2006ല്‍ പുറത്തിറങ്ങിയ പ്രജാപതി എന്ന മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അദിതി റാവു ഹൈദരി. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച താരം ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയാണ്. ഇംതിയാസ് അലി, സഞ്ജയ് ലീല ബന്‍സാലി, മണിരത്‌നം തുടങ്ങി പ്രമുഖ സംവിധായകരുടെ സിനിമകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.
സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ച അദിതി മലയാളികളുടെയും പ്രിയങ്കരയിയായി മാറിയിരുന്നു. ചിത്രത്തിലെ ഊമ പെണ്‍കുട്ടിയായ സുജാതയെ പ്രേക്ഷകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു.
അടുത്തിടെ സംഭാഷണങ്ങളൊന്നുമില്ലാത്ത ഗാന്ധി ടോക്ക്‌സ് എന്ന സിനിമയില്‍ അദിതി പ്രധാനവേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ഫിലിം ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗാന്ധി ടോക്ക്‌സ് എന്ന സിനിമയില്‍ തന്നെ അഭിനയിക്കാന്‍ സഹായിച്ചത് സൂഫിയും സുജാതയും എന്ന മലയാള സിനിമയാണെന്ന് നടി പറയുന്നു.
‘സൂഫിയും സുജാതയും എന്ന മലയാള സിനിമയില്‍ ഞാന്‍ ഒരു ഊമയായ പെണ്‍കുട്ടിയുടെ വേഷം ചെയ്തിട്ടുണ്ട്, അതിനാല്‍ സംഭാഷണങ്ങളുടെ അഭാവം എനിക്ക് അത്ര പുതിയ കാര്യമായിരുന്നില്ല. എന്നിരുന്നാലും, ഇവിടെ വ്യത്യാസം എല്ലാവരും നിശബ്ദരായിരുന്നു എന്നതാണ്. സാഹചര്യങ്ങളിലൂടെയും
പ്രവൃത്തികളിലൂടെയും ഞങ്ങള്‍ ആശയവിനിമയം നടത്തി, ആംഗ്യഭാഷയിലൂടെയല്ല, മറിച്ച് ഞങ്ങള്‍ക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിലൂടെ മാത്രമാണ് ഞങ്ങള്‍ ആശയവിനിമയം നടത്തിയത്.
ഞങ്ങളുടെ കണ്ണുകളിലൂടെയും സാന്നിധ്യത്തിലൂടെയും ഞങ്ങള്‍ ആശയവിനിമയം നടത്തി. അത് വളരെ വ്യത്യസ്തമായിരുന്നു. പ്രത്യേകിച്ച് പാട്ടുകള്‍ ചിത്രീകരിക്കുമ്പോള്‍. ഞങ്ങള്‍ സംവിധായകനോട് സംഗീതം പ്ലേ ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നു, അല്ലാത്തപക്ഷം സെറ്റില്‍ പൂര്‍ണ്ണ നിശബ്ദത ഉണ്ടാകും,’ അദിതി പറയുന്നു.
കിഷോര്‍ പാണ്ഡുരംഗ് ബെലേക്കറിന്റെ സംവിധാനത്തില്‍ 2023-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗാന്ധി ടോക്‌സ്. സംഭാഷണങ്ങളൊന്നുമില്ലാത്ത ഈ ചിത്രത്തില്‍ വിജയ് സേതുപതി, അരവിന്ദ് സ്വാമി, അദിതി റാവു ഹൈദരി, സിദ്ധാര്‍ത്ഥ് ജാദവ് എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. 2023-ല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച ഈ സിനിമ 2026 ജനുവരിയിലാണ് തിയേറ്റര്‍ റിലീസ് ചെയ്തത്.
Content Highlight: Aditi Rao says Sufi and Sujatha helped her land a role in the film Gandhi Talks