ഇന്ത്യയോട് തോറ്റവരില്‍ ശ്രീലങ്കയോട് തോറ്റ് ഓസ്‌ട്രേലിയ; സൂപ്പര്‍ റെക്കോഡില്‍ ഇന്ത്യ മൂന്നാമത്
Sports News
ഇന്ത്യയോട് തോറ്റവരില്‍ ശ്രീലങ്കയോട് തോറ്റ് ഓസ്‌ട്രേലിയ; സൂപ്പര്‍ റെക്കോഡില്‍ ഇന്ത്യ മൂന്നാമത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th November 2025, 2:47 pm

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ നാലാം മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ പരമ്പരയില്‍ മുമ്പിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ 48 റണ്‍സിനാണ് സൂര്യയും സംഘവും പരാജയപ്പെടുത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 18.2 ഓവറില്‍ 119ന് പുറത്താവുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.

ഇതോടെ ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയോട് ഏറ്റവുമധികം മത്സരം തോറ്റ ടീം എന്ന മോശം നേട്ടവും ഓസ്‌ട്രേലിയയുടെ പേരില്‍ കുറിക്കപ്പെട്ടു. ഇത് 22ാം തവണയാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ടി-20 ഫോര്‍മാറ്റില്‍ പരാജയപ്പെടുന്നത്.

ഇതിനൊപ്പം ടി-20 ഫോര്‍മാറ്റില്‍ ഒരു എതിരാളിക്കെതിരെ ഏറ്റമധികം വിജയം നേടുന്ന ടീമുകളുടെ ലിസ്റ്റില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കും ഉയര്‍ന്നു.

ടി-20യില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവുമധികം വിജയം

(ടീം – എതിരാളികള്‍ – വിജയം എന്നീ ക്രമത്തില്‍)

പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 24

ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ – 23

ഇന്ത്യ – ഓസ്‌ട്രേലിയ – 22*

ഇന്ത്യ – ശ്രീലങ്ക – 21

പാകിസ്ഥാന്‍ – ബംഗ്ലാദേശ് – 21

(സൂപ്പര്‍ ഓവര്‍ വിജയങ്ങള്‍ കണക്കിലെടുക്കാതെ)

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഏറ്റവുമധികം റണ്ണടിച്ചത്. 39 പന്ത് നേരിട്ട താരം 46 റണ്‍സ് നേടി പുറത്തായി.

അഭിഷേക് ശര്‍മ 21 പന്തില്‍ 28 റണ്‍സുമായി മടങ്ങി. ശിവം ദുബെ 18 പന്തില്‍ 22 റണ്‍സും അക്‌സര്‍ പട്ടേല്‍ 11 പന്തില്‍ പുറത്താകാതെ 21 റണ്‍സും അടിച്ചെടുത്തു. പത്ത് പന്തില്‍ 20 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പുറത്തായത്.

ഏഷ്യാ കപ്പിന് ശേഷം മോശം ഫോം തുടരുന്ന സൂപ്പര്‍ താരം തിലക് വര്‍മയ്ക്ക് ഇത്തവണയും തിളങ്ങാനായില്ല. ആറ് പന്ത് നേരിട്ട് അഞ്ച് റണ്‍സിനാണ് തിലക് പുറത്തായത്. ജിതേഷ് ശര്‍മയും നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട താരം മൂന്ന് റണ്‍സ് നേടി പുറത്തായി.

ഒടുവില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167ലെത്തി.

കങ്കാരുക്കള്‍ക്കായി നഥാന്‍ എല്ലിസും ആദം സാംപയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സേവ്യര്‍ ബാര്‍ട്‌ലെറ്റും മാര്‍കസ് സ്റ്റോയ്‌നിസുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ആ മൊമെന്റം തുടരാന്‍ സാധിക്കാതെ പോയതോടെയാണ് മത്സരം കൈവിട്ടത്. മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ ചെറുത്തുനില്‍ക്കാനോ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ പിടിച്ചുകെട്ടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി തിളങ്ങിയ സൂപ്പര്‍ താരം വാഷിങ്ടണ്‍ സുന്ദറാണ് ഓസീസിനെ തകര്‍ത്തെറിഞ്ഞത്. അക്‌സര്‍ പട്ടേലും ശിവം ദുബെയും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നവംബര്‍ എട്ടിനാണ് പരമ്പരയിലെ അവസാന മത്സരം. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഓസീസിന് വിജയം അനിവാര്യമാണ്. ദി ഗാബ്ബയാണ് വേദി.

 

Content Highlight: After defeating Australia in 4th T20, India climbs to 3rd in most wins against an opponent in T20I