റീമേക്കിന് പുറമെ ജന നായകന്‍ ട്രെയ്‌ലറില്‍ എ.ഐ വാട്ടര്‍ മാര്‍ക്കും; സ്വന്തമായി എന്തെങ്കിലും ഉണ്ടോ എന്ന് ആരാധകര്‍
Indian Cinema
റീമേക്കിന് പുറമെ ജന നായകന്‍ ട്രെയ്‌ലറില്‍ എ.ഐ വാട്ടര്‍ മാര്‍ക്കും; സ്വന്തമായി എന്തെങ്കിലും ഉണ്ടോ എന്ന് ആരാധകര്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 4th January 2026, 10:02 am

ജനുവരി ഒമ്പതിന് ഇറങ്ങാനിരിക്കുന്ന വിജയ് യുടെ ജന നായകന്റെ ഓരോ അപ്‌ഡേഷനും വലിയ ആവേശത്തോടെയാണ് പ്രേക്ഷര്‍ സ്വീകരിക്കുന്നത്. മലേഷ്യയില്‍ നടന്ന ഓഡിയോ ലോഞ്ചിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും വന്‍ വരവേല്‍പാണ് ലഭിച്ചത്.

ഇന്നലെ വൈകീട്ടോടെ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് പുറത്തുവിട്ട ട്രെയ്‌ലര്‍ ഇതിനോടകം തന്നെ യൂട്യബില്‍ മാത്രം രണ്ടരക്കോടിയിലധികം പേരാണ് കണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ട്രെയ്‌ലറില്‍ സ്പ്ലിറ്റ് സെക്കന്റില്‍ വന്നു പോകുന്ന ഗൂഗിള്‍ ജെമിനിയെന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയുടെ വാട്ടര്‍ മാര്‍ക്കാണ് പ്രേക്ഷകര്‍ കണ്ടുപിടിച്ച് ചര്‍ച്ചയാക്കിയിരിക്കുന്നത്.

Photo: screen grab/ kvn productions/ youtube.com

സമൂഹിക മാധ്യമമായ എക്‌സിലെ സിനിമാ പേജുകളാണ് ചിത്രത്തിലെ എ.ഐ വാട്ടര്‍ മാര്‍ക്ക് കണ്ടു പിടിച്ചിരിക്കുന്നത്. എന്തായാലും ഒരു മൂന്നാംകിട സിനിമയുടെ റീമേക്കാണ് ചിത്രമെന്നും അതിന് പുറമെ എ.ഐ കൂടെ ഉപയോഗിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ട്രെയിലറിലെ ഭാഗങ്ങള്‍ എക്‌സില്‍ പങ്കു വെച്ചത്.

ട്രെയ്‌ലറിന്റെ ഇരുപത്തിമൂന്നാം സെക്കന്റില്‍ വിജയ് തോക്ക് റീലോഡ് ചെയ്യുന്ന ക്ലോസ് അപ്പ് ഷോട്ടിലാണ് ജെമിനിയുടെ വാട്ടര്‍ മാര്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നത്. എ.ഐ ഉപയോഗിച്ചുള്ള ഷോട്ട് എടുത്തിട്ടും വാട്ടര്‍ മാര്‍ക്ക് മായ്ക്കാനുള്ള മര്യാദ പോലും അണിയറപ്രവര്‍ത്തകര്‍ കാണിച്ചില്ലെന്നും 33 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്ന ദളപതിക്ക് ബാലയ്യ പടത്തിന്റെ റീമേക്കും എ.ഐ ഷോട്ടുകളുമാണ് വിധിച്ചിട്ടുള്ളതുമെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

അതേസമയം വിമര്‍ശനത്തെ എതിര്‍ത്തും ആളുകള്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സീനിലെ കളര്‍ ഗ്രേഡിങ്ങിന് മാത്രമാവും എ.ഐ ഉപയോഗിച്ചതെന്നും ഇന്നത്തെ കാലത്ത് സിനിമയില്‍ എ.ഐ ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമാണെന്നും ഇവര്‍ പറയുന്നു. വിജയ് പോലെ വലിയൊരു താരത്തിന്റെ പടത്തില്‍ വാട്ടര്‍ മാര്‍ക്ക് വരുന്നത് ഗൂഗിള്‍ ജെമിനിക്ക് വലിയ അംഗീകാരമാണെന്നും പണ ചെലവില്ലാതെ വലിയ പരസ്യം ലഭിച്ചുവെന്നും രസകരമായ കമന്റുകളുമുണ്ട്.

Photo: screen grab/ kvn productions/ youtube.com

സിനിമാ മേഖലയിലടക്കമുള്ള തൊഴിലിടങ്ങളില്‍ എ.ഐ കടന്നുവരുന്നതിനെതിരെ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രത്തില്‍ എ.ഐ യുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. തെലുങ്ക് സൂപ്പര്‍ താരം ബാലയ്യയുടെ ചിത്രമായ ഭഗവന്ത് കേസരിയുടെ കാര്‍ബണ്‍ കോപ്പിയാണ് ചിത്രമെന്നുള്ള ആക്ഷേപങ്ങള്‍ തെളിയിക്കുന്നതായിരുന്നു ട്രെയ്‌ലര്‍.

ഭഗവന്ത് കേസരിയുമായി ചിത്രത്തിനുള്ള സാമ്യം ചൂണ്ടിക്കാട്ടി പോസ്റ്റുകളും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിന് പുറമെ വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെ പരോക്ഷമായി പരാമര്‍ശിക്കുന്ന രംഗങ്ങളും ഇതിനോടകം വൈറലാവുന്നുണ്ട്.

Content Highlight: Ai water mark seen in Jana Nayagan trailer

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.