വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്.
ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.
വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. പരിചയസമ്പന്നരായ താരങ്ങളില്ലാതെ താരതമ്യേന യുവനിരയുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
വിരാടും രോഹിത്തും മാത്രമല്ല, ഇതിഹാസ താരം ആര്‍. അശ്വിനും ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. 5050 ദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് വിരാടോ അശ്വിനോ രോഹിത്തോ ഇല്ലാതെ ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. ഇതിന് മുമ്പ് 2011ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇത്തരമൊരു മത്സരം നടന്നത്.
അതേസമയം, ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുക എന്ന ഏറെ ഭാരിച്ച ദൗത്യമാണ് ശുഭ്മന്‍ ഗില്ലിന് മുമ്പിലുള്ളത്. വിരാട് കോഹ്‌ലിക്കോ എം.എസ്. ധോണിക്കോ സാധിക്കാത്ത നേട്ടമാണിത്.
ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.
വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.
ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.