ലക്ഷ്യം ഹിന്ദു സമൂഹത്തെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കല്‍: അയോധ്യ കേസില്‍ പ്രതിപക്ഷത്തെ ചോദ്യം ചെയ്യണമെന്ന വി.എച്ച്.പി ആവശ്യത്തിനെതിരെ കോണ്‍ഗ്രസ്
India
ലക്ഷ്യം ഹിന്ദു സമൂഹത്തെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കല്‍: അയോധ്യ കേസില്‍ പ്രതിപക്ഷത്തെ ചോദ്യം ചെയ്യണമെന്ന വി.എച്ച്.പി ആവശ്യത്തിനെതിരെ കോണ്‍ഗ്രസ്
നിഷാന. വി.വി
Monday, 6th July 2026, 8:02 am

 

ന്യൂദല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഹിന്ദു സമൂഹത്തെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്.

അയോധ്യ ക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും തെളിവുകള്‍ ഹാജാരാക്കാന്‍ ആവശ്യപ്പെടണമെന്നും കാണിച്ച് വി.എച്ച്.പി അയോധ്യ പൊലീസിന് കത്ത് നല്‍കിയതിന് പിന്നാലൊയയിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.

‘സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഹിന്ദു സമൂഹത്തെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുക എന്നതാണ് സംഘടനയുടെ ഏക ലക്ഷ്യം,’ കോണ്‍ഗ്രസ് മേധാവി പവന്‍ ഖേര പറഞ്ഞു.

അയോധ്യയിലെ ക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളും തെളിവുകളും ദിനം പ്രതി പുറത്ത് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് വലിയ രീതിയിലുള്ള മോഷണം നടക്കുമ്പോള്‍ മറുവശത്ത് പ്രതിപക്ഷത്തോട് തെളിവ് ചോദിക്കുന്നത് കള്ളന്മാരെ പിടികൂടാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണെന്നും ഖേര പറഞ്ഞു.

ഹിന്ദുക്കളുടെ പേര് പറഞ്ഞ് വോട്ട് ബാങ് രാഷ്ട്രീയവും പണപ്പിരിവും നടത്തുന്നത് വി.എച്ച്.പി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി , ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാള്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വി.എച്ച്.പി പൊലീസിന് കത്ത് നല്‍കിയത്.

പ്രതിപക്ഷ നേതാക്കളെ നേരിട്ട് വിളിച്ചുവരുത്തി അവര്‍ ഉന്നയിച്ച ആരോപണങ്ങളുടെ യഥാര്‍ത്ഥ ഉറവിടം, വസ്തുതാപരമായ അടിസ്ഥാനം, അവരുടെ പക്കലുള്ള രേഖകള്‍ എന്നിവ ഹാജരാക്കാന്‍ ആവശ്യപ്പെടണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ കാണുമ്പോള്‍ അവര്‍ക്ക് അന്തര്‍ധാരകളെക്കുറിച്ച് കൃത്യമായി വിശ്വസിക്കേണ്ടി വരുമെന്നും വി.എച്ച്.പി നേതാവ് അലോക് കുമാര്‍ പറഞ്ഞു.

അന്വേഷണം സുതാര്യവും നിഷ്പക്ഷവുമായി പൂര്‍ത്തിയാക്കാന്‍ ഇവരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും നേതാക്കള്‍ നല്‍കുന്ന തെളിവുകള്‍ യഥാര്‍ത്ഥ വസ്തുത കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, യാതൊരുവിധ തെളിവുകളുമില്ലാതെ സമൂഹത്തില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തിയ വ്യാജമായ ‘വന്യമായ ആരോപണങ്ങള്‍’ മാത്രമാണ് ഇതെങ്കില്‍ ഇവര്‍ക്കെതിരെ ഇന്ത്യന്‍ നിയമപ്രകാരം കടുത്ത നടപടിയെടുക്കണമെന്നും ആര്‍ക്കും വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ച് നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവാദമില്ലെന്നും വി.എച്ച്.പി പറഞ്ഞു.

Content Highlight: Aim is to emotionally mislead the Hindu community: Congress opposes VHP’s demand to question the opposition over the Ayodhya case.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.