ബ്രസ്സല്‍സ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹംഗറിയില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്.
ഇന്ന് (2026 മാര്‍ച്ച് 21) ഹംഗറിയില്‍ നടക്കുന്ന ‘കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍’ സംസാരിക്കാന്‍ നെതന്യാഹു എത്തുമെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഹ്യൂമണ്‍ റൈറ്റ് വാച്ച് പ്രസ്താവനയിറക്കിയത്.
ഏപ്രില്‍ 12 ന് നടക്കാനിരിക്കുന്ന ഹംഗറിയിലെ പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് നെതന്യാഹുവിന്റെ സന്ദര്‍ശനം.
2023 ഒക്ടോബര്‍ 8 മുതല്‍ ഗസയില്‍ തുടരുന്ന വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍ എന്നിവ ചുമത്തി 2024 നവംബര്‍ 21 നാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇരുവരും നിലവില്‍ ഐ.സി.സിക്ക് മുന്നില്‍ ഹാജരായിട്ടില്ല.
ഐ.സി.സി ഉടമ്പടിയില്‍ (റോം സ്റ്റാറ്റിയൂട്ട്) നിന്ന് പിന്മാറാനുള്ള നീക്കത്തിലാണ് ഹംഗറിയെങ്കിലും, നിലവില്‍ അവര്‍ അംഗരാജ്യമാണെന്നും കോടതി അന്വേഷിക്കുന്ന വ്യക്തികളെ അറസ്റ്റ് ചെയ്ത് കൈമാറാന്‍ അവര്‍ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ചിലെ ഇന്റര്‍നാഷണല്‍ ലോ റിസേര്‍ച്ചര്‍ ആലീസ് ഓട്ടിന്‍ വ്യക്തമാക്കി.
‘ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയും ഈ ബാധ്യത ലംഘിക്കുന്നതിലൂടെ, ഫലസ്തീനിലെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഹംഗറി അനുമതി നല്‍കുകയാണ്. നീതി നിഷേധിക്കപ്പെട്ട ഇരകളെ വീണ്ടും ഒറ്റിക്കൊടുക്കുന്ന നടപടിയാണിത്,’ ആലീസ് ഓട്ടിന്‍ പറഞ്ഞു.
ഹംഗറിയില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം തകര്‍ക്കാനും മാധ്യമങ്ങളെ അടിച്ചമര്‍ത്താനും പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ നടത്തുന്ന ശ്രമങ്ങളെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് രൂക്ഷമായി വിമര്‍ശിച്ചു. ഹംഗറിയുടെ ഐ.സി.സി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയപ്പെട്ടുവെന്നും സംഘടന കുറ്റപ്പെടുത്തി.
ഐ.സി.സി ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം പിന്‍വലിക്കാന്‍ ഹംഗറിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യൂണോപ്യന്‍ യൂണിയന്‍ നേതൃത്വത്തോടും മറ്റ് അംഗരാജ്യങ്ങളോടും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്.
‘നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാന്‍ ബാധ്യസ്ഥരായ ഓര്‍ബന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ചുവപ്പു പരവതാനി വിരിക്കുകയാണ്. ഇസ്രഈല്‍ അതിക്രമങ്ങള്‍ തുടരുമ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ നിശബ്ദത അപകടകരമായ സന്ദേശമാണ് നല്‍കുന്നത്,’ ഓട്ടിന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ 2025 ഏപ്രിലില്‍ നെതന്യാഹു ഹംഗറി സന്ദര്‍ശിച്ചിരുന്നെങ്കിലും അന്ന് അധികൃതര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതേത്തുടര്‍ന്ന്, കോടതിയുമായി സഹകരിക്കാത്ത ഹംഗറിയുടെ നടപടിയെ ഐ.സി.സി ജഡ്ജിമാര്‍ വിമര്‍ശിച്ചിരുന്നു.
2025 ഏപ്രിലിലെ നെതന്യാഹുവിന്റെ സന്ദര്‍ശന വേളയിലാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ഐ.സി.സി ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് 2025 ജൂണ്‍ 2ന് ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കി.
ഒരു വര്‍ഷത്തെ നോട്ടീസ് കാലാവധിക്ക് ശേഷം 2026 ജൂണ്‍ 2നാണ് ഈ പിന്മാറ്റം പ്രാബല്യത്തില്‍ വരിക. അതായത്, നെതന്യാഹുവിന്റെ ഇപ്പോഴത്തെ സന്ദര്‍ശന വേളയിലും ഹംഗറി ഐ.സി.സി നിയമങ്ങള്‍ക്ക് വിധേയമാണ്.
നിലവില്‍ ഇസ്രഈലും അമേരിക്കയും ഇറാനില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തുന്നതിനിടയിലാണ് നെതന്യാഹുവിന്റെ ഹംഗറി സന്ദര്‍ശനം. ഇതിനിടെ തെക്കന്‍ ലെബനനിലും ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലും ഇസ്രഈല്‍ ആക്രമണം ശക്തമാക്കുകയും ജനങ്ങളോട് ഒഴിഞ്ഞുപോകാാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ഇത് ‘നിര്‍ബന്ധിത കുടിയിറക്കല്‍’ എന്ന യുദ്ധക്കുറ്റത്തിന് വഴിമാറുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2024 ഒക്ടോബര്‍ മുതല്‍ ഗസയില്‍ ഇസ്രഈല്‍ തുടരുന്ന വംശഹത്യയില്‍ ഇതുവരെ 71,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 1,72,000-ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗസയുടെ 90 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കപ്പെട്ടു.
2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇസ്രഈല്‍ ആക്രമണം തുടരുകയാണെന്നും വെടിനിര്‍ത്തലിന് ശേഷം മാത്രം 677 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഗസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlight: Ahead of Netanyahu visit, Human Rights Watch urges Hungary to arrest Israeli premier