| Monday, 30th June 2025, 4:52 pm

മതിലുകളില്‍ നായിക ഇല്ലെന്ന് പറഞ്ഞപ്പോള്‍ ബഷീറിന്റെ മറുപടി ഇങ്ങനെയായിരുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. തന്റെ ആദ്യ ചിത്രമായ സ്വയംവരം (1972) പുറത്തിറങ്ങിയതോടെ 1970 കളില്‍ അടൂര്‍ മലയാള സിനിമയില്‍ പുതിയ തരംഗത്തിന് തുടക്കമിട്ടു. പിന്നീട് മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മതിലുകള്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന നോവലിന്റെ അഡാപ്‌റ്റേഷനായിരുന്നു ഈ സിനിമ. സിനിമയില്‍ മമ്മൂട്ടി, മുരളി, തിലകന്‍, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

മതിലുകള്‍ എന്ന സിനിമയില്‍ കെ.പി.എ.സി ലളിതയുടേതുപോലെ പരിചിതമായ ശബ്ദം ഉപയോഗിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വൈക്കം മുഹമ്മദ് ബഷീര്‍ ആദ്യമെന്നോട് ചോദിച്ചത് ആരാണ് നായിക എന്നാണെന്നും നായികയില്ല എന്നായിരുന്നു തന്റെ മറുപടിയെന്നും അടൂര്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ സിനിമ നന്നാകുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അടൂര്‍ പറയുന്നു.

10 നായികമാരെ മാറിമാറി കാണിക്കുന്ന വിധത്തില്‍ ആ കഥയെ സങ്കല്‍പ്പിച്ച് സിനിമയെടുക്കാന്‍ ചെന്നവര്‍ വരെയുണ്ടായിരുന്നെന്ന് ബഷീര്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്നും എന്തായാലും അദ്ദേഹത്തിന് തന്റെ സമീപനമാണ് ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല ശബ്ദങ്ങളും നോക്കി തൃപ്തി വരാതെയാണ് ലളിതയുടെ ശബ്ദത്തിലേക്ക് എത്തിയതെന്നും പുതിയ ശബ്ദം ഉപയോഗിക്കുക എന്നതിനപ്പുറം ഏറ്റവും അനുയോജ്യമായ പരിചിത ശബ്ദം ഉപയോഗിക്കുകയായിരുന്നു ലക്ഷ്യമെന്നും അടൂര്‍ പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വൈക്കം മുഹമ്മദ് ബഷീര്‍ ആദ്യമെന്നോടു ചോദിച്ചത് ആരാണ് നായികയെന്നാണ്. നായികയില്ല എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ സിനിമ നന്നാകുമെന്ന് അദ്ദേഹവും. 10 നായികമാരെ മാറിമാറി കാണിക്കുന്ന വിധത്തില്‍ ആ കഥയെ സങ്കല്‍പ്പിച്ച് സിനിമയെടുക്കാന്‍ ചെന്നവര്‍ വരെയുണ്ടായിരുന്നെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.

എന്തായാലും അദ്ദേഹത്തിന് എന്റെ സമീപനമാണ് ഇഷ്ടപ്പെട്ടത്. പല ശബ്ദങ്ങളും നോക്കി തൃപ്തി വരാതെയാണ് ലളിതയുടെ ശബ്ദത്തിലേക്ക് എത്തിയത്. പുതിയ ശബ്ദം ഉപയോഗിക്കുക എന്നതിനപ്പുറം ഏറ്റവും അനുയോജ്യമായ പരിചിത ശബ്ദം ഉപയോഗിക്കുകയായിരുന്നു,’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

Content Highlight: Adoor Gopalakrishnan  talks about mathilukal movie

We use cookies to give you the best possible experience. Learn more