എ.ഐ ചതിച്ചാശാനേ, ഇത് രാഹുല്‍ മാങ്കൂട്ടമല്ലേ; ഷാജി പാപ്പന്‍ ജയറാം ചെയ്തിരുന്നെങ്കിലെന്ന പോസ്റ്റിന് ട്രോള്‍
Malayalam Cinema
എ.ഐ ചതിച്ചാശാനേ, ഇത് രാഹുല്‍ മാങ്കൂട്ടമല്ലേ; ഷാജി പാപ്പന്‍ ജയറാം ചെയ്തിരുന്നെങ്കിലെന്ന പോസ്റ്റിന് ട്രോള്‍
അമര്‍നാഥ് എം.
Thursday, 29th January 2026, 10:11 pm

എ.ഐയുടെ കടന്നുവരവോടെ സോഷ്യല്‍ മീഡിയയില്‍ പലരുടെയും വ്യത്യസ്തമായ ക്രിയേറ്റിവിറ്റിയാണ് കാണാന്‍ സാധിക്കുന്നത്. ഓരോ നടന്മാരുടെയും ഐക്കോണിക് കഥാപാത്രങ്ങള്‍ മറ്റേതെങ്കിലും നടന്‍ ചെയ്തിരുന്നെങ്കിലെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളില്‍ പലതും വൈറലായിരുന്നു. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ ആടിലെ ഷാജി പാപ്പന്‍ എന്ന കഥാപാത്രം മറ്റേതെങ്കിലും നടന്‍ ചെയ്തിരുന്നെങ്കിലെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് ചര്‍ച്ചയായത്. മലയാളത്തിലെ മുന്‍നിര താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ നടന്മാര്‍ ഷാജി പാപ്പനായി വേഷമിട്ടിരുന്നെങ്കിലെന്നുള്ള എഡിറ്റഡ് പിക്കുകള്‍ വൈറലായി മാറി.

എന്നാല്‍ ഇതില്‍ ഏറ്റവും ചര്‍ച്ചയായത് ജയറാമിന്റെ എഡിറ്റഡ് ചിത്രമാണ്. ഷാജി പാപ്പനായി ജയറാം വേഷമിട്ടാല്‍ എങ്ങനെയുണ്ടാകുമെന്നുള്ള എ.ഐ ഇമേജ് പുറത്തുവന്നപ്പോള്‍ ട്രോള്‍ മെറ്റീരിയലായി മാറി. ഈ ചിത്രം കണ്ടാല്‍ ജയറാമിനെപ്പോലെ തോന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കണ്ടാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പോലെയുണ്ടെന്നാണ് കൂടുതല്‍ ട്രോളുകളും.

ഓരോ നടന്മാരുടെയും ചിത്രത്തിന്റെ താഴെ രസകരമായ കമന്റുകളുമുണ്ട്. ദുല്‍ഖര്‍ ഷാജി പാപ്പനായി വന്നാലുള്ള എ.ഐ ഇമേജിന് താഴെ ‘നിനക്ക് ഹൈറേഞ്ചിലെ പിള്ളേരെ അറിയില്ല, തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ’, ‘ബുക്കെടുക്കെടാ ആടേ’, എന്നിങ്ങനെയാണ് രസകരമായ കമന്റുകള്‍. നസ്‌ലെനെയും ഷാജി പാപ്പനാക്കിക്കൊണ്ടുള്ള ചിത്രവും വൈറലായി.

‘ഈ നീലക്കൊടുവേലി എനിക്ക് കിട്ടീല, നിനക്കും കിട്ടൂല, അവസാനം നീ കരയും മോനേ’ എന്ന കമന്റ് എല്ലാവരെയും ഒരുപോലെ ചിരിപ്പിക്കുന്നുണ്ട്. വിനു മോഹന്‍, വിനീത്, ഇന്ദ്രജിത്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരെയും ഷാജി പാപ്പനാക്കിക്കൊണ്ടുള്ള ചിത്രങ്ങള്‍ക്കും നിരവധി ലൈക്കുകള്‍ ലഭിക്കുന്നുണ്ട്. സൂര്യപുത്രന്‍ എന്ന ഐ.ഡിയാണ് ഫേസ്ബുക്കില്‍ ഈ ട്രോള്‍ പങ്കുവെച്ചത്.

ഇതിന് മുമ്പ് ഈ ഐ.ഡി പങ്കുവെച്ച പല ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രോള്‍ പേജുകളിലുണ്ടാക്കുന്ന സ്വാധീനവും ഇപ്പോള്‍ വലുതാണ് എന്നതിന്റെ ഉദാഹരണമാണ് ഇത്തരം ട്രോളുകള്‍. വരുംദിവസങ്ങളില്‍ ഇതുപോലെ രസകരമായ ട്രോളുകള്‍ വൈറലാകുമെന്ന് ഉറപ്പാണ്.

Content Highlight: AI Generated image of Malayalam actors featuring as Shaji Pappan viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം