ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ബംഗ്ലാദേശ് സ്‌ക്വാഡില്‍ നിന്നും പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും തിരിച്ചടിയേറ്റ് സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസന്‍. പി.എസ്.എല്‍ ഡ്രാഫ്റ്റില്‍ അണ്‍സോള്‍ഡായി.
മുന്‍ സീസണുകളില്‍ കറാച്ചി കിങ്‌സിനും പെഷവാര്‍ സാല്‍മിക്കുമായി കളത്തിലിറങ്ങിയ ഷാകിബിനെ ഇത്തവണ ഒരു ടീമും സ്വന്തമാക്കാന്‍ താത്പര്യം കാണിച്ചില്ല.
നേരത്തെ ഐ.പി.എല്‍ മെഗാ താരലേലത്തിലും ഷാകിബിന് സ്ഥാനമുണ്ടായിരുന്നില്ല. ഇപ്പോള്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും താരത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്.
സൂപ്പര്‍ താരം നജ്മുല്‍ ഹൊസൈന്‍ ഷാന്റോയ്ക്ക് കീഴിലാണ് ബംഗ്ലാദേശ് 2025 ചാമ്പ്യന്‍സ് ട്രോഫിയ്ക്കിറങ്ങുന്നത്. ഷാകിബ് അല്‍ ഹസന് പുറമെ ലിട്ടണ്‍ ദാസിനും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല.
2006ന് ശേഷം ഇതാദ്യമായാണ് ബംഗ്ലാദേശ് ഷാകിബ് അല്‍ ഹസന്‍ ഇല്ലാതെ ഒരു ഐ.സി.സി ഇവന്റിനിറങ്ങുന്നത്. 2006 ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരംഭിച്ച താരത്തിന്റെ ഐ.സി.സി ബിഗ് ഇവന്റ് യാത്ര മറ്റൊരു ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുമ്പ് അവസാനിക്കുകയാണ്.
16 വിവിധ ഐ.സി.സി ഇവന്റുകളിലാണ് ഷാകിബ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചത്.
ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് ഷാകിബ് കളിച്ച ഐ.സി.സി ഇവന്റുകള്‍
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി 2006
ഐ.സി.സി ഏകദിന ലോകകപ്പ് 2007
ഐ.സി.സി ടി-20 ലോകകപ്പ് 2007
ഐ.സി.സി ടി-20 ലോകകപ്പ് 2009
ഐ.സി.സി ടി-20 ലോകകപ്പ് 2010
ഐ.സി.സി ഏകദിന ലോകകപ്പ് 2011
ഐ.സി.സി ടി-20 ലോകകപ്പ് 2012
ഐ.സി.സി ടി-20 ലോകകപ്പ് 2014
ഐ.സി.സി ഏകദിന ലോകകപ്പ് 2015
ഐ.സി.സി ടി-20 ലോകകപ്പ് 2016
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി 2017
ഐ.സി.സി ഏകദിന ലോകകപ്പ് 2019
ഐ.സി.സി ടി-20 ലോകകപ്പ് 2021
ഐ.സി.സി ടി-20 ലോകകപ്പ് 2022
ഐ.സി.സി ഏകദിന ലോകകപ്പ് 2023
ഐ.സി.സി ടി-20 ലോകകപ്പ് 2024
ഇന്ത്യ കിരീടമണിഞ്ഞ 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.