| Wednesday, 9th April 2025, 7:41 pm

കൊടുമണ്‍ പോറ്റിയായി കമല്‍ ഹാസന്‍, ഒറിജിനലിനെക്കാള്‍ കിടിലനെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളിലൊന്നായിരുന്നു രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം. ഏറെക്കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ്രമയുഗം. വെറും അഞ്ച് കഥാപാത്രങ്ങളെ മാത്രം വെച്ചെടുത്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാവുകയും അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധ നേടുകയും ചെയ്തു.

കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായി അതിഗംഭീര പെര്‍ഫോമന്‍സാണ് മമ്മൂട്ടി കാഴ്ചവെച്ചത്. നോട്ടത്തിലും ഭാവത്തിലും പോറ്റിയായും ചാത്തനായും വിസ്മയിപ്പിച്ച മമ്മൂട്ടിയെ പ്രശംസിച്ച് ഇന്ത്യന്‍ സിനിമയിലെ പലരും രംഗത്തുവന്നിരുന്നു. സ്റ്റാര്‍ഡം നോക്കാതെ ഓരോ സിനിമയും വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്ന മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി ഭ്രമയുഗം മാറി.

ഇപ്പോഴിതാ ഭ്രമയുഗത്തില്‍ മമ്മൂട്ടിക്ക് പകരം കമല്‍ ഹാസന്‍ വന്നിരുന്നെങ്കില്‍ എന്ന ചിന്തയുമായി വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘ഫില്‍മി എന്തുസിയാസ്റ്റ് എന്ന പേജാണ് മമ്മൂട്ടിക്ക് പകരം കമല്‍ ഹാസന്റെ ചിത്രം എ.ഐയില്‍ സൃഷ്ടിച്ച് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്. ഒറിജിനലിനെക്കാള്‍ മികച്ച രീതിയിലുള്ള എഡിറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. മമ്മൂട്ടി ചെയ്തതിനെക്കാള്‍ മികച്ചതായി ഒരുപക്ഷേ കമല്‍ ഹാസന്‍ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ചേനെയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മമ്മൂട്ടിയുടെ ചില സൂക്ഷ്മാഭിനയം ഒരിക്കലും കമല്‍ ഹാസന് പകര്‍ത്താന്‍ കഴിയില്ലെന്ന് മമ്മൂട്ടിയുടെ ആരാധകര്‍ മറുപടി നല്‍കുകയും ചെയ്തു.

കമല്‍ ഹാസന്‍ തന്റേതായ ശൈലിയില്‍ ചാത്തന് ചില മാനറിസങ്ങള്‍ നല്‍കിയേനെയെന്നും അത് സിനിമയെ കൂടുതല്‍ മികച്ചതാക്കുമായിരുന്നെന്നും ചിലര്‍ പറയുന്നുണ്ട്. മമ്മൂട്ടിയുടെ വേര്‍ഷന്‍ ആദ്യം കണ്ടതിനാല്‍ അദ്ദേഹത്തിന്റെ വേര്‍ഷന്‍ മികച്ചതായി തോന്നുമെന്നും പിന്നീട് ആര് ചെയ്താലും അതിന് മുകളില്‍ നില്‍ക്കുന്നതായി തോന്നില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

റിലീസ് ചെയ്ത് ഒരുവര്‍ഷം പിന്നിട്ടിട്ടും ഭ്രമയുഗം ഇപ്പോഴും പലരുടെയും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നുണ്ട്. കണ്ടുശീലിച്ച ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റായിരുന്നു ഭ്രമയുഗത്തിന്റേത്. കാണികളെ പൂര്‍ണമായും മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാന്‍ സംവിധായകന് സാധിച്ചത് തന്നെയാണ് സിനിമയുടെ വിജയം.

Content Highlight: AI picture Kamal Haasan in Bramayugam viral in social media

Latest Stories

We use cookies to give you the best possible experience. Learn more