| Thursday, 6th March 2025, 3:53 pm

വളരെ കോണ്‍ട്രിബ്യൂട്ടിങ്ങായ കോ-ആര്‍ട്ടിസ്റ്റാണ് അയാള്‍; കൂടെയുള്ള ആളുടെ അഭിനയവും നന്നാവണമെന്ന് ആഗ്രഹിക്കും: അഹാന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ്ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയ ജീവിതം ആരംഭിക്കുന്നത്.

2017ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലും നടി ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. അതിനുപുറമെ ലൂക്ക,പതിനെട്ടാം പടി പോലെയുള്ള മികച്ച സിനിമകളുടെ ഭാഗമാകാന്‍ അഹാനക്ക് സാധിച്ചിരുന്നു.

ലൂക്ക എന്ന സിനിമയില്‍ അഹാനക്കൊപ്പം അഭിനയിച്ചത് ടൊവിനോ തോമസായിരുന്നു. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോയെ കുറിച്ച് പറയുകയാണ് അഹാന കൃഷ്ണ.

തന്റെ മാത്രം പ്രകടനം മെച്ചപ്പെട്ടാല്‍ പോരെന്നും കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റിന്റെ അഭിനയവും നന്നാവണമെന്ന് ആഗ്രഹിക്കുന്ന നടനാണ് ടൊവിനോയെന്നാണ് അഹാന പറയുന്നത്.

‘ഒരു ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങില്‍ വെച്ചാണ് ഞാന്‍ ആദ്യമായി ടൊവിനോയെ കാണുന്നത്. അന്ന് നേരില്‍ കണ്ടതല്ലാതെ പരിചയപ്പെടാനൊന്നും സാധിച്ചില്ലായിരുന്നു. പിന്നെ അതിന് അവസരമൊരുങ്ങിയത് ലൂക്ക സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു.

കണ്ടപ്പോള്‍ തന്നെ പരസ്പരമുള്ള അപരിചിതത്വങ്ങളൊക്കെ അഴിഞ്ഞുവീണു. വളരെ അടുത്ത സുഹൃത്തിനെപ്പോലെ പെരുമാറി. വളരെ കോണ്‍ട്രിബ്യൂട്ടിങ് കോ-ആര്‍ട്ടിസ്റ്റാണ് ടൊവിനോ. തന്റെ മാത്രം പ്രകടനം മെച്ചപ്പെട്ടാല്‍ പോരാ, കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റിന്റെ അഭിനയവും നന്നാവണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

അതിന് വേണ്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അന്ന് ഞങ്ങള്‍ ആദ്യ സീനില്‍ അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ ടൊവിനോ പറഞ്ഞത്, നമുക്ക് ആദ്യം ഡയലോഗുകള്‍ വെറുതെ പറഞ്ഞു നോക്കാം എന്നായിരുന്നു.

അത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു. ഓരോ സീനിലും നാലും അഞ്ചും തവണ ഡയലോഗുകള്‍ പറഞ്ഞ് നോക്കിയിട്ടാണ് ഷോട്ടിന് തയ്യാറായത്. അത് ഞങ്ങളുടെ പ്രകടനം മികച്ചതാകാന്‍ സഹായിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു,’ അഹാന പറയുന്നു.

Content Highlight: Ahana Krishna Talks About Tovino Thomas

Latest Stories

We use cookies to give you the best possible experience. Learn more