സി.ജെ.പിയുടെ സെപ്റ്റംബര്‍ അഞ്ചിലെ പ്രതിഷേധ മാര്‍ച്ചിനെ പിന്തുണക്കുന്നതായി ഐസ
India
സി.ജെ.പിയുടെ സെപ്റ്റംബര്‍ അഞ്ചിലെ പ്രതിഷേധ മാര്‍ച്ചിനെ പിന്തുണക്കുന്നതായി ഐസ
റെന്വര്‍ പി
Wednesday, 26th August 2026, 5:41 pm

ന്യൂദല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി സെപ്റ്റംബര്‍ അഞ്ചിന് ദല്‍ഹിയില്‍ നടത്താന്‍ തീരുമാനിച്ച പ്രതിഷേധ മാര്‍ച്ചിന് പിന്തുണയുമായി ഐസ. ജൂലൈ 25ന് പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെതിരെയാണ് സി.ജെ.പി സെപ്റ്റംബര്‍ അഞ്ചിന് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്നും പ്രതിഷേധങ്ങള്‍ക്കെതിരെയുണ്ടായ പെല്ലറ്റ് ഗണ്‍ ആക്രമണം അടക്കമുള്ള പൊലീസ് അതിക്രമങ്ങളില്‍ അന്വേഷണം നടത്തണമെന്നും അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സി.ജെ.പി സെപ്റ്റംബര്‍ അഞ്ചിന് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ പ്രതിഷേധത്തെ പിന്തുണക്കുന്നതായി ഐസ പ്രസിഡന്റ് നേഹ ബോറ പറഞ്ഞു.

യുവജന പ്രക്ഷോഭത്തിന് കാരണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും അത് പാലിക്കപ്പെട്ടിട്ടില്ലെന്നും നേഹ ബോറ റാഞ്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘സര്‍ക്കാര്‍ എല്ലാ കേസുകളും പൂര്‍ണ്ണമായും പിന്‍വലിക്കണം. പെല്ലറ്റ്, ബുള്ളറ്റ് എന്നിവ ഉപയോഗിച്ചുള്ള വെടിവയ്പ്പിനെക്കുറിച്ച് അന്വേഷണം നടത്തണം. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും തയ്യാറാകണം,’ ബോറ പറഞ്ഞു.

‘ഇത് ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഒരു വിഷയമാണെന്ന് ഐസ മനസിലാക്കുന്നു. കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. പക്ഷേ ഇപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നു. അത് ഒരു പ്രധാന പ്രശ്‌നമാണ്,’ അവര്‍ പറഞ്ഞു.

ഈ സര്‍ക്കാര്‍ അവരുമായി സംഭാഷണം നടത്തുന്നത് പ്രയാസകരമാക്കി തീര്‍ത്തതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും തെരുവിലിറങ്ങേണ്ടി വന്നതെന്നും നേഹ ബോറ ചൂണ്ടിക്കാട്ടി. കേള്‍ക്കാന്‍ വിസമ്മതിക്കുന്ന ഈ സര്‍ക്കാരില്‍ നിന്ന് ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ഏതൊരു ജനാധിപത്യ, മതേതര, പുരോഗമന പ്രക്ഷോഭത്തിനോ പ്രതിഷേധത്തിനും ഒപ്പം തങ്ങളുണ്ടെന്നും നേഹ ബോറ പറഞ്ഞു.

നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ സെപറ്റംബര്‍ അഞ്ചിന്റെ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ജൂലൈയില്‍ പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങള്‍ നേരിട്ടവരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും സി.ജെ.പി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നീറ്റ് ക്രമക്കേടിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്ന് നേഹ ബോറ പറഞ്ഞു.ഈ സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ ബാധിച്ചവര്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അത് അവരുടെ മനുഷ്യത്വമില്ലായ്മയാണ് വ്യക്തമാക്കുകയെന്നും നേഹ വ്യക്തമാക്കി.

സി.ജെ.പി പ്രഖ്യാപിച്ച പുതിയ സമരത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികരണം എന്താവുമെന്ന് പ്രവചിക്കാനാവില്ലെന്നും നേഹ ബോറ പറഞ്ഞു. ‘ഒരു ജനാധിപത്യ ഭരണകൂടം തങ്ങളുമായി സംഭാഷണം നടത്താന്‍ വരുന്ന ആളുകള്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കുകയാണ് വേണ്ടത്. പക്ഷേ ഈ സര്‍ക്കാരിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല,’ അവര്‍ പറഞ്ഞു.

അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യ ഗേറ്റില്‍ നിന്ന് ആരംഭിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് അവസാനിക്കുന്ന തരത്തിലാണ് സി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച്. തിങ്കളാഴ്ച ചേര്‍ന്ന സി.ജെ.പി ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. ജൂലൈ 25ന് പ്രതിഷേധം അവസാനിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് സി.ജെ.പി ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ദല്‍ഹി ജന്തര്‍ മന്ദറില്‍ 36 ദിവസമായി നടത്തിയിരുന്ന പ്രതിഷേധം കഴിഞ്ഞ മാസം 25ന് അവസാനിപ്പിച്ചിരുന്നു. ധര്‍മേന്ദ്രപ്രധാന്റെ രാജിക്ക് പുറമെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറ്റ് ഉറപ്പുകള്‍ കൂടി പരിഗണിച്ചായിരുന്നു പ്രതിഷേധം നിര്‍ത്താന്‍ സി.ജെ.പി തയ്യാറായത്.

നീറ്റ് പരീക്ഷാ ക്രമക്കേട് കാരണം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നത് അടക്കമുള്ള പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിക്കാമെന്ന് കേന്ദ്രം അന്ന് ഉറപ്പ് നല്‍കിയിരുന്നു. ദല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കണമെന്നും പുതിയ കേസുകളെടുക്കരുതെന്നുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

ജൂലൈ 25 ന് ഇന്ത്യയിലെ യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരായ എഫ്.ഐ.ആര്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കാലതാമസം വരുത്തുകയും ഒഴിഞ്ഞുമാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമാധാനപരമായ പ്രക്ഷോഭങ്ങള്‍ പുനരാരംഭിക്കാന്‍ ദേശീയ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചതായി സി.ജെ.പി അറിയിച്ചിരുന്നു.

Content Highlight: AISA backs CJP’s September 5 Delhi march, demands justice for students and firing probe

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.