ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഒട്ടാകെ ഒരേ മനസ്സോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വാരണാസി. തെലുങ്കിലെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള സൂപ്പര്‍ താരം മഹേഷ് ബാബു നായകനായെത്തുന്ന ചിത്രം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ഒരുങ്ങുന്നത്. മഹേഷ് ബാബുവിന് പുറമെ മലയാളത്തിലെ സൂപ്പര്‍താരം പൃഥ്വിരാജ്, ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയവരും വാരണാസിയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വാരണാസി

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും എ.ഐ വീഡിയോ ആണ് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നത്. വാരണാസിയുടെ സംവിധായകനും നായകനും തമ്മില്‍ മുട്ടനിടി നടക്കുന്ന ഒറിജിനലിനെ വെല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സാധാരണ ഗതിയില്‍ മുഖത്ത് ഭാവങ്ങളൊന്നും വരാറില്ലെന്ന് പ്രേക്ഷകര്‍ക്ക് ആക്ഷേപമുള്ള താരമാണ് മഹേഷ് ബാബു. എന്നാല്‍ ദേഷ്യം കൊണ്ട് കവിളുകള്‍ തുടിക്കുന്ന മഹേഷ് ബാബുവാണ് വീഡിയോയിലുള്ളത്.

ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇരുവരും തമ്മില്‍ അടിയുണ്ടാകുന്നത്. പരസ്പരം കോളറിന് പിടിച്ചാണ് അടി തുടങ്ങുന്നത്. സംഘട്ടനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അടി കിട്ടുന്നത് രാജമൗലിക്കാണ്. ഹോട്ടലിലെ മേശകള്‍ക്ക് മുകളിലേക്ക് രാജമൗലിയെ എടുത്തെറിഞ്ഞാണ് മഹേഷ് ബാബു അരിശം തീര്‍ക്കുന്നത്. രാജമൗലിയെ ഇട്ട് വട്ടം കറക്കുന്ന മഹേഷ് ബാബു ചുമരിന് കൂട്ടിയാണ് രാജമൗലിയെ മര്‍ദ്ദിക്കുന്നത്. എന്നാല്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം മഹേഷ് ബാബുവിന്റെ മൂക്കിനിട്ട് രാജമൗലിയും കൊടുക്കുന്നുണ്ട്.

വീഡിയോക്ക് താഴെ വരുന്ന കമന്റുകളാണ് അതിലേറെ രസകരം. വാരണാസിയുടെ ഷൂട്ടിനിടെ മഹേഷ് ബാബുവിന്റെ മുഖത്ത് ഭാവവ്യത്യാസം വരാത്തതിനാല്‍ നൂറ് ടേക്ക് പോയപ്പോഴുണ്ടായ ദേഷ്യമായിരിക്കും സംഘര്‍ഷത്തിന് കാരണമെന്നും തങ്ങളാഗ്രഹിച്ച പോലെ അഭിനേതാക്കളുടെ മുഖത്ത് എക്‌സ്പ്രഷന്‍ വന്നില്ലെങ്കില്‍ ഏത് സംവിധായകനായാലും ദേഷ്യം വരുമെന്നും കമന്റുകളുണ്ട്.

അതേസമയം വീഡിയോയുടെ ഒറിജിനാലിറ്റിയെ പലരും ഭയത്തോടെയാണ് നോക്കികാണുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകന്റെയും അഭിനേതാവിന്റയും ദൃശ്യങ്ങള്‍ സിനിമയെ വെല്ലുന്ന വിധത്തില്‍ അവതരിപ്പിക്കാനായത് ഭയപ്പെടുത്തുന്നതാണെന്നും ഇതിന് അന്ത്യം കുറിച്ചില്ലെങ്കില്‍ സിനിമാ മേഖലയിലടക്കം പലരുടെയും തൊഴില്‍ നഷ്ടപ്പെടുമെന്നും കമന്റുകള്‍ രേഖപ്പെടുത്തുന്നു.

Content Highlight: AI videos goes viral of Rajamouli and Mahesh Babu fighting each other