പുതിയ കുടിയേറ്റ നിയമം; സാധ്യതകളും പരിമിതികളും
DISCOURSE
പുതിയ കുടിയേറ്റ നിയമം; സാധ്യതകളും പരിമിതികളും
ആര്‍.മുരളീധരന്‍
Monday, 10th November 2025, 6:01 pm
വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട് ഓവര്‍സീസ് മൊബിലിറ്റി ആന്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലും പ്രാദേശികാടിസ്ഥാനത്തില്‍ റീജ്യണല്‍ ഓവര്‍സീസ് മൊബിലിറ്റി ഓഫീസര്‍മാരെയും മൊബിലിറ്റി റിസോഴ്‌സ് സെന്ററുകളും രൂപീകരിച്ച് പ്രവാസികള്‍ക്ക് നേരിട്ട് സഹായം നല്‍കാന്‍ പദ്ധതിയിടുന്നതാണ് ഈ നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി വിദേശമന്ത്രാലയം എടുത്തുകാട്ടുന്നത് | അഡ്വ. ആര്‍. മുരളീധരന്‍ ഡൂള്‍ന്യൂസിലെഴുതുന്നു

കാലഹരണപ്പെട്ട 1983ലെ കുടിയേറ്റനിയമം (The Emigration Act, 1983) പൂര്‍ണമായും മാറ്റിസ്ഥാപിക്കുകയും, ആധുനിക ലോക സാഹചര്യങ്ങള്‍ക്കും സമകാലീന കുടിയേറ്റ പ്രവണതകള്‍ക്കും അനുയോജ്യമായതും പ്രവാസികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതുമായ സമഗ്രമായ ഒരു കുടിയേറ്റനിയമം രൂപപ്പെടുത്തുകയും ചെയ്യുകയെന്നത് പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ്.

പ്രവാസികളുടെ സുരക്ഷിതത്വം, ക്ഷേമം, അവകാശസംരക്ഷണം എന്നിവ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മുന്നില്‍ കണ്ടുകൊണ്ടാണ് വിദേശകാര്യ മന്ത്രാലയം നിരവധി അഴിച്ചുപണികള്‍ നടത്തിയ ശേഷം Overseas Mobility (Facilitation and Welfare) Bill, 2025 എന്ന പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്.

സുരക്ഷിതവും ക്രമബദ്ധവുമായ പ്രവാസം പ്രോത്സാഹിപ്പിക്കുക, വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ ഏകീകരണം ഉറപ്പാക്കുക, ഡാറ്റ അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍ രൂപപ്പെടുത്തുക തുടങ്ങിയവയാണ് ബില്ലിന്റെ മുഖ്യ ലക്ഷ്യങ്ങളായി അവതരിക്കപ്പെട്ടിട്ടുള്ളത്.

സമഗ്രമായ കുടിയേറ്റനിയമത്തിനുവേണ്ടിയുള്ള 2016 മുതലുള്ള പരിശ്രമങ്ങളുടെ ആകെത്തുകയാണ് ഇപ്പോള്‍ ബില്‍ രൂപത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

ബില്ലിന്റെ സവിശേഷതകള്‍

വിദേശത്തേക്ക് ജോലി തേടി പോകുന്ന ഇന്ത്യക്കാര്‍ക്ക് സുരക്ഷിതവും ക്രമബദ്ധവുമായ പ്രവാസം ഉറപ്പാക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട് ഓവര്‍സീസ് മൊബിലിറ്റി ആന്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലും പ്രാദേശികാടിസ്ഥാനത്തില്‍ റീജ്യണല്‍ ഓവര്‍സീസ് മൊബിലിറ്റി ഓഫീസര്‍മാരെയും മൊബിലിറ്റി റിസോഴ്സ് സെന്ററുകളും രൂപീകരിച്ച് പ്രവാസികള്‍ക്ക് നേരിട്ട് സഹായം നല്‍കാന്‍ പദ്ധതിയിടുന്നതാണ് ഈ നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി വിദേശമന്ത്രാലയം എടുത്തുകാട്ടുന്നത്.

കൂടാതെ ദേശാന്തര കുടിയേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ നടപ്പിലാക്കുന്നതിനും ബില്‍ പ്രാധാന്യം നല്‍കുന്നതായി ബില്ലിന്റെ ആവിഷ്‌കര്‍ത്താക്കളായ വിദേശമന്ത്രാലയം അവകാശപ്പെടുന്നു.

തൊഴില്‍ പഠനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഡാറ്റ നിര്‍മിത നയ രൂപീകരണവും വിവിധ മന്ത്രാലയങ്ങളുമായി ഏകീകരിച്ച പ്രവര്‍ത്തനങ്ങളും ബില്‍ വഴി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നു.

സമഗ്രമായ അഴിച്ചുപണി അനിവാര്യം

എന്നാല്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് നീതി ഉറപ്പാക്കുന്ന ഒരു നിയമമായി ഈ ബില്‍ മാറണമെങ്കില്‍, അതില്‍ മൗലികമായ ചില മാറ്റങ്ങള്‍ അനിവാര്യമാണ്. പ്രവാസികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും സമയബന്ധിതമായി പരിഹരിക്കാനുമുള്ള ഓംബുഡ്സ്മാന്‍ പോലുള്ള സംവിധാനങ്ങള്‍ വേണം.

പ്രവാസികളുടെ വ്യക്തിഗതവും സ്വകാര്യവുമായ വിവരങ്ങളുടെ നിയന്ത്രണാവകാശം ഉറപ്പാക്കണം, റീജിയണല്‍ ഓഫീസര്‍മാരുടെയും മൊബിലിറ്റി സെന്ററുകളുടെയും പ്രവര്‍ത്തനരീതികളും ചുമതലകളും വ്യക്തമായി നിര്‍വചിക്കണം, എമിഗ്രേഷന്‍ സെല്ലുകള്‍, സിവില്‍ സൊസൈറ്റി പങ്കാളികള്‍ തുടങ്ങിയവയുമായി മെച്ചപ്പെട്ട ഏകോപനം ഉറപ്പാക്കണം, പ്രവാസികളുടെ ഭാഷാപരിജ്ഞാനം, സാമൂഹ്യ സാഹചര്യങ്ങള്‍, ആരോഗ്യസ്ഥിതി പരിഗണിക്കണം, തുടങ്ങി പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ലക്ഷ്യമിടുന്ന പ്രവാസി കേന്ദ്രീകൃത നിയമ ചട്ടക്കൂടിലേക്ക് ബില്ലിനെ മാറ്റിയെടുക്കേണ്ടതുണ്ട്.

പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്സ് (PoE ) ഓഫീസുകളുടെ ഭാവി

പുതിയ ബില്‍ വിഭാവനം ചെയ്യുന്ന റീജ്യണല്‍ ഓവര്‍സീസ് മൊബിലിറ്റി ഓഫീസര്‍മാര്‍ (ROMO) എന്ന സംവിധാനത്തിലേക്ക് മാറുമ്പോള്‍ രാജ്യത്ത് നിലവിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (PoE) ഓഫീസുകളുടെ ഭാവിയെക്കുറിച്ച് ബില്‍ വ്യക്തത നല്‍കുന്നില്ല .

PoE ഓഫീസുകളും അവിടത്തെ പരിശീലനം ലഭിച്ച ജീവനക്കാരും ഇപ്പോള്‍ നിര്‍വഹിക്കുന്ന സേവനങ്ങള്‍ തുടര്‍ന്നും പ്രവാസികള്‍ക്ക് ലഭ്യമാകണമെങ്കില്‍, അവരുടെ ഉത്തരവാദിത്വങ്ങള്‍ പുതിയ സംവിധാനത്തിലേക്ക് എങ്ങനെ മാറ്റപ്പെടും എന്നതിനെക്കുറിച്ചും സേവനങ്ങളില്‍ തടസ്സമുണ്ടാകാതെ എങ്ങനെ തുടര്‍ച്ച ഉറപ്പാക്കാം എന്നതിനെക്കുറിച്ചും ബില്ലില്‍ വ്യക്തമായ ട്രാന്‍സിഷന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

ഇതിലൂടെ നിലവിലെ സ്ഥാപനങ്ങളുടെ Institutional Memory (അനുഭവങ്ങള്‍, പഠനങ്ങള്‍, നയപരമായ തീരുമാനങ്ങള്‍, പ്രവര്‍ത്തനരീതികള്‍, ചരിത്രപരമായ വിവരങ്ങള്‍ തുടങ്ങിയവ) നിലനിര്‍ത്തുകയും, പുതിയ സംവിധാനത്തിലേക്ക് പ്രവാസി സേവനങ്ങള്‍ മൃദുവായി മാറ്റാനാകും.

വേതന ചോരണം

വിദേശങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് വേതന തട്ടിപ്പ്. തൊഴിലുടമകള്‍ പലപ്പോഴും അര്‍ഹമായ വേതനവും സര്‍വീസ് ആനുകൂല്യങ്ങളും നല്‍കാതെ തൊഴിലാളികളെ വഞ്ചിക്കുന്ന രീതിയെ ബില്ല് അഭിസംബോധന ചെയ്യുന്നില്ല.

ഈ ബില്ലില്‍ വേതന തട്ടിപ്പിനെ ഒരു നിയമലംഘനമായി പരിഗണിക്കുന്നില്ല. അതിനെതിരെ ശക്തമായ നിയമനടപടികള്‍, നിയമ സഹായം, നഷ്ടപ്പെട്ട വേതനം വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം.

വേതന തട്ടിപ്പിനെതിരെ ശക്തമായ നിയമ വ്യവസ്ഥകള്‍, അന്തര്‍ദേശീയ കരാറുകള്‍ പ്രകാരമുള്ള സംരക്ഷണങ്ങള്‍, ഫാസ്റ്റ്-ട്രാക്ക് പരാതി പരിഹാര സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്/.

വേണം, ഓംബുഡ്സ്മാന്‍

പ്രവാസികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കാനും അവയ്ക്ക് സമയബന്ധിതമായ പരിഹാരങ്ങള്‍ ലഭിക്കാനും കഴിയുന്ന വ്യക്തവും കൃത്യവുമായ നിയമപരമായ സംവിധാനം ഇല്ലാത്തത് ഈ ബില്ലിന്റെ ഏറ്റവും ഗുരുതരമായ കുറവുകളിലൊന്നാണ്.

നിലവിലെ വ്യവസ്ഥയില്‍, ഉദ്യോഗസ്ഥര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പ്രവാസികള്‍ക്ക് ചോദ്യം ചെയ്യാനോ അപ്പീല്‍ നല്‍കാനോ ഉള്ള നിയമപരമായ മാര്‍ഗങ്ങള്‍ വ്യക്തമല്ല, അതിനാല്‍ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അവര്‍ക്ക് നീതി ലഭിക്കാന്‍ വലിയ തടസ്സങ്ങളുണ്ടാകുന്നു.

വേതന തട്ടിപ്പ്, പാസ്പോര്‍ട്ട് പിടിച്ചുവെക്കല്‍, ജോലി നഷ്ടം, താമസാനുമതി പ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കാനും, അവയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും നടപ്പിലാക്കാനും കഴിയുന്ന സ്വതന്ത്രവും പ്രാദേശികതലത്തിലും പ്രവര്‍ത്തനക്ഷമവുമായ ഓംബുഡ്‌സ്മാന്‍ സംവിധാനത്തെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

മൊബിലിറ്റി റിസോഴ്സ് സെന്ററിലെ അവ്യക്തത

മൊബിലിറ്റി റിസോഴ്സ് സെന്ററുകള്‍ എന്ന ആശയം പ്രവാസി സേവനങ്ങള്‍ വികേന്ദ്രീകരിക്കാനും, പ്രദേശിക തലത്തില്‍ സഹായം നല്‍കാനും ഉദ്ദേശിച്ചുള്ളതായതിനാല്‍ അത്യന്തം പ്രസക്തവും ഉപകാരപ്രദവുമാണ്.

എന്നാല്‍, ഇവയുടെ പ്രവര്‍ത്തനരീതികള്‍, ജീവനക്കാരുടെ ചുമതലകള്‍, സേവന നിലവാരങ്ങള്‍ എന്നിവ ബില്ലില്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നത് ഒരു ഗുരുതരമായ പോരായ്മയാണ്. ഇതുമൂലം ഭാവിയില്‍ ഈ സെന്ററുകളുടെ പ്രവര്‍ത്തനക്ഷമതയും സേവന നിലവാരവും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.

അതിനാല്‍, ഈ സെന്ററുകള്‍ Indian Community Welfare Fund (ICWF), സംസ്ഥാന എമിഗ്രേഷന്‍ സെല്ലുകള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍ എന്നിവയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.

പ്രവാസി ക്ഷേമത്തിന് ഫണ്ടില്ല

ബില്ലില്‍ പ്രവാസി ക്ഷേമത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ടെങ്കിലും അതെങ്ങനെ നടപ്പിലാക്കുമെന്നത് അവ്യക്തമാണ്. ക്ഷേമനിധി മാത്രമല്ല, മൊബിലിറ്റി റിസോഴ്‌സ് സെന്ററുകളുടെ പ്രവര്‍ത്തനം, ഇന്‍ഷുറന്‍സ് പദ്ധതി, റീജ്യണല്‍ ഓഫീസര്‍മാരുടെ ചുമതലകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഭാവിയിലുണ്ടാകുന്ന ചട്ടങ്ങള്‍ക്കും വിജ്ഞാപനങ്ങള്‍ക്കും ബില്‍ വിട്ടുകൊടുത്തിരിക്കുകയാണ്.

ഇത് അനിശ്ചിതത്വവും കാലതാമസവുമാണുണ്ടാക്കുന്നത്. നിലവില്‍ വിദേശങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി (Indian Community Welfare Fund – ICWF) ബില്ലില്‍ ഔപചാരികമായി ഇല്‍പ്പെടുത്തുകയെന്നതാണ് ഇതിന് പരിഹാരമായി നിര്‍ദ്ദേശിക്കാനുള്ളത്.

ഐ.സി.ഡബ്ല്യൂ.എഫില്‍ പ്രവാസികള്‍ക്ക് മടക്കയാത്ര, താത്കാലിക താമസം, മെഡിക്കല്‍ സഹായം, നിയമ സഹായം തുടങ്ങിയ അടിയന്തര സേവനങ്ങള്‍ നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഐ.സി.ഡബ്ല്യൂ.എഫിനെ ബില്ലിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസ്രോതസ്സായി അംഗീകരിക്കുകയാണെങ്കില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ നടപ്പാക്കാനാകും.

സംരക്ഷണമില്ലാത്ത വ്യക്തിഗത വിവരശേഖരണം

ഇന്റഗ്രേറ്റഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന ഡാറ്റാ സംവിധാനം പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും നയരൂപീകരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്.

എന്നാല്‍ അപ്രകാരം ശേഖരിക്കുന്ന പ്രവാസികളുടെ ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

നിലവിലുള്ള ബില്ലില്‍ ഡേറ്റാ സംരക്ഷണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. പ്രവാസികളുടെ ഡേറ്റാ ശേഖരണവും സൂക്ഷിപ്പും വിനിയോഗവും രാജ്യത്ത് നിലവിലുള്ള ഡേറ്റാ സംരക്ഷണ നിയമങ്ങളുമായി (Digital Personal Data Protection Act, 2023) ബന്ധിപ്പിക്കേണ്ടതാണ്.

അധികാരമില്ലാത്ത വിദേശ ഇന്ത്യന്‍ സ്ഥാനപതി കാര്യാലങ്ങളിലെ ഉദ്യോഗസ്ഥര്‍

ഓവര്‍സീസ് മൊബിലിറ്റി (ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ബില്‍, 2025 പ്രകാരം വിദേശ ഇന്ത്യന്‍ മിഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പിലാക്കല്‍, ദുരിതത്തില്‍പ്പെട്ട പ്രവാസികള്‍ക്ക് സഹായം നല്‍കല്‍, അന്തര്‍ദേശീയ സഹകരണം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉപദേശകസ്ഥാനമാണ് നല്‍കിയിട്ടുള്ളത്.

അധികാരം കൂടുതലും ഓവര്‍സീസ് ഓവര്‍സീസ് മൊബിലിറ്റി ആന്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ അംഗങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

തട്ടിപ്പുനടത്തുന്ന വിദേശ റിക്രൂട്ടര്‍മാരെയും വേതനചോരണം നടത്തുന്ന തൊഴിലുടമകളെയും കണ്ടെത്താനോ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനോ ഉള്ള അധികാരം വിദേശ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ബില്‍ നല്‍കുന്നില്ല.

അനധികൃത റിക്രൂട്‌മെന്റ് അന്വേഷിക്കാനും വിദേശ തൊഴിലുടമകളെ ബ്ലാക്ക്ലിസ്റ്റ് ചെയ്യാനും ആതിഥേയ രാജ്യങ്ങളുമായി സംയുക്തമായി നടപടികള്‍ സ്വീകരിക്കാനും നിയമപരമായ അധികാരം നല്‍കുന്ന ഫിലിപ്പൈന്‍സിന്റെ Migrant Workers and Overseas Filipinos Act ഇവിടെ നമുക്കും മാതൃകയാക്കാവുന്നതാണ്.

സംസ്ഥാനസര്‍ക്കാരുകളുടെ പ്രാതിനിധ്യം ഉറപ്പാക്കണം

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഓവര്‍സീസ് മൊബിലിറ്റി ആന്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിനും അമിതാധികാരം നല്‍കുന്നതാണ് ബില്ലിന്റെ ഇപ്പോഴത്തെ ഘടന. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകത പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, കൗണ്‍സിലിന്റെ ഘടനയിലോ തീരുമാനമെടുക്കല്‍ പ്രക്രിയയിലോ സംസ്ഥാനങ്ങള്‍ക്ക് ഔപചാരികമായ പങ്കില്ല.

ഇത് പ്രവാസികള്‍ക്ക് നിര്‍ണായകമായ സ്വാധീനമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അനല്‍പമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രവാസികളുടെ പുനരധിവാസം, നിയമസഹായം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനസര്‍ക്കാറുകളും നോര്‍ക്ക റൂട്‌സ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളും മറ്റ് സ്വതന്ത്ര എന്‍.ജി.ഒകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവഗണിക്കാവുന്നതല്ല.

ഈ കുറവ് പരിഹരിക്കാന്‍, ബില്ലില്‍ സംസ്ഥാന തലത്തില്‍ പ്രതിനിധിത്വം ഉറപ്പാക്കുന്ന തരത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. പ്രവാസികള്‍ ധാരാളമായുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തണം.

കൂടാതെ, ക്ഷേമപദ്ധതികള്‍, പുനരധിവാസ പദ്ധതികള്‍, അവബോധ ക്യാമ്പെയ്‌നുകള്‍ എന്നിവ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും സംസ്ഥാന സര്‍ക്കാരുകളുമായി നിര്‍ബന്ധമായും ആലോചന നടത്തണമെന്ന് ബില്‍ നിഷ്‌കര്‍ഷിക്കണം.

മൊബിലിറ്റി റിസേഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കാനും ഡാറ്റ ശേഖരണത്തിലും പരാതിപരിഹാര സംവിധാനങ്ങളിലും സംസ്ഥാന തലത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് പങ്കാളികളാകാനും അധികാരം നല്‍കുന്നത് പ്രശ്‌നപരിഹാരം എളുപ്പത്തിലാക്കും.

ഓവര്‍സീസ് മൊബിലിറ്റി (ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ബില്‍, 2025 ഇന്ത്യയുടെ കുടിയേറ്റനിയമത്തില്‍ ഒരു ചരിത്രപരമായ മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒന്നാണ്.

എന്നാല്‍, ഈ ബില്‍ പ്രവാസി സൗഹൃദവും പ്രവര്‍ത്തനക്ഷമവുമാക്കാന്‍, അതിന്റെ ഘടനാപരമായ കുറവുകള്‍ പരിഹരിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചയും പങ്കാളിത്തവുമുള്ള നിയമരൂപരേഖയിലേക്ക് മാറ്റിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളുടെ ഭാവി, ക്ഷേമനിധി I(CWF)യുടെ ഏകീകരണം, ഡേറ്റാ സംരക്ഷണ മാനദണ്ഡങ്ങള്‍, ഓംബുഡ്സ്മാന്‍ സംവിധാനം, വേതന തട്ടിപ്പിനെതിരായ നിയമനടപടികള്‍, സംസ്ഥാന സര്‍ക്കാരുകളുടെ പ്രാതിനിധ്യം, വിദേശ സ്ഥാനപതി കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ അധികാരം തുടങ്ങിയ ഘടകങ്ങള്‍ ബില്ലില്‍ വ്യക്തമായി ഉള്‍പ്പെടുത്തുമ്പോഴാണ് അതിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ പ്രവാസികളുടെ ജീവിതത്തില്‍ പ്രതിഫലിക്കാനാകുക.

കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുകയും, പ്രാദേശികതലത്തില്‍ പ്രവാസികള്‍ക്ക് നേരിട്ട് സഹായം ലഭിക്കാനും, അവര്‍ക്കുള്ള അവകാശങ്ങളും സംരക്ഷണങ്ങളും ഉറപ്പാക്കാന്‍ കഴിയുന്ന സമഗ്രമായ ഒരു കുടിയേറ്റനിയമമാണ് പ്രവാസികള്‍ക്ക് യഥാര്‍ത്ഥ നീതി നല്‍കാന്‍ കഴിയുക.

 

Content Highlight: Adv. R Muralidharan writes about New immigration law; Possibilities and Limitations

 

ആര്‍.മുരളീധരന്‍
ദീര്‍ഘകാലം പ്രവാസി, ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു