ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് മൂന്നാം ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ ജൂൺ 11നാണ് അവസാന പോരാട്ടം നടക്കുക.
ലോർഡ്സിലെ വിഖ്യാത സ്റ്റേഡിയത്തിൽ തങ്ങളുടെ പതിനൊന്നാം കിരീടം തേടിയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സൗത്ത് ആഫ്രിക്കയെ നേരിടുമ്പോൾ ചാമ്പ്യൻഷിപ്പിലെ രണ്ടാം കിരീടം തന്നെയാണ് പാറ്റ് കമ്മിൻസിന്റെ സംഘത്തിന്റെ ലക്ഷ്യം.
The final leg to Lord’s has begun! 🏟️
From grit to glory, it’s all been leading to this final test of character.
അതേസമയം, ലോക വേദികളിലെ ആദ്യ കിരീടമാണ് സൗത്ത് ആഫ്രിക്കയുടെ ഉന്നം. പലപ്പോഴും ഐ.സി.സി ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിലും കിരീടത്തിനരികിൽ കാലിടറിയ ടീമാണ് സൗത്ത് ആഫ്രിക്ക. ചോക്കേഴ്സ് എന്ന വിളിപ്പേര് മാറ്റാനാണ് ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുന്നത്.
ഇപ്പോൾ ഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുമ്പോൾ പഴയ തോൽവികളെ കുറിച്ച് ഓർക്കുന്നില്ലെന്ന് പറയുകയാണ് സൗത്ത് ആഫ്രിക്കൻ ഓപ്പണർ എയ്‌ഡൻ മാർക്രം. ഇപ്പോഴത്തെ ടീം വ്യത്യസ്തമാണെന്നും കിരീടം നേടാൻ ഒരു അവസരം കൂടി ലഭിച്ചുവെന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും താരം പറഞ്ഞു.
‘ഈ ടീം കുറച്ച് വ്യത്യസ്തമാണ്. ഞങ്ങളിൽ കുറച്ച് പേർ കഴിഞ്ഞ ടി – 20 വേൾഡ് കപ്പ് ടീമിലെ ഭാഗമായിരുന്നു. ഞങ്ങൾ അതിലെ റിസൾട്ടിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. ഞങ്ങൾ ഇതിനെ കുറിച്ച് പരസ്പരം സംസാരിച്ചിരുന്നു. എല്ലാവരും അന്നത്തെ നിരാശകളെ കുഴിച്ച് മൂടുകയും പാഠങ്ങൾ പഠിക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാത്തിനുമപരി കിരീടം നേടാൻ ഒരു അവസരം കൂടി ലഭിച്ചുവെന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അത് ആവേശം നൽകുന്നു. ഞങ്ങൾ എല്ലാവരുടെയും മനസിൽ അതുമാത്രമാനുള്ളത്,’ മാർക്രം പറഞ്ഞു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയാണ് സൗത്ത് ആഫ്രിക്ക കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 12 മത്സരത്തിൽ നിന്നും എട്ട് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമായി 100 പോയിന്റാണ് പ്രോട്ടിയാസിനുണ്ടായിരുന്നത്. 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളിൽ ഒന്നാമതെത്തിയത്.
19 മത്സരത്തിൽ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് പേർസെന്റേജോടെയാണ് ഓസ്ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്.
ക്യാപ്റ്റൻ തെംബ ബാവുമയ്ക്കൊപ്പം റിയാൻ റിക്കൽടൺ, മാർക്കോ യാൻസെൻ, കഗീസോ റബാദ തുടങ്ങി മികച്ച താരനിരയാണ് സൗത്ത് ആഫ്രിക്കയ്ക്കൊപ്പമുള്ളത്. അതേസമയം ഓസ്ട്രേലിയയാകട്ടെ പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസിയിൽ ടെസ്റ്റ് ഫോർമാറ്റിലെ രാജപദവി നിലനിർത്താനാണ് ഒരുങ്ങുന്നത്.