മലയാളത്തിലെ ആദ്യ മുഴുനീള ഡബ്ല്യൂ. ഡബ്ല്യൂ. ഇ സ്റ്റൈൽ ആക്ഷൻ–കോമഡി ചിത്രമായി ഒരുങ്ങുന്ന ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസിന്റെ’ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. അർജുൻ അശോകൻ നായകനായെത്തുന്ന ചിത്രത്തിൽ സൂപ്പർതാരം മമ്മൂട്ടി കാമിയോ റോളിൽ പ്രത്യക്ഷപ്പെടുമെന്ന അഭ്യൂഹങ്ങളാണ് സിനിമയിലേക്കുള്ള ആകാംക്ഷ വർധിപ്പിക്കുന്നത്.
ഇന്നലെ ആരംഭിച്ച ചിത്രത്തിന്റെ ബുക്കിങ്ങിൽ തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിയ സംഭവമുണ്ടായിരുന്നു. നടൻ മോഹൻലാൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തതാണ് ശ്രദ്ധേയമായത്. ഇതിന് പിന്നാലെ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാവുകയാണ്. എന്നാൽ ഇതുസംബന്ധിച്ച് അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ചിത്രത്തിന്റെ ട്രെയ്ലറിൽ അവസാനം പ്രത്യക്ഷപ്പെടുന്ന ‘വാൾട്ടർ’ എന്ന രഹസ്യ കഥാപാത്രത്തെക്കുറിച്ചാണ്. ഈ വേഷം മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നതെന്ന തരത്തിലുള്ള വാർത്തകൾ വിവിധ സിനിമാ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടി സെറ്റിലുണ്ടായിരുന്നുവെന്ന വിവരവും, കഥാപാത്രത്തിന്റെ കൈയിലുള്ള ചെയിനിനും മമ്മൂട്ടി മുൻപ് ധരിച്ചിരുന്ന ചെയിനിനുമിടയിലെ സാമ്യതയും ചൂണ്ടിക്കാട്ടിയാണ് ആരാധകർ ഈ നിഗമനത്തിലെത്തിയത്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, റിലീസിന് മുൻപേ തന്നെ ആരാധകർ തങ്ങളുടെ ആഗ്രഹമനുസരിച്ച് ‘വാൾട്ടർ’ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചുകഴിഞ്ഞു.
എ.ഐ വീഡിയോ , Photo: Instagram/ Screengrab
അതിന്റെ ഭാഗമായി മമ്മൂട്ടിയെ വാൾട്ടറായി അവതരിപ്പിച്ചുള്ള എ.ഐ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. മമ്മൂട്ടി ആരാധകരും ‘ചത്താ പച്ച’ ആരാധകരും വീഡിയോ വലിയ തോതിൽ ഏറ്റെടുത്തിട്ടുണ്ട്.
ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന വാൾട്ടർ, ഇത് കത്തും… ഇല്ലെങ്കിൽ ഞങ്ങൾ കത്തിക്കും, അടുത്ത പടത്തിൽ മമ്മൂക്കയെ ഈ ലുക്കിൽ കാണണം, ഉറപ്പിച്ചു… വാൾട്ടർ മമ്മൂക്ക തന്നെ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
ചത്താ പച്ച, Photo: IMDb
സ്റ്റൈലിഷ് ലുക്കിൽ റിങ്ങിൽ ആളുകളെ അടിച്ചിടുന്ന വാൾട്ടറായി മമ്മൂട്ടിയെ കണ്ട് ആവേശത്തിലായിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇനി എന്തായാലും വാൾട്ടർ മമ്മൂട്ടിയല്ലാതെ മറ്റാരുമല്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ.
നവാഗത സംവിധായകൻ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചൊരു സിനിമയായിരിക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത് എന്നിവർ യഥാക്രമം, ലോക്കോ ലോബോ, വെട്രി, ചെറിയാൻ, ലിറ്റിൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുന്നത്.
Content Highlight: AI video creates Mammootty as a Waltar character in the movie Chatha Pacha
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.