ഖത്തർ ലോകകപ്പ് മത്സരങ്ങൾ സെമി ഫൈനൽ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ടൂർണമെന്റിലെ തന്നെ കറുത്ത കുതിരകളായി സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കിയിരിക്കുകയാണ് മൊറോക്കൻ ടീം.
ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ പരാജയപ്പെടുത്തിയാണ് മൊറോക്കൊ തങ്ങളുടെ സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കുന്നത്. ഇതോടെ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ സെമി ഫൈനലിലേക്ക് പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ, അറബ് രാജ്യം എന്ന ബഹുമതി മൊറോക്കോ നേടിയെടുത്തു.
എന്നാൽ ക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോക്ക് വേണ്ടി ഗോൾ നേടിയ യൂസഫ് എൻ നെസ്രി മൊറോക്കോക്ക് ലോകകപ്പ് സെമി പ്രവേശനം നേടികൊടുത്തതിനൊപ്പം. മറ്റൊരു റെക്കോഡിന് കൂടി ഉടമയായിരിക്കുകയാണ്.
സാക്ഷാൽ റൊണാൾഡോയുടെ റെക്കോഡ് തകർത്തുകൊണ്ട് ഏറ്റവും ഉയരത്തിൽ ചാടി നേടുന്ന ഹെഡർ ഗോൾ എന്ന നേട്ടമാണ് നെസ്രി സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 2.78 മീറ്റർ ഉയരത്തിൽ ചാടിയാണ് നെസ്രി പോർച്ചുഗലിനെതിരെ തന്റെ ചരിത്ര ഗോൾ നേടിയതെന്നാണ് ആഗോള സ്പോർട്സ് നെറ്റ് വർക്കായ ബെയ്ൻ സ്പോർട്സ് അവരുടെ ഒഫീഷ്യൽ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രശസ്ത സ്പാനിഷ് മാധ്യമമായ മാർക്ക ഉൾപ്പെടെ ഈ വാർത്ത റിപ്പോർട്ട് ചെയ്തു.
റൊണാൾഡോ സിരീ ഏയിൽ യുവന്റസിനായി സംഡോറിയക്കെതിരേ 2.5 മീറ്റർ ഉയരത്തിൽ നിന്ന് നേടിയ ഹെഡർ ഗോളായിരുന്നു ഒരു താരം ഏറ്റവും ഉയരത്തിൽ ചാടി നേടുന്ന ഗോൾ എന്ന നിലയിൽ റെക്കോർഡ് പുസ്തകങ്ങളിൽ ഇത് വരെ ആദ്യ സ്ഥാനത്തുണ്ടായിരുന്നത്.
സ്പാനിഷ് ക്ലബ്ബ് സെവിയ്യയുടെ താരമായ എൻ നെസ്രിക്ക് ക്ലബ്ബിനായി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചില്ലെങ്കിലും, ലോകകപ്പിൽ തന്റെ ടീമിനെ ചരിത്രത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനായി.
അതേസമയം ഡിസംബർ 15 ന് ഇന്ത്യൻ സമയം പുലർച്ചെ 12:30 ന് നടക്കുന്ന ലോകകപ്പ് സെമി മത്സരത്തിൽ കഴിഞ്ഞ തവണയിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെയാണ് മൊറോക്കോ നേരിടുന്നത്.
വിജയിക്കാൻ സാധിച്ചാൽ ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ, അറബ് രാജ്യം എന്ന ബഹുമതി മൊറോക്കോ കരസ്ഥമാക്കും.
Content Highlights:Again the Moroccan epic; This time broke Ronald’s record