എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് 2ല്‍ സൗദി പ്രോ ലീഗ് സൂപ്പര്‍ ടീം അല്‍ നസറും ഇന്ത്യന്‍ കരുത്തരായ എഫ്.സി ഗോവയും ഒരേ ഗ്രൂപ്പില്‍. ഗ്രൂപ്പ് ഡി-യിലാണ് ഇരു ടീമുകളും ഇടം പിടിച്ചിരിക്കുന്നത്.
ഇരുവര്‍ക്കും പുറമെ ഇറാഖി വമ്പന്‍മാരായ അല്‍-സവാര എസ്.സി, താജിക്കിസ്ഥാന്‍ സൂപ്പര്‍ ടീം ഇസ്തിക്ലോല്‍ എന്നിവരാണ് ഗ്രൂപ്പ് ഡി-യിലെ മറ്റ് ടീമുകള്‍.
സൂപ്പര്‍ താരം ലയണല്‍ മെസി ഇന്ത്യയിലേക്കെത്തുന്നു എന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടെയാണ് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് 2ല്‍ അല്‍ നസറും എഫ്.സി. ഗോവയും ഒരേ ഗ്രൂപ്പില്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന് ഏറെ വേരോട്ടമുള്ള ഗോവന്‍ മണ്ണിലേക്ക് ഇതിഹാസത്തിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
എന്നാല്‍ സൂപ്പര്‍ താരം എഫ്.സി ഗോവയ്‌ക്കെതിരെ കളിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. താരത്തിന്റെ പുതിയ കരാര്‍ പ്രകാരം എ.സി.എല്‍ 2ല്‍ എവേ മാച്ചുകള്‍ കളിക്കണമെന്ന് താരത്തിന് നിര്‍ബന്ധമില്ല. ഇത് തീര്‍ത്തും റൊണാള്‍ഡോയുടെ ചോയ്‌സാണ്. ഇക്കാരണം കൊണ്ട് തന്നെ താരം ഗോവയ്‌ക്കെതിരെ കളത്തിലിറങ്ങുമോ എന്ന് കണ്ട് തന്നെയറിയണം.
എഫ്.സി. ഗോവയ്ക്ക് പുറമെ ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളില്‍ പ്രധാനിയായ മോഹന്‍ ബഗാനും എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് 2ല്‍ കളിക്കുന്നുണ്ട്. ഗ്രൂപ്പ് സി-യിലാണ് മോഹന്‍ ബഗാന്‍ ഇടം പിടിച്ചിരിക്കുന്നത്.