍കുട്ടികള്‍ക്കും അവര്‍ ഇന്‍സ്പിറേഷനാണ്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കെത്തി. മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കരിയറില്‍ ബ്രേക്ക്ത്രൂ ആയതിന് ശേഷം തമിഴിലും സജീവമായി നിലനില്‍ക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളായ സായ് പല്ലവിയെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. തനിക്ക് ഒരുപാട് ഇഷ്ടമുള്ളയാളാണ് സായ് പല്ലവിയെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. താനടക്കം പല പെണ്‍കുട്ടികള്‍ക്കും അവര്‍ ഒരു പ്രചോദനമാണെന്നും പല നിലപാടുകളും കണ്ട് തനിക്ക് ബഹുമാനം തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ നിലപാട് തനിക്ക് ഒരുപാട് ഇഷ്ടമായെന്നും നടി പറയുന്നു. ഒരു പരസ്യത്തിലും സായ് പല്ലവിയെ കാണാന്‍ സാധിക്കില്ലെന്നും ഉദ്ഘാടന ചടങ്ങുകള്‍ക്കൊന്നും അവര്‍ പങ്കെടുക്കാറില്ലെന്നും ഐശ്വര്യ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യം പറഞ്ഞത്.

‘സായ് പല്ലവി എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ്. എനിക്ക് മാത്രമല്ല, എല്ലാ പെണ്‍കുട്ടികള്‍ക്കും അവരെ ഒരുപാട് ഇഷ്ടമാണ്. അത് സിനിമയുടെ കാര്യത്തില്‍ മാത്രമല്ല, റിയല്‍ ലൈഫില്‍ സായ് എടുക്കുന്ന നിലപാടുകളെല്ലാം നമുക്ക് മാതൃകയാക്കാന്‍ കഴിയുന്നവയാണ് ഫെയര്‍നെസ്സ് പ്രൊഡക്ടുകളുമായി സഹകരിക്കില്ലെന്ന് പറഞ്ഞത് വളരെ വലിയൊരു മുന്നേറ്റമാണ്.

അതുപോലെ അവരെ ഒരു പരസ്യത്തിലും കാണാന്‍ സാധിക്കില്ല. ഉദ്ഘാടനത്തിന് പോകാറില്ല. സിനിമയില്‍ മാത്രമേ സായ് പല്ലവിയെ കാണാന്‍ സാധിക്കുള്ളൂ. കാശിനോട് യാതൊരു താത്പര്യവും കാണിക്കാത്ത നടിയാണ് അവര്‍. വേണമെങ്കില്‍ ഒരുപാട് ആഭരണങ്ങളൊക്കെ അണിഞ്ഞ് എല്ലായിടത്തും പോകാം. അതൊന്നും ചെയ്യാതെ സിമ്പിളായി നടക്കുന്ന നടിയാണ് സായ് പല്ലവി,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് സിനിമാലോകത്തേക്കെത്തിയത്. ആദ്യചിത്രത്തിലൂടെ ശ്രദ്ധേയയായ സായ് പല്ലവി പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഇന്ത്യന്‍ സിനിമ കണ്ട ബ്രഹ്‌മാണ്ഡ പ്രൊജക്ടായ രാമായണയിലും സായ് പല്ലവിയുടെ സാന്നിധ്യമുണ്ട്.

Content Highlight: Aishwarya Lekshmi about Sai Pallavi’s off screen attitude

We use cookies to give you the best possible experience. Learn more