സൂപ്പര്‍ താരത്തെ പൊക്കി മുംബൈ ഇന്ത്യന്‍സ്; ഐ.പി.എല്ലില്‍ ഇറങ്ങാനിരിക്കുന്നത് പവര്‍ സ്പിന്നര്‍
Sports News
സൂപ്പര്‍ താരത്തെ പൊക്കി മുംബൈ ഇന്ത്യന്‍സ്; ഐ.പി.എല്ലില്‍ ഇറങ്ങാനിരിക്കുന്നത് പവര്‍ സ്പിന്നര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th February 2025, 4:09 pm

പരിക്ക് കാരണം അഫ്ഗാനിസ്ഥാന്റെ യുവ സ്പിന്നര്‍ അള്ളാ ഗസന്‍ഫാര്‍ ഐ.പി.എല്ലില്‍ നിന്ന് പുറത്തായിരുന്നു. ഇപ്പോള്‍ താരത്തിന് പകരം മറ്റൊരു അഫ്ഗാന്‍ താരത്തെ പകരക്കാരനായി പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്.

അഫ്ഗാന്റെ തന്നെ മുജീബ് ഉര്‍ റഹ്‌മാനെയാണ് പകരക്കാരനായി മുംബൈ ഇന്ത്യന്‍സ് സൈന്‍ ചെയ്തത്. ഐ.പി.എല്ലില്‍ 19 മത്സരങ്ങള്‍ കളിച്ച അനുഭവ പരിചയമുള്ള താരമാണ് മുജീബ് ഉര്‍ റഹ്‌മാന്‍.

അഫ്ഗാനിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനിടെയാണ് 18കാരനായ അള്ളാഹ് ഗസന്‍ഫറിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ നിന്ന് അള്ളാ ഗസന്‍ഫാര്‍ നേരത്തെ പുറത്തായിരുന്നു. കുറഞ്ഞത് നാല് മാസമെങ്കിലും താരത്തിന് കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മുജീബ്. മൊത്തം 19 ഐ.പി.എല്‍ മത്സരത്തില്‍ നിന്ന് 8.18 എന്ന എക്കോണമിയില്‍ 19 വിക്കറ്റുകളാണ് മുജീബ് നേടിയത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഗസന്‍ഫറിന്റെ പുറത്താകല്‍ അഫ്ഗാനിസ്ഥാന് വലിയ തിരിച്ചടിയാണ്. ടീമിന്റെ മികച്ച യുവ സ്പിന്നര്‍മാരില്‍ ഒരാളാണ് താരം. എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പിലെ അഫ്ഗാനിസ്ഥാന്റെ വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.

തുടര്‍ന്ന് ശ്രീലങ്ക എയ്‌ക്കെതിരായ ഫൈനലില്‍ ഒരു മാച്ച് വിന്നിങ് പ്രകടനം പുറത്തെടുത്തു. ഏകദിന കരിയറില്‍ ഇതിനകം തന്നെ 11 മത്സരങ്ങളില്‍നിന്ന് 13.57 ശരാശരിയില്‍ 21 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Content Highlight:  Afghan off spinner has been signed by Mumbai Indians as a replacement for Allah Ghazanfar