വാളയാർ പരമശിവനായി ഷാരൂഖും ബാലുവായി ഹൃതിക്കും; വൈറലായി റൺവേ എ.ഐ പോസ്റ്റർ
Malayalam Cinema
വാളയാർ പരമശിവനായി ഷാരൂഖും ബാലുവായി ഹൃതിക്കും; വൈറലായി റൺവേ എ.ഐ പോസ്റ്റർ
നന്ദന എം.സി
Wednesday, 18th March 2026, 1:17 pm

റൺവേ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയൊരു ചർച്ചയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകൻ, കാവ്യ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 2004ൽ ആണ് റിലീസായത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെ കുറിച്ചുള്ള ആരാധകരുടെ ഒരു സങ്കൽപ്പമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . വാളയാർ പരമശിവനായി ഷാരൂഖ് ഖാനും ബാലുവായി ഹൃത്വിക് റോഷനും എത്തിയിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.

ഈ ചർച്ചക്ക് തുടക്കമായത് ആരാധകർ സൃഷ്ടിച്ച ഒരു എ.ഐ പോസ്റ്ററാണ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ പോസ്റ്ററിന് വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

റൺവേ , Photo: IMDb

ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്തിരുന്നെങ്കിൽ, ഇന്നത്തെ മാസ് ആക്ഷൻ ട്രെൻഡുകൾക്ക് മുമ്പേ തന്നെ ബോളിവുഡിൽ ഒരു പുതിയ ശൈലി രൂപപ്പെട്ടേനെയെന്ന അഭിപ്രായമാണ് പലരും പങ്കുവെക്കുന്നത്.

ഷാരൂഖിന്റെ ജവാൻ പോലുള്ള സിനിമകൾക്ക് മുമ്പേ തന്നെ സൗത്ത് മാസ് സ്റ്റൈലിൽ ഹിന്ദിയിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിക്കാനായിരുന്നുവെന്ന വിലയിരുത്തലുകളും ആരാധകർ ഉയർത്തുന്നു.

ദിലീപ് അവതരിപ്പിച്ച കഥാപാത്രമായി ഷാരൂഖ് വന്നിരുന്നുവെങ്കിൽ വാളയാർ പരമശിവനെ ഒരു വ്യത്യസ്ത സ്റ്റൈലിൽ കാണാൻ കഴിയുമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു.

റൺവേ , Photo: YouTube/ Screengrab

ചിത്രത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച എസ്.ഐ ബാലുവിന്റെ കഥാപാത്രം ഹൃതിക്കിനും നന്നായി ചേരുമെന്നുമാണ് അഭിപ്രായങ്ങൾ. ഈ രണ്ടുപേരും ഒരുമിച്ചിരുന്നെങ്കിൽ പാൻ ഇന്ത്യൻ തലത്തിൽ തന്നെ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചേനെയെന്ന തരത്തിലുള്ള നിരവധി കമന്റുകളും പോസ്റ്റിന് താഴെ നിറയുകയാണ്

അതേസമയം, ‘റൺവേ’ തമിഴിലേക്കും റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്ന വിവരവും വീണ്ടും ചർച്ചയാവുകയാണ്. നടൻ വിജയ്‌യെ കേന്ദ്രകഥാപാത്രമാക്കി ചിത്രം ഒരുക്കാനുള്ള ആലോചന ഉണ്ടായിരുന്നുവെന്ന് നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ മുമ്പ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

വിജയ് ചിത്രം കണ്ടപ്പോൾ ഏറെ ഇഷ്ടപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ ചന്ദ്രശേഖരൻക്ക് കഥ ഇഷ്ടപ്പെടാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇത്തരത്തിലുള്ള ചർച്ചകൾ വീണ്ടും സജീവമാകുമ്പോൾ, ‘റൺവേ’യുടെ മാസ് എന്റർടൈൻമെന്റ് മൂല്യം ഇന്നും പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്നുവെന്നത് വ്യക്തമാണ്.

Content Highlight: AI version of the movie Runway goes viral

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.