ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് തെംബ ബാവുമയുടെ സൗത്ത് ആഫ്രിക്ക കിരീടമണിഞ്ഞിരുന്നു. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന കിരീടമാണ് ലോര്‍ഡ്‌സില്‍ പ്രോട്ടിയാസ് ശിരസിലണിഞ്ഞത്.
മത്സരത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി നേടുകയും തെംബ ബാവുമയ്‌ക്കൊപ്പം നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്ത സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമാണ് ചെയ്‌സിങ്ങില്‍ പ്രോട്ടിയാസിന്റെ വിജയശില്‍പിയായത്.
ഇപ്പോള്‍ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് മര്‍ക്രം. 2024 ടി-20 ലോകകപ്പ് പരാജയത്തിന് പിന്നാലെ ഏറെ സങ്കടമുണ്ടായെന്നും എന്നാല്‍ ഇത്തവണ അങ്ങനെ സങ്കടപ്പെടില്ല എന്ന് തീരുമാനിച്ചുവെന്നും മര്‍ക്രം പറയുന്നു. ഇന്ത്യയ്‌ക്കെതിരായ ഫൈനല്‍ പരാജയമാണ് വിജയിക്കാന്‍ പ്രചോദനമായതെന്നും മര്‍ക്രം കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ ദിവസം ടി-20 ലോകകപ്പിലെ പരാജയത്തെ കുറിച്ച് ഞാന്‍ വളരെയധികം ചിന്തിച്ചു. പുറത്തായതിന് പിന്നാലെ എല്ലാ പ്രതീക്ഷയുമറ്റ് ഒന്നും ചെയ്യാന്‍ സാധിക്കാതെ ഇരുന്നതിനെ കുറിച്ചെല്ലാം ചിന്തിച്ചു. എന്നാല്‍ ഒരിക്കല്‍ക്കൂടി അത്തരത്തില്‍ പ്രതീക്ഷയറ്റ് ഇരിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല.
ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇത് എനിക്ക് പ്രചോദനമായി. ഒരിക്കല്‍പ്പോലും ഇതിനൊപ്പമുള്ള നേട്ടങ്ങളെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. എല്ലാ തവണയും വിജയിക്കാന്‍ ശ്രമിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം,’ മര്‍ക്രമിന്റെ വാക്കുകളെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
2024 ടി-20 ലോകകപ്പില്‍ ഏഴ് റണ്‍സിന് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്. 2013ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ കിരീടമായിരുന്നു അത്.
ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 169ന് പുറത്തായി.
മര്‍ക്രമിന്റെ ക്യാപ്റ്റന്‍സിയിലാണ് സൗത്ത് ആഫ്രിക്ക ഫൈനലിനിറങ്ങിയത്. എന്നാല്‍ ക്യാപ്റ്റന് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. അഞ്ച് പന്ത് നേരിട്ട മര്‍ക്രം വെറും നാല് റണ്‍സ് നേടി മടങ്ങി.
27 പന്തില്‍ 52 റണ്‍സ് നേടിയ ഹെന്‌റിക് ക്ലാസന്റെ കരുത്തില്‍ പൊരുതിയെങ്കിലും സൗത്ത് ആഫ്രിക്കയ്ക്ക് വിജയിക്കാന്‍ മാത്രം സാധിച്ചില്ല.
എന്നാല്‍ ടി-20 ലോകകപ്പിനേക്കാള്‍ പ്രധാന്യമുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീമിന്റെ നെടുംതൂണാകാന്‍ മര്‍ക്രമിന് സാധിച്ചുവെന്നത് കാലം കാത്തുവെച്ച മറ്റൊരു കാവ്യനീതി.
Content Highlight: Aiden Markram about winning World Test Championship