നിസ്സംശയം പറയാം, ജസ്പ്രീത് ബുംറയേക്കാള്‍ മികച്ച ബൗളര്‍; തെരഞ്ഞെടുപ്പുമായി പാകിസ്ഥാന്‍ സൂപ്പര്‍ താരം
Sports News
നിസ്സംശയം പറയാം, ജസ്പ്രീത് ബുംറയേക്കാള്‍ മികച്ച ബൗളര്‍; തെരഞ്ഞെടുപ്പുമായി പാകിസ്ഥാന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th December 2024, 10:24 pm

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെക്കാള്‍ മികച്ച ബൗളറായി പാകിസ്ഥാന്‍ ഇതിഹാസ താരം വസീം അക്രമിനെ തെരഞ്ഞെടുത്ത് പാക് താരം അഹമ്മദ് ഷഹസാദ്. നാദിര്‍ അലിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഷഹസാദ്.

ടോക് ഷോയ്ക്കിടെയുള്ള ദിസ് ഓര്‍ ദാറ്റ് സെഗ്മെന്റിലാണ് ഷഹസാദ് വസീം അക്രമിനെ മികച്ച പേസ് ബൗളറായി തെരഞ്ഞെടുത്തത്. നാദിര്‍ അലി പറയുന്ന രണ്ട് പേരില്‍ നിന്നും ഏറ്റവും മികച്ചതെന്ന് തോന്നുന്ന ഒരു താരത്തെ തെരഞ്ഞെടുക്കാനാണ് ഷഹസാദിനോട് ആവശ്യപ്പെട്ടത്.

 

പാക് ഇതിഹാസങ്ങളായ വസീം അക്രമിനെയും ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെയും പേരുകള്‍ പറഞ്ഞുകൊണ്ടാണ് നാദിര്‍ അലി ഈ ഗെയിം ആരംഭിച്ചത്. ഇതിന് വസീം അക്രം എന്നായിരുന്നു താരം മറുപടി നല്‍കിയത്.

ശേഷം പാക് ഇതിഹാസ താരം വഖാര്‍ യൂനിസിന്റെ പേരാണ് നാദിര്‍ അലി പറഞ്ഞത്. വസീം അക്രമോ വഖാര്‍ യൂനിസോ എന്ന ചോദ്യത്തിന് വസീം അക്രം എന്ന് തന്നെയായിരുന്നു ഷഹസാദിന്റെ മറുപടി.

ശേഷം ഷെയ്ന്‍ ബോണ്ട്, ജസ്പ്രീത് ബുംറ, ഷോണ്‍ ടൈറ്റ്, മിച്ചല്‍ സ്റ്റാര്‍ക്, റാണ നവേദ് തുടങ്ങിയ താരങ്ങളുടെ പേരുകള്‍ പറഞ്ഞപ്പോഴും ഷഹസാദ് വസീം അക്രമിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

ജസ്പ്രീത് ബുംറയെ കുറിച്ച് ചോദിച്ചപ്പോള്‍,’ബുംറ നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്. അദ്ദേഹമൊരു ലോകോത്തര ബൗളറാണ്. ഇന്ത്യയെ പല വലിയ മത്സരങ്ങളും വിജയിപ്പിക്കാന്‍ അദ്ദേഹം സഹായിച്ചു,’ എന്നായിരുന്നു ഷഹസാദ് പറഞ്ഞത്.

 

പേസര്‍മാര്‍ക്ക് പുറമെ ഏറ്റവും മികച്ച പവര്‍ ഹിറ്റര്‍ ആരെന്ന ചോദ്യത്തിന് യുവരാജ് സിങ്ങിനെയും ഷാഹിദ് അഫ്രിദിയെയും അടക്കം മറികടന്നുകൊണ്ട് ക്രിസ് ഗെയ്‌ലിനെ തെരഞ്ഞെടുത്ത താരം, ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി എം.എസ്. ധോണിയെയും മികച്ച ഫീല്‍ഡറായി ജോണ്ടി റോഡ്‌സിനെയും തെരഞ്ഞെടുത്തു.

 

Content highlight: Ahmed Shehzad picks Wasim Akram as the best pacer