അണക്കെട്ടിന് വേണ്ടി ഇറക്കി വിട്ടു, 40 വര്‍ഷമായി ഞങ്ങള്‍ പെരുവഴിയില്‍; കാരാപ്പുഴ ഡാമിനു വേണ്ടി കുടിയൊഴിപ്പിച്ച ആദിവാസികള്‍ സംസാരിക്കുന്നു
ജംഷീന മുല്ലപ്പാട്ട്

1977ലാണ് വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റയില്‍ കാരാപ്പുഴ ഡാം നിര്‍മിക്കുന്നത്. 63 കി.മീ ചുറ്റളവാണ് ഡാമിനുള്ളത്. ജലസേചന പദ്ധതിക്ക് വേണ്ടിയാണ് ഡാം നിര്‍മിച്ചിട്ടുള്ളത്. നിരവധി തടാകങ്ങളും കാരാപ്പുഴ പുഴയും ചേര്‍ന്നതാണ് കാരാപ്പുഴ ഡാം.

ഡാം നിര്‍മാണം ആരംഭിച്ചതോടെ കാരാപ്പുഴയുടെ തീരങ്ങളില്‍ കൃഷി ചെയ്തും മീന്‍ പിടിച്ചും ജീവിച്ചിരുന്ന പണിയ സമുദായത്തില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ അതോടുകൂടി കുടിയിറക്കപ്പെട്ട് ചീപ്രം കോളനി ജീവിതങ്ങളായി പരിണമിച്ചു. 40 വര്‍ഷമായിട്ടും ഇന്നും അവരുടെ പുനരധിവാസം നടപ്പിലാക്കിയിട്ടില്ല. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ ചോര്‍ന്നൊലിക്കുന്ന 45 കുടിലുകളിലായി നൂറില്‍ കൂടുതല്‍ കുടുംബങ്ങളാണ് ഇവിടെ ജീവിക്കുന്നത്.

കാരാപ്പുഴ ഡാമും പരിസരവും മോടിപിടിപ്പിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ 2011ല്‍ 50 കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു. ഡാം പരിസരം മോടിയാക്കല്‍, താമരക്കുളം, ചെടികള്‍ ഉപയോഗിച്ചുള്ള മതില്‍ നിര്‍മാണം, ബോട്ടിംഗ്, പാര്‍ക്ക്, മീന്‍ പിടിക്കല്‍ കേന്ദ്രം, റിസോര്‍ട്ട്, 12 ഏക്കര്‍ സ്ഥലത്ത് പൂന്തോട്ടം, തിയേറ്റര്‍, ഭക്ഷണശാലകള്‍ തുടങ്ങിയവ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് പദ്ധതിയില്‍ പറയുന്നത്.

എന്നാല്‍ ഡാമിനു വേണ്ടി കുടിയൊഴിപ്പിച്ച ആദിവാസികള്‍ കുടിവെള്ളത്തിനോ, കക്കൂസിനോ, വൈദ്യുതിക്കോ അവകാശമില്ലാത്തവരാണ്. ചീപ്രം കോളനിക്കാര്‍ക്ക് ഒരു കക്കൂസ് കുഴി എടുക്കാനോ, കിണറു കുഴിക്കാനോ, വൈദ്യുതിക്കു വേണ്ടി പോസ്റ്റ് കുഴിച്ചിടാനോ പാടില്ല. ഇവര്‍ കക്കൂസിന് കുഴിയെടുത്താലും കിണറു കുത്തിയാലും പോസ്റ്റിനു കുഴിയെടുത്താലും ഡാമിനെ ബാധിക്കും എന്ന വിചിത്ര കാരണമാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ ടൂറിസം മേഖലയായ ഇവിടെ ഡാമിനോട് ചേര്‍ന്ന് നിരവധി റിസോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. റിസോട്ടുകള്‍ക്കൊന്നും ഇതൊന്നും ബാധകമല്ല. അവര്‍ക്ക് എന്തു ചെയ്യാനും അനുമതിയുണ്ട്.

 

ആദിവാസി കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗമെന്ന നിലയില്‍ 2002ല്‍ കാരാപ്പുഴ റിസര്‍വോയര്‍ പട്ടികവര്‍ഗ ഫിഷറീസ് സൊസൈറ്റി രൂപീകരിച്ചു. എന്നാല്‍ ഡാമില്‍ നിന്നും മീന്‍ പിടിക്കാന്‍ ചീപ്രം കോളനിക്കാരെ ഉദ്യോഗസ്ഥര്‍ അനുവദിക്കാറില്ല എന്നാണ് ഇവര്‍ പറയുന്നത്. ഡാം വരുന്നതിനു മുമ്പേ കാരാപ്പുഴയില്‍ നിന്നും മീന്‍ പിടിച്ച് ഉപജീവനം കണ്ടെത്തിയിരുന്ന ഇവര്‍ ഇപ്പോള്‍ നഞ്ചും കായ പറിച്ചു വിറ്റാണ് ജീവിക്കുന്നത്. കാപ്പി പറിക്കുന്ന സീസണുകളില്‍ പണിയുണ്ടാവുമെന്നും അല്ലാത്ത സമയങ്ങളില്‍ ആളുകള്‍ പണിക്കു വിളിക്കുമെങ്കിലും കുറഞ്ഞ പൈസയാണ് കൂലിയായി നല്‍കുന്നതെന്നും ചീപ്രം കോളനി നിവാസികള്‍ പറയുന്നു.

ചീപ്രം കോളനിക്കാരുടെ ഭൂമി എന്ന ആവശ്യത്തിന് ഡാമിനോളം പഴക്കമുണ്ട്. ഭൂമി ചോദിച്ചപ്പോള്‍ വ്യാജ പട്ടയം കൊടുത്താണ് സര്‍ക്കാര്‍ ഇവരെ പറ്റിച്ചത്. ഡാമിന് വേണ്ടി കുടിയൊഴിപ്പിച്ച മറ്റു വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് ഭൂമിയും നഷ്ടപരിഹാരവും സര്‍ക്കാര്‍ അന്നുതന്നെ നല്‍കിയിരുന്നു. എന്നാല്‍ കൃഷിചെയ്തു ജീവിച്ചിരുന്ന ആദിവാസികള്‍ ചീപ്രം കോളനിയിലേയ്ക്ക് തള്ളപ്പെട്ടു. കൃഷി ചെയ്യാനുള്ള ഭൂമി ലഭിക്കം എന്നാണ് ചീപ്രം കോളനിക്കാര്‍ പറയുന്നത്.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം