| Sunday, 17th May 2026, 11:04 pm

1960 ൽ നഫീസത്ത് ബീവിക്ക് ശേഷം 2026 ൽ ഷാനിമോൾ ഉസ്മാൻ; കോൺഗ്രസിൽ നിന്ന് ഡെപ്യൂട്ടി സ്പീക്കറാകുന്ന രണ്ടാം വനിത

മുഹമ്മദ് നബീല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അപൂർവ വിജയം സ്വന്തമാക്കി യു.ഡി.എഫ് സർക്കാർ നാളെ അധികാരത്തിലേറുകയാണ്. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ ആരെല്ലാമാണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി, കൂടെ ഡെപ്യൂട്ടി സ്‌പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെയും സതീശൻ പ്രഖ്യാപിച്ചു.

എന്നാൽ ഈ പ്രഖ്യാപനം ഒരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്, 1960 ൽ ഡെപ്യൂട്ടി സ്‌പീക്കറായി നഫീസത്ത് ബീവിയെ തെരഞ്ഞെടുത്തത് നീണ്ട 66 വർഷത്തിന് ശേഷം ആദ്യമായാണ് ഈ പദവിയിലേക്ക് ഒരു കോൺഗ്രസ് വനിത നേതാവ് തെരഞ്ഞെടുക്കപ്പെടുന്നത്. 1960 ൽ നഫീസത്ത് ബീവി ആലപ്പുഴ മണ്ഡലത്തിൽ നിയമസഭയിലെത്തിയപ്പോൾ പിൻഗാമിയായി ഷാനിമോൾ ഉസ്മാൻ തൊട്ടടുത്ത മണ്ഡലമായ അരൂരിൽനിന്നാണ് സഭയിലെത്തുന്നത്.

ഇവിടെയും തീരുന്നില്ല രണ്ടുപേരും തമ്മിലുള്ള ഐക്യം. രണ്ടുപേരും കെ.പി.സി.സി , എ.ഐ.സി.സി അംഗങ്ങൾ ആയിരുന്നവർ, രണ്ടുപേരും നിയമ ബിരുദ ധാരികൾ, രണ്ടുപേരും ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപെട്ടവർ.

കെ.എം. സീതിസാഹിബ്, സി.എച്ച്. മുഹമ്മദ് കോയ എന്നീ പ്രഗൽഭ സ്പീക്കർമാരോടൊപ്പം പ്രവർത്തിക്കാൻ നഫീസത്ത് ബീവിയ്ക് സാധിച്ചിട്ടുണ്ട്. ഷാനിമോൾ ഉസ്മാനാകട്ടെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പമായിരിക്കും സഭ നിയത്രിക്കുക.

സി.എച്ച് മുഹമ്മദ് കോയ സ്പീക്കർ ആയിരിക്കെ മുസ്‌ലിം ലീഗ് മുന്നണിവിട്ട് പോയതോടെ നഫീസത്ത് ബീവിക്ക് സ്‌പീക്കർ സ്ഥാനം അലങ്കരിക്കാനും സാധിച്ചു.

1957 ൽ ആദ്യ നിയമസഭയിലും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വനിത തന്നെയായിരുന്നു. കായംകുളം മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായിയുന്ന കെ.ഒ. ആയിഷാഭായി ആയിരുന്നു കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ. പിന്നീട് 1987 – 1991 കാലയളവിൽ സി.പി.ഐയുടെ തന്നെ ഭാർഗവീ തങ്കപ്പനും ഈ പദവിയിലെത്തിയിട്ടുണ്ട്.

Content Highlight: After Nafeesat Beevi in ​​1960, Shanimol Usman in 2026; Second woman from Congress to become Deputy Speaker

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more