ഐ.പി.എല്‍ മെഗാ താര ലേലത്തിന് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഡ്രാഫ്റ്റിലും അണ്‍ സോള്‍ഡായി മുന്‍ കിവീസ് നായകനും സൂപ്പര്‍ താരവുമായ കെയ്ന്‍ വില്യംസണ്‍. ജനുവരി 13ന് ലാഹോറില്‍ നടന്ന പി.എസ്.എല്‍ ഡ്രാഫ്റ്റിലാണ് വില്യംസണ് നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ പോയത്.
ഡ്രാഫ്റ്റില്‍ പ്ലാറ്റിനം കാറ്റഗറിയിലാണ് കെയ്ന്‍ വില്യംസണ്‍ ഇടം നേടിയിരുന്നത്. എന്നാല്‍ ഒരു ടീം പോലും വില്യംസണെ സ്വന്തമാക്കാന്‍ താത്പര്യപ്പെട്ടിരുന്നില്ല. പ്ലാറ്റിനം കാറ്റഗറിയില്‍ പത്ത് താരങ്ങളെ വിവിധ ടീമുകള്‍ സ്വന്തമാക്കിയിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
കരിയറിലെ മോശം ഘട്ടത്തിലൂടെയാണ് വില്യംസണ്‍ നിലവില്‍ കടന്നുപോകുന്നത്. ടി-20 ഫോര്‍മാറ്റിലെ കണ്‍വെന്‍ഷണല്‍ ബാറ്റിങ് സമീപനവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റും കുട്ടി ക്രിക്കറ്റിലെ ഫ്രാഞ്ചൈസി ലീഗുകളടക്കമുള്ള മേഖലകളില്‍ വില്യംസണ് തിരിച്ചടിയാവുകയാണ്.
ടെസ്റ്റിലും ഏകദിനത്തിലും മികച്ച ട്രാക്ക് റെക്കോഡുള്ള താരത്തിന് ടി-20 ഫോര്‍മാറ്റിന്റെ അറ്റാക്കിങ് ശൈലിയുമായി പൊരുത്തപ്പെടാന്‍ സാധിക്കാറില്ല. ലേലത്തില്‍ ഇതും ചര്‍ച്ച ചെയ്യപ്പെട്ടിരിക്കും.
പരിക്കുകളും ഫിറ്റ്‌നെസ്സുമാണ് പി.എസ്.എല്‍ ടീമുകള്‍ അദ്ദേഹത്തില്‍ താത്പര്യം കാണിക്കാതിരുന്നത്. സമീപകാലത്തായി നിരവധി പരിക്കുകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരിക്കെ നേരിട്ട പരിക്കുകളും കുട്ടി ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കുറച്ചു.
2023ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒറ്റ ടി-20 മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. ഐ.പി.എല്‍ 2023ല്‍ ഒറ്റ മത്സരത്തില്‍ മാത്രം കളത്തിലിറങ്ങിയ താരം 2024ല്‍ രണ്ട് മത്സരവും മാത്രമാണ് കളിച്ചത്.
ഐ.പി.എല്‍ 2025ന്റെ മെഗാ താര ലേലത്തില്‍ ഒരു ടീമുകളും അദ്ദേഹത്തെ സ്വന്തമാക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന വില്യംസണ്‍ ഡേവിഡ് വാര്‍ണര്‍ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം അണ്‍ സോള്‍ഡാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വില്യംസണ്‍ രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ പി.എസ്.എല്ലിലും താരത്തിന് നിരാശയായിരുന്നു ഫലം. ഡേവിഡ് വാര്‍ണറിനെ കറാച്ചി കിങ്‌സ് സ്വന്തമാക്കിയപ്പോള്‍ ഡാരില്‍ മിച്ചലിനെ ലാഹോര്‍ ഖലന്തേഴ്‌സും സ്വന്തമാക്കി. ഇതോടെ ഐ.പി.എല്ലിലും പി.എസ്.എല്ലിലും അണ്‍സോള്‍ഡായ താരമെന്ന അനാവശ്യ നേട്ടവും താരത്തെ തേടിയെത്തി.