അഞ്ച് മത്സരത്തില്‍ ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും; കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്താന്‍ പോകുന്ന അടുത്ത മുതലാണ്
Sports News
അഞ്ച് മത്സരത്തില്‍ ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും; കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്താന്‍ പോകുന്ന അടുത്ത മുതലാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th August 2025, 1:42 pm

കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ യുവതാരം അഹമ്മദ് ഇമ്രാന്റെ മികച്ച പ്രകടനത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്. സഞ്ജു സാംസണിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെടക്കം പുറത്തെടുത്ത അസാമാന്യ ഇന്നിങ്‌സുകളാണ് അഹമ്മദ് ഇമ്രാനെ ഫാന്‍ ഫേവറിറ്റാക്കിയത്.

കഴിഞ്ഞ ദിവസം കെ.സി.എല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ നടന്ന മത്സരത്തിലും അഹമ്മദ് ഇമ്രാന്‍ തിളങ്ങിയിരുന്നു. അര്‍ഹിച്ച സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ വീണുപോയെങ്കിലും കരിയറിലെ മികച്ച പ്രകടനം തന്നെയാണ് അഹമ്മദ് ഇമ്രാന്‍ പുറത്തെടുത്തത്.

റോയല്‍സിനെതിരെ 49 പന്ത് നേരിട്ട് 98 റണ്‍സിനാണ് താരം മടങ്ങിയത്. 200.00 സ്‌ട്രൈക് റേറ്റില്‍ 13 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

സീസണില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും ഇമ്രാന്‍ 50+ സ്‌കോര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

അഞ്ച് മത്സരത്തില്‍ നിന്നും 347 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 69.40 എന്ന മികച്ച ശരാശരിയിലും 171.78 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സീസണില്‍ ബാറ്റ് വീശുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണെയടക്കം മറികടന്നുകൊണ്ടാണ് അഹമ്മദ് ഇമ്രാന്‍ കുതിക്കുന്നത്.

61 (44), 100 (55), 16 (14), 72 (40), 98 (49) എന്നിങ്ങനെയാണ് ഇതുവരെയുള്ള താരത്തിന്റെ പ്രകടനം. നിലവില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനും തൃശൂര്‍ ടൈറ്റന്‍സിന്റെ കുട്ടിക്കൊമ്പന്‍ തന്നെയാണ്.

കെ.സി.എല്‍ 2025 – ഏറ്റവുമധികം റണ്‍സ്

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

അഹമ്മദ് ഇമ്രാന്‍ – തൃശൂര്‍ ടൈറ്റന്‍സ് – 5 – 347

സഞ്ജു സാംസണ്‍ – കൊച്ചി ബ്ലൂ ടൈഗേഴ്‌സ് – 4 – 223

വിഷ്ണു വിനോദ് – ആരീസ് കൊല്ലം സെയ്‌ലേഴ്‌സ് – 5 – 181

കൃഷ്ണ പ്രസാദ് – ട്രിവാന്‍ഡ്രം റോയല്‍സ് – 4 – 180

സച്ചിന്‍ ബേബി – ആരീസ് കൊല്ലം സെയ്‌ലേഴ്‌സ് – 4 – 157

 

അതേസമയം, അഹമ്മദ് ഇമ്രാന്റെ കരുത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ വിജയത്തിന് പിന്നാലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും തൃശൂര്‍ ടൈറ്റന്‍സിന് സാധിച്ചു. അഞ്ച് മത്സരത്തില്‍ നാലിലും വിജയിച്ചാണ് ടീം പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.

കെ.സി.എല്‍ പോയിന്റ് ടേബിള്‍ – 2025

(ടീം – മത്സരം – വിജയം – തോല്‍വി – പോയിന്റ് എന്നീ ക്രമത്തില്‍)

തൃശൂര്‍ ടൈറ്റന്‍സ് – 5 – 4 – 1 – 8

കോച്ചി ബ്ലൂ ടൈഗേഴ്‌സ് – 5 – 3 – 2 – 6

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് – 5 – 3 – 2 – 6

ആരീസ് കൊല്ലം സെയ്‌ലേഴ്‌സ് – 4 – 2 – 2 – 4

അദാനി ട്രിവാന്‍ഡ്രം റോയല്‍സ് – 5 – 1 – 4 – 2

ആലപ്പി റിപ്പിള്‍സ് – 4 – 1 – 3 – 2

 

ഓഗസ്റ്റ് 29നാണ് ടൈറ്റന്‍സിന്റെ അടുത്ത മത്സരം. കാര്യവട്ടത്ത് നടക്കുന്ന മത്സരത്തില്‍ കൊല്ലം സെയ്‌ലേഴ്‌സാണ് എതിരാളികള്‍.

 

Content Highlight: Ahammed Imran’s brilliant batting performance in KCL