ബുംറ റോക്കി ഭായി തന്നെടാ; ലോകകപ്പ് ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ ട്രോളില്‍ നിറഞ്ഞ് സൂപ്പര്‍ താരം
Sports News
ബുംറ റോക്കി ഭായി തന്നെടാ; ലോകകപ്പ് ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ ട്രോളില്‍ നിറഞ്ഞ് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th October 2022, 6:21 pm

ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ജസ്പ്രീത് ബുംറ പുറത്തായത് ആരാധകരെ വലിയ നിരാശരാക്കിയിരുന്നു. പരിക്ക് മൂലം സൂപ്പര്‍ താരം ടീമിലില്ലാതായത് ഇന്ത്യക്ക് തിരിച്ചടിയാവും. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക് മുമ്പ് നടന്ന പരിശീലനത്തില്‍ വെച്ചാണ് ബുംറക്ക് പരിക്കേറ്റത്. പുറത്തിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമിക്കണമെന്ന നിര്‍ദേശമാണ് മെഡിക്കല്‍ സംഘം ബുംറക്ക് നല്‍കിയത്.

ബുംറക്ക് പകരക്കാരനായി ദീപക് ചഹറോ മുഹമ്മദ് ഷമിയോ മുഹമ്മദ് സിറാജോ ടീമിലിടം പിടിക്കാനാണ് സാധ്യത. ബുംറ ടീമിന് പുറത്തായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഉയര്‍ന്നിരിക്കുകയാണ്. ബുംറയില്ലാത്ത ഇന്ത്യയുടെ ബോളിങ് നിരയെ പറ്റിയാണ് ഒരു കൂട്ടരുടെ ആശങ്ക. പരിക്ക് കാരണം ബുംറ വേള്‍ഡ് കപ്പിനുണ്ടാവില്ലെന്ന് ബി.സി.സി.ഐക്ക് ബാക്കിയെല്ലാവര്‍ക്കും അറിയാം എന്നാണ് മറ്റൊരു മീം.

ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ബുംറ ലോകകപ്പിന്റെ സമയത്ത് സ്ഥിരമായി പരിക്കിന്റെ പിടിയിലാവുന്നതും ട്രോളുകളില്‍ നിറയുന്നുണ്ട്. റോക്കി ഭായിയുടെ മീമാണ് ഏറ്റവും ശ്രദ്ധ നേടുന്നത്. റോക്കിയുടെ ശരീരത്തില്‍ ബുംറയുടെ മുഖം എഡിറ്റ് ചെയ്തുവെച്ച് ‘ഇന്‍ജുറി, ഇന്‍ജുറി, ഇന്‍ജുറി, ഐ ഡോണ്ട് ലൈക്ക് ഇന്‍ജുറി, ഐ അവോയ്ഡ്, ബട്ട് ഇന്‍ജുറി ലൈക്ക്‌സ് മീ, ഐ കാന്‍ഡ് അവോയ്ഡ്,’ എന്ന ക്യാപ്ഷനോടെയാണ് മീം പ്രചരിക്കുന്നത്.

ഒക്ടോബര്‍ 23ന് മെല്‍ബണില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിര പ്രതീക്ഷാവഹമായ പ്രകടനമാണ് നടത്തുന്നതെങ്കിലും നിലവിലെ ബൗളിങ് നിര മോശം നിലവാരമാണ് പുലര്‍ത്തുന്നത്. വന്‍ തോതില്‍ റണ്‍ വിട്ടുനല്‍കുന്നുവെന്നാണ് ഒട്ടുമിക്ക കളിക്കാര്‍ക്കെതിരെയും ഉയരുന്ന വിമര്‍ശനം.

അതുകൊണ്ട് തന്നെ ബുംറ കൂടി ഇല്ലാതായാല്‍ ഇന്ത്യ അടപടലം പൊട്ടിത്തകരാനും സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു. ബാറ്റര്‍മാര്‍ എത്ര മികച്ച പ്രകടനം നടത്തിയാലും ബൗളര്‍മാര്‍ എതിര്‍ടീമിന് റണ്ണൊഴുക്കാന്‍ അവസരമുണ്ടാക്കാന്‍ നില്‍ക്കുകയാണെങ്കില്‍ എല്ലാം കൈവിട്ടു പോകില്ലെയെന്നും ഇവര്‍ ചോദിക്കുന്നു.

Content Highlight: After being out of the World Cup team, jaspreet bumrah is full of trolls