ലുധിയാന: ബി.ജെ.പി എസ്.ഐ.ആറിലൂടെ പഞ്ചാബിൽ വോട്ടുകൾ വെട്ടുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ. വോട്ടുകൾ വെട്ടാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ആം ആദ്മി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആർ പ്രക്രിയയിലൂടെ വോട്ടുകൾ നീക്കം ചെയ്യുന്നത് തടയുക എന്ന ഉദ്ദേശത്തിൽ പാർട്ടി യോഗം ചേർന്നതായി അദ്ദേഹം പറഞ്ഞു. മനീഷ് സിസോദിയ, കാബിനറ്റ് മന്ത്രിമാർ, എം.എൽ.എമാർ, ജില്ലാ പ്രസിഡന്റുമാർ, മണ്ഡലം ഇൻ-ചാർജുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തതായി പ്രസ്താവനയിൽ പറഞ്ഞു.
2027 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് വോട്ടുകൾ വെട്ടാനുള്ള ശ്രമമെന്ന് നേതാക്കൾ പറഞ്ഞു.
സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഈ ശ്രമങ്ങൾ ഒരു കാരണവശാലും വിജയിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
‘മുമ്പ് ഇ.ഡി, സി.ബി.ഐ റെയ്ഡുകളിലൂടെ പ്രതിപക്ഷ നേതാക്കളെ അടിച്ചമർത്താനാണ് ബി.ജെ.പി ശ്രമിച്ചതെങ്കിൽ ഇപ്പോൾ അവർ വോട്ടുകൾ വെട്ടിമാറ്റാൻ പദ്ധതിയിടുകയാണ്,’ മനീഷ് സിസോദിയ പറഞ്ഞു.
ലക്ഷക്കണക്കിന് പഞ്ചാബി വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാനും അവരുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാനുമുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ നടന്നു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
ആം ആദ്മി പാർട്ടി ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെ കർശനമായ നിരീക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഓരോ വോട്ടും സംരക്ഷിക്കാൻ ആം ആദ്മി വോളന്റിയർമാരും നേതാക്കളും എം.എ.എമാരും മന്ത്രിമാരും നേരിട്ട് രംഗത്തിറങ്ങും. ഒരു പഞ്ചാബിയോടും അനീതി കാണിക്കാൻ അനുവദിക്കില്ല. ആരുടെയെങ്കിലും വോട്ട് വെട്ടിമാറ്റാൻ ശ്രമിച്ചാൽ എ.എ.പി അതിനെ ശക്തമായി എതിർക്കും,’ ആം ആദ്മി നേതാവ് പറഞ്ഞു.
ബി.ജെ.പി പഞ്ചാബ് വിരുദ്ധ പാർട്ടിയാണെന്ന് ആരോപിച്ച സിസോദിയ പഞ്ചാബിന്റെ വിഭവങ്ങളും സ്ഥാപനങ്ങളും കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
Content Highlight: After Bengal, Punjab too; Aam Aadmi alleges vote rigging through SIR