വജ്രായുധമില്ലാതെ അഫ്ഗാനിസ്ഥാന്‍ വരുന്നു; ലങ്കന്‍ മണ്ണിലേക്ക്
Cricket
വജ്രായുധമില്ലാതെ അഫ്ഗാനിസ്ഥാന്‍ വരുന്നു; ലങ്കന്‍ മണ്ണിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th February 2024, 9:34 am

ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാന്‍ ടീമിന്റെ പ്രധാന സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍ എന്നിവര്‍ ടീമില്‍ ഇടം നേടിയില്ല. ഇരു താരങ്ങളും പരിക്കിന്റെ പിടിയിലായതിന് പിന്നാലെയാണ് ടീമില്‍ ഇടം നേടാതെ പോയത്.

ശ്രീലങ്കക്കെതിരെ നടന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് മുജീബിന് വലതു കൈക്ക് പരിക്കേറ്റത്. മറുഭാഗത്ത് നട്ടെല്ലിന് പരിക്കേറ്റ റാഷിദ് ഖാന്‍ സുഖം പ്രാപിച്ചു വരികയുമാണെന്നാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.

ഇവര്‍ക്ക് പുറമേ ഇക്രം അലിഖിലും റഹ്‌മത്ത് ഷായും മുഹമ്മദ് സാഫിയും ടീമില്‍ ഇടം നേടിയില്ല. സാഫി ഹാം സ്ട്രിംങ് സ്‌ട്രെയിനുമായാണ് ടീമില്‍ നിന്നും പുറത്തായത്. ഇവര്‍ക്ക് പകരക്കാരായി വഫാദര്‍ മൊമന്ദും മുഹമ്മദ് ഇഷാക്കും ടീമില്‍ ഇടം നേടി.

ടീമിനെ പ്രഖ്യാപിച്ചതിനുശേഷം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ നസീബ് ഖാന്‍ പ്രതികരിക്കുകയും ചെയ്തു.

‘ഞങ്ങളുടെ യുവതാരങ്ങള്‍ക്ക് കൃത്യമായ ഒരു എക്‌സ്‌പോഷര്‍ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ടീമില്‍ ശക്തമായ ഒരു ബെഞ്ച് സ്ഥലത്ത് കെട്ടിപ്പടുക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. കാരണം പ്രധാന കളിക്കാര്‍ക്ക് കൃത്യമായ ബാക്കപ്പുകള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ നസീബ് ഖാന്‍ പറഞ്ഞു.

ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുക. അതേസമയം ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും ശ്രീലങ്കയോട് അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ടി-20 പരമ്പരയില്‍ ശക്തമായി തിരിച്ചുവരാനാവും അഫ്ഗാനിസ്ഥാന്‍ ലക്ഷ്യമിടുക.

ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്

ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഇസ്ഹാഖ് (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായി, ഗുല്‍ബാദിന്‍ നായിബ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായി, കരീം ജന്നത്ത്, ഷറഫുദ്ദീന്‍ അഷ്‌റഫ്, ഫസല്‍ഹഖ്, ഫരീദുല്‍ , നൂര്‍ അഹമ്മദ്, വഫാദര്‍ മൊമാന്‍ദ്, ഖായിസ് അഹ്‌മദ്.

Content Highlight: Afganistan squad for Srilanka t20 series