ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ മിക്ക പ്രൊഫഷണൽ ജോലികളിലും എ.ഐ മനുഷ്യന്റെ പ്രവർത്തനക്ഷമതയ്ക്ക് ഒപ്പമെത്തുമെന്ന് മൈക്രോസോഫ്റ്റ് എ.ഐ ചീഫ് എക്സിക്യൂട്ടീവ് മുസ്തഫ സുലൈമാൻ. ഫിനാൻഷ്യൽ ടൈംസുമായി നടത്തിയ അഭിമുഖത്തിലാണ് സുലൈമാൻ ഈ കാര്യം വ്യക്തമാക്കിയത്.
ഇതോടെ അഭിഭാഷകർ, അക്കൗണ്ടന്റുമാർ, മാർക്കറ്റിംഗ് വിദഗ്ധർ, പ്രോജക്ട് മാനേജർമാർ എന്നിവരുൾപ്പെടെയുള്ളവർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വൈറ്റ് കോളർ ജോലികൾ ഓട്ടോമേഷനിലേക്ക് മാറുന്നതിനെക്കുറിച്ച് കഴിഞ്ഞവർഷം തുടക്കത്തിൽ തന്നെ വിവിധ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകൾ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു ഈ പ്രവചനത്തോടെ ഇത്തരം ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.
മൈക്രോസോഫ്റ്റ് എ.ഐ ചീഫ് എക്സിക്യൂട്ടീവിന്റെ അഭിപ്രായപ്രകാരം പ്രൊഫഷണൽ ജോലികൾ അടക്കം മിക്ക ജോലികളിലും മനുഷ്യന്റെ പ്രവർത്തന ക്ഷമത ഒരു വർഷത്തിനുള്ളിൽ എ.ഐയ്ക്ക് കൈവരിക്കാനാകും. അക്കൗണ്ടിംഗ്, നിയമം, മാർക്കറ്റിംഗ്, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ ഭീഷണിയുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
കംപ്യൂട്ടേഷണൽ പവറിൽ ഉണ്ടാകുന്ന വൻതോതിലുള്ള വളർച്ചയാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി മൈക്രോസോഫ്റ്റ് എ.ഐ ചീഫ് ചൂണ്ടിക്കാണിക്കുന്നത്.
പ്രൊസസിംഗ് ശേഷി വർധിക്കുന്നതോടെ മിക്ക പ്രോഗ്രാമർമാരേക്കാളും മികച്ച രീതിയിൽ കോഡ് തയ്യാറാക്കാൻ എ.ഐ മോഡലുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് നിരവധി പ്രൊഫഷനുകളിലും ഇത് വലിയ തോതിലുള്ള പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരു പുതിയ എ.ഐ മോഡൽ നിർമ്മിക്കുക എന്നത് ഒരു പോഡ്‌കാസ്റ്റ് ചെയ്യുന്നതോ അല്ലെങ്കിൽ ഒരു ബ്ലോഗ് എഴുതുന്നതോ പോലെ ലളിതമായിരിക്കും,’ അദ്ദേഹം പറഞ്ഞു.
ലോകത്തെ ഓരോ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്ക് പോലും തങ്ങൾക്കാവശ്യമായ എ.ഐ മോഡലുകൾ നിർമിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: AI will surpass humans in professional jobs within a year : Microsoft AI chief executive