വി.മുരളീധരന്റെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി തെരുവില്‍ ഇറങ്ങും
Notification
വി.മുരളീധരന്റെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി തെരുവില്‍ ഇറങ്ങും
ഹരീഷ് വാസുദേവന്‍
Wednesday, 16th September 2020, 12:19 pm

മീഡിയയുടെ ബി.ജെ.പി പക്ഷപാതിത്വം

ജനാധിപത്യം എന്നത് ചില മൂല്യങ്ങളില്‍ അധിഷ്ഠിതമായ വ്യവസ്ഥയാണ്. ജനപ്രതിനിധികള്‍ ആയോ അല്ലാതെയോ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്ന, അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പാലിക്കേണ്ട ജനാധിപത്യ മൂല്യങ്ങളിലാണ് ഈ വ്യവസ്ഥയുടെ നിലനില്‍പ്പ്. ജനങ്ങള്‍ക്കും അതുണ്ടാവണം.

സത്യം പറയുക, സുതാര്യമാകുക എന്നത് അത്തരം മൂല്യവ്യവസ്ഥയില്‍ ഏറ്റവും അടിസ്ഥാന ആവശ്യമാണ്. നുണ പറയാതിരിക്കുക എന്നത് അതിനേക്കാള്‍ പ്രധാനവും. ഒരു മന്ത്രിയല്ലേ, ഒരു നുണയല്ലേ എന്നതൊക്കെ ഈ വ്യവസ്ഥയെ, ജനവിശ്വാസത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.

പാര്‍ലമെന്റ്, നിയമസഭ, അതിന്റെ പ്രവര്‍ത്തനത്തിലെ കൃത്യത എന്നത് ഈ ജനാധിപത്യത്തില്‍ പരമപ്രധാനമാണ്. അത് ജനപ്രതിനിധികള്‍ തന്നെ ലംഘിച്ചാല്‍ അവര്‍ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ യോഗ്യരല്ല. പാര്‍ലമെന്റില്‍ സര്‍ക്കാരിന് വേണ്ടി ആരെങ്കിലും നടത്തുന്ന പ്രസ്താവന ആ സര്‍ക്കാരിന്റെ ഭാഗമായ എല്ലാവര്‍ക്കും ബാധകമാണ്. ഇല്ലെങ്കില്‍ പിന്നെയാ സിസ്റ്റത്തിനു തന്നെ വിലയില്ലാതാവും. കൂട്ടുത്തരവാദിത്തം നഷ്ടപ്പെടും.

ഡിപ്ലോമാറ്റിക്ക് ബാഗില്‍ സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ബാഗ് കസ്റ്റംസ് പിടിച്ചെടുക്കുന്നു. ആ ബാഗിന് അന്താരാഷ്ട്ര കരാര്‍ പ്രകാരമുള്ള ഡിപ്ലോമാറ്റിക് ഇമ്യുണിറ്റി ഉള്ളതുകൊണ്ട് മാത്രം ധനമന്ത്രാലയത്തിന്റെ കീഴിലെ കസ്റ്റംസ് കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടുന്നു. അനുമതി ലഭിച്ച ശേഷം മാത്രം അത് തുറക്കുന്നു. വന്‍ കള്ളക്കടത്ത് പിടിക്കുന്നു.

ഡിപ്ലോമാറ്റിക്ക് ബാഗല്ല അത് എന്നു ആദ്യം പരസ്യമായി പറയുന്നത് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആണ്. എന്നാല്‍ കോടതിയില്‍ കസ്റ്റംസും എന്‍.ഐ.എയും അതിനെതിരായ നിലപാട് സ്വീകരിക്കുന്നു. പ്രതിയുടെ മൊഴി അനുസരിച്ച് ബി.ജെ.പി അനുകൂല ചാനലിന്റെ മേധാവി പ്രതിയെ വിളിച്ചു അത് ഡിപ്ലോമാറ്റിക്ക് ബാഗല്ല എന്നു വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പ്രതി നല്‍കുന്ന മൊഴി കസ്റ്റംസ് നിയമം അനുസരിച്ച് തെളിവാണ്. ഡിപ്ലോമാറ്റിക്ക് ബാഗുകളില്‍ കടത്തിയ സ്വര്‍ണ്ണത്തിന്റെ ചരിത്രം കുഴിച്ചുമൂടുക ആയിരുന്നു പ്രതികളുടെ ലക്ഷ്യം. അതിനു മുന്‍പ് പിടി വീണു.

ഇതു കഴിഞ്ഞും പാര്‍ലമെന്റില്‍ ധനമന്ത്രാലയം അസന്ദിഗ്ധമായി പറയുന്നു, ഇത് ഡിപ്ലോമാറ്റിക് ബാഗ് ആണെന്ന്. അല്ലെങ്കിലെന്തിനു കസ്റ്റംസ് അനുമതിക്കായി കാത്തിരിക്കണം? പാര്‍ലമെന്റില്‍ മന്ത്രി നടത്തിയ പ്രസ്താവനയെ പരസ്യമായി കേന്ദ്രസഹമന്ത്രി മുരളീധരന്‍ തള്ളി പറയുന്നു.

കേന്ദ്ര ഏജന്‍സിയുടെ കേസ് അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി തന്നെ നേരിട്ട് ശ്രമിക്കുന്നു. പാര്‍ലമെന്റിന്റെ വിശ്വാസ്യതയെ ഒരു മന്ത്രി തള്ളിപ്പറയുന്നു. പ്രതികള്‍ക്ക് പിടിയിലാകും മുന്‍പ് ചെയ്യാന്‍ പറ്റാതിരുന്ന, അവര്‍ ചെയ്യാന്‍ ശ്രമിച്ച കാര്യം മന്ത്രി തന്റെ മീഡിയ ആക്‌സസും അധികാരവും ഉപയോഗിച്ച് വരുത്താന്‍ ശ്രമിക്കുന്നു.

വിചാരണയില്‍ പ്രതികളുടെ പ്രധാന ഡിഫന്‍സ് പോലും ആകാന്‍ സാധ്യതയുള്ള വാദത്തെ അനുകൂലിക്കാന്‍, പാര്‍ലമെന്റിലെ സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പിനെ തള്ളിപ്പറയാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ റിസ്‌ക്ക് എടുക്കുന്നുണ്ട്.

അവകാശലംഘനം, കൂട്ടുത്തരവാദിത്ത ലംഘനം എന്നിങ്ങനെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബോധ്യമുണ്ടായിട്ടും ഈ റിസ്‌ക് എടുക്കണമെങ്കില്‍, അയാളുടെ ഈ വിഷയത്തിലെ വ്യക്തിഗത താല്‍പ്പര്യം എത്ര വലുതായിരിക്കും എന്നോര്‍ത്ത് നോക്കുക.

ഡിപ്ലോമാറ്റിക്ക് ബാഗില്‍ ഇത്ര സ്വര്‍ണ്ണം പിടിച്ച ആദ്യ കേസാണ് ഇത്. പരസ്യമായി നുണ പറയുന്ന, കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ കണ്ടെത്തലിനെ തള്ളിപ്പറയുന്ന, പാര്‍ലമെന്റിലെ സര്‍ക്കാര്‍ നിലപാടിനെപ്പോലും തള്ളിപ്പറയുന്ന ഒരു കേന്ദ്രമന്ത്രിയെ ഇതിനു മുന്‍പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 15 വര്‍ഷത്തിനിടെ ഞാന്‍ കണ്ടിട്ടില്ല.

എന്നിട്ടും നിങ്ങള്‍ ഇന്ത്യയിലെ മുഖ്യധാരാ മീഡിയ നോക്കൂ, ഇതേപ്പറ്റി എത്ര ചര്‍ച്ചകള്‍ ഉണ്ടായി? എത്ര ചോദ്യങ്ങള്‍ ബി.ജെ.പി നേരിട്ടു? എത്ര എതിര്‍പ്പ് നേരിട്ടു? എത്ര മണിക്കൂര്‍ എയര്‍ടൈം, പത്രങ്ങളിലെ എത്ര കോളം, എത്ര എഡിറ്റോറിയല്‍ സ്പേസ്, ഈ വിഷയത്തിനു നീക്കി വെയ്ക്കുന്നത് നാം കണ്ടു?

സി.പി.ഐ.എം കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷ സമരമൊന്നും അവരും തുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവിന്റെയോ പ്രധാനരാഷ്ട്രീയ നേതാക്കളുടെയോ സോഷ്യല്‍ മീഡിയ പേജുകളില്‍ പോലും ഇത് സംബന്ധിച്ച വലിയ ചര്‍ച്ചകളില്ല.

കേരള സര്‍ക്കാരിനെ, മന്ത്രി ജലീലിനെ, ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ ഒക്കെ ഓഡിറ്റ് ചെയ്യുമ്പോഴും അതിനേക്കാള്‍ എത്രയോ ഗൗരവമായ വിഷയത്തില്‍ തുല്യമായ ഓഡിറ്റ് പോലും പബ്ലിക് സ്പേസില്‍ ബി.ജെ.പിക്ക് നേരിടേണ്ടി വരുന്നില്ല. ഇത് മീഡിയ സ്പേസിന്റെ പക്ഷപാതിത്വമാണ് കാണിക്കുന്നത്.

വി.മുരളീധരന്റെ രാജി ആവശ്യപ്പെട്ടു പ്ലക്കാര്‍ഡുമായി തെരുവില്‍ ഇറങ്ങാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ തീരുമാനിച്ച ഏത് സംഘടന ഉണ്ടെങ്കിലും അവരെ മറ്റുരാഷ്ട്രീയം നോക്കാതെ ഈ ആവശ്യത്തില്‍ പിന്തുണയ്ക്കാനും.

ചില മിനിമം മര്യാദകള്‍ കൂടി തകര്‍ത്താല്‍ ജനാധിപത്യം പാടെ കെട്ടുപോകും. നിങ്ങള്‍ അന്നെന്ത് ചെയ്തു എന്ന വരുംതലമുറയുടെ ചോദ്യങ്ങള്‍ക്ക് മനസാക്ഷിയുടെ മുന്നില്‍ എങ്കിലും ഞാനും നിങ്ങളും മറുപടി പറയേണ്ടി വരുമല്ലോ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; Adv. Hareesh Vasudevan demanding the resignation of V Muraleedharan