മലയാള സിനിമയിൽ ഒരു കോസ്റ്റ്യൂം ഡിസൈനറായി എത്തി, പിന്നീട് അഭിനേതാവായി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് ഇന്ദ്രൻസ്. തുടക്കത്തിൽ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഇന്ദ്രൻസ്, ഇന്ന് ശക്തമായ ക്യാരക്ടർ റോളുകളിലൂടെ തന്റെ അഭിനയമികവ് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ, ഇന്ദ്രൻസ് ടൈറ്റിൽ റോളിൽ എത്തുന്ന പുതിയ ചിത്രം ‘ആശാൻ’ന്റെ പ്രീ-റിലീസ് ഇവന്റിൽ നിന്നുള്ള വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ കുറിച്ച് ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
‘മമ്മൂക്ക നമ്മളൊക്കെയും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന ഒരാളാണ്. അദ്ദേഹത്തെ പോലെ അഭിനയിക്കണം, അദ്ദേഹത്തെ പോലെ ആകണം എന്ന മോഹം ഇപ്പോഴും നമ്മളുടെ ഉള്ളിൽ ഉണ്ടാക്കുന്ന ഒരാളാണ് മമ്മൂക്ക. അതുകൊണ്ടുതന്നെ നമ്മൾക്കൊക്കെ വലിയ അഭിമാനമാണ്. മമ്മൂക്കയും അദ്ദേഹം നേടിയ ബഹുമതികളും അദ്ദേഹത്തെയും ലോകോത്തര നടന്മാർക്ക് മുന്നിൽ കാണിക്കാൻ പറ്റുന്ന നമ്മുടെ സ്വന്തം ഒരു ആശാനാണ്,’ ഇന്ദ്രൻസ് പറഞ്ഞു.
ഇന്ദ്രൻസ്, Photo: YouTube/ Screengrab
ഇവന്റിൽ മമ്മൂട്ടി ഇന്ദ്രൻസിനെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരുകാലത്ത് ഇന്ദ്രൻസിനെ ബോഡി ഷെയ്മിങ് ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യേണ്ടി വന്നിരുന്നുവെങ്കിൽ, ഇന്ന് തന്റെ അഭിനയത്തിലൂടെ മറ്റുള്ളവരെ ‘ഷെയിം’ ചെയ്യാൻ കഴിയുന്ന നിലയിലേക്കാണ് അദ്ദേഹം എത്തിയിരിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.
‘ഇതുവരെ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല. സിനിമയുടെ സമീപനം, അവതരണരീതി, അഭിനേതാക്കളുടെ പ്രകടനങ്ങൾ എല്ലാം മികച്ചതാണ്. ഇത് ഒരു അത്ഭുത പരിപാടിയാണ്, വൻ പരിപാടിയാണ്. കഥ കേട്ടപ്പോഴേ ഇതിന് കുഴപ്പം വരില്ലെന്ന് ഞാൻ ഗ്യാരണ്ടി നൽകിയിരുന്നു,’ മമ്മൂട്ടി കൂട്ടിച്ചേർത്തു.
ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജോൺപോൾ ജോർജാണ് ‘ആശാൻ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിറും, നൂറിലധികം പുതുമുഖങ്ങളും എത്തുന്നു. ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നു.
നാല്പതിലധികം വർഷങ്ങളായി 550ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഇന്ദ്രൻസ്, ആദ്യമായി ഒരു കൊമേഴ്സ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നതാണ് ‘ആശാൻ’ന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഒരു ഗാനത്തിന് ഇന്ദ്രൻസ് തന്നെ ശബ്ദം നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.