ആഷിക് ഐമര്‍ രചന നിര്‍വഹിച്ച് അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത സീരീസായിരുന്നു കേരള ക്രൈം ഫയല്‍സ്. മലയാളത്തില്‍ എത്തിയ ആദ്യ ക്രൈം വെബ് സീരീസ് ആയിരുന്നു ഇത്. 2023 ജൂണ്‍ 23ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത സീരീസില്‍ അജു വര്‍ഗീസ്, ലാല്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
ഈ സീരീസിന്റെ രണ്ടാം ഭാഗമാണ് കേരള ക്രൈം ഫയല്‍സ് – ദ സെര്‍ച്ച് ഫോര്‍ സി.പി.ഒ അമ്പിളി രാജു. അര്‍ജുന്‍ രാധാകൃഷ്ണന്‍ നായകനായി എത്തിയ ഈ സീസണില്‍ ഹരിശ്രീ അശോകന്‍, ലാല്‍, ഇന്ദ്രന്‍സ്, തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇപ്പോള്‍ അര്‍ജുന്‍ രാധകൃഷ്ണനെ സീരിസിലേക്ക് കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് അഹമ്മദ് കബീര്‍.
അര്‍ജുന് രാധകൃഷ്ണന് പകരം മറ്റൊരു ഓപ്ഷനായിരുന്നു ആദ്യമെന്നും പിന്നീട് അര്‍ജുനിലേക്ക് എത്തുകയായിരുന്നുവെന്നും അഹമ്മദ് കബീര്‍ പറയുന്നു. അര്‍ജുന്റെ പട എന്ന സിനിമയാണ് താന്‍ ആദ്യമായി കണ്ടതെന്നും ദിലീഷ് പോത്തന്റെയും ജോജു ജോര്‍ജിന്റെയുമൊക്കെ കൂടെ കട്ടക്ക് പിടിച്ച് നില്‍ക്കുന്ന ഒരു നടന്‍ ആണല്ലോ അര്‍ജുനെന്ന് തനിക്ക് അപ്പോള്‍ തോന്നിയെന്നും അദ്ദേഹം പറയുന്നു.
ആ സിനിമയില്‍ അര്‍ജുന്‍ ശരിക്കും തന്നെ ഞെട്ടിച്ചെന്നും കണ്ണൂര്‍ സ്‌ക്വാഡ് കണ്ടിട്ട് താന്‍ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും അഹമ്മദ് കബീര്‍ പറഞ്ഞു. അര്‍ജുന്‍ ഒരു ഗംഭീര ആര്‍ട്ടിസ്റ്റാണെന്ന് തനിക്ക് അന്നേ തോന്നിയെന്നും പിന്നീട് സീരിസിലേക്ക് അദ്ദേഹത്തെ പെട്ടന്ന് കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ്.എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അഹമ്മദ് കബീര്‍.
‘ആ കഥാപാത്രത്തിന് ആദ്യം നമ്മള്‍ക്ക് വേറെ ഒരു ഓപ്ഷനുണ്ടായിരുന്നു. ലാസ്റ്റ് മിനിറ്റില്‍ ചില കാര്യങ്ങള്‍ കൊണ്ട് അത് മാറി. അതുകൊണ്ട് നമ്മള്‍ക്ക് ഇതിന് വേണ്ടി റിസ്‌ക് എടുക്കാന്‍ പറ്റില്ലായിരുന്നു. അര്‍ജുന്റെ പട എന്ന സിനിമയാണ് ശരിക്കും ഞാന്‍ ആദ്യം കാണുന്നത്. ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് ഇതുപോലെ അടിപൊളി ആക്ടേഴ്‌സിന്റെ കൂടെ നമ്മള്‍ ഇതുവരെ കാണാത്ത ഒരു പുള്ളി ഇവരുടെ കൂടെയൊക്കെ പിടിച്ച് നില്‍ക്കുന്നു എന്ന് എനിക്ക് തോന്നി. ആ സിനിമയില്‍ അങ്ങനെ ഒരു റോള്‍ ചെയ്തത് കണ്ടിട്ട് ഞാന്‍ ഞെട്ടി പോയി.
പിന്നെ ഡിയര്‍ ഫ്രണ്ട് അതുപോലെ അര്‍ജുന്റെ എല്ലാ പടങ്ങളും കാണുന്നുണ്ട്. കണ്ണൂര്‍ സ്‌ക്വാഡ് കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ അര്‍ജുനെ വിളിച്ചിരുന്നു. അന്ന് എപ്പോഴെങ്കിലും അര്‍ജുനെ കാസ്റ്റ് ചെയ്യാമെന്നൊക്കെ വിചാരിച്ചിരുന്നു. കാരണം നല്ലൊരു ആര്‍ട്ടിസ്റ്റാണെന്ന് നമുക്ക് അറിയാം. അങ്ങനെ ഫോണിലൂടെ ടച്ച് ഉണ്ടായിരുന്നു. പിന്നെ പെട്ടന്ന് കാസ്റ്റിങ്ങില്‍ ഇങ്ങനെയൊരു കണ്‍ഫ്യൂഷന്‍ വന്നപ്പോള്‍ നമ്മള്‍ ഒന്നും നോക്കിയില്ല അര്‍ജുനെ വിളിച്ചു. അദ്ദേഹം വന്നു,’ അഹമ്മദ് കബീര്‍ പറയുന്നു.
Content Highlight: Ahmed Kabir talks about the casting of Arjun Radhakrishnan in the second season of Kerala Crime Files.