2009ല്‍ ബൂണ്ട് എന്ന ചിത്രത്തിലൂടെ സംവിധായകനായി കരിയര്‍ ആരംഭിച്ചയാളാണ് ആദിത്യ ധര്‍. പ്രിയദര്‍ശന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ആദിത്യ ധര്‍ 2019ല്‍ പുറത്തിറങ്ങിയ ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയാണ് ശ്രദ്ധേയനായത്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ധുരന്ധറിലൂടെ ബോളിവുഡിലെ ബ്രാന്‍ഡ് സംവിധായകനായി ആദിത്യ മാറി.
സംവിധാനം ചെയ്ത ചിത്രങ്ങളില്‍ സംഘപരിവാര്‍ പ്രൊപ്പഗണ്ട നൈസായി തിരുകിക്കയറ്റുന്നതില്‍ പലരും വിമര്‍ശിക്കുന്നുണ്ടെങ്കിലും മേക്കിങ്ങില്‍ ആദിത്യ ധറിന്റെ കഴിവ് പലരും പ്രശംസിക്കുന്നുണ്ട്. ധുരന്ധറിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ ആദിത്യ അടുത്തിടെ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ധുരന്ധര്‍ 2ന്റെ പ്രീ റിലീസ് ഇവന്റില്‍ ചിത്രത്തിന്റെ ക്രൂ മെമ്പര്‍മാരെക്കുറിച്ച് സംവിധായകന്‍ സംസാരിച്ചു. ഓരോരുത്തരും അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തെന്നും അതെല്ലാം സിനിമയില്‍ കാണാനാകുമെന്നും ആദിത്യ പറഞ്ഞു. ചിത്രത്തിന്റെ ഹൈപ്പുയര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളെക്കുറിച്ചും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്ത ഓജസ് ഗൗതമിനെക്കുറിച്ചാണ് ആദിത്യ ധര്‍ സംസാരിച്ചത്.
‘ധുരന്ധറിന്റെ ഹൈപ്പ് ഉയര്‍ത്തിയ ഫാക്ടറുകളിലൊന്ന് അതിന്റെ ട്രെയ്‌ലറായിരുന്നു. അത് കണ്ട പലരും സിനിമ കാണാന്‍ വേണ്ടി ത്രില്ലായി. അതിന്റെ എല്ലാ ക്രെഡിറ്റും ഓജസിനാണ്. കൃത്യമായ വിഷന്‍ അവനുണ്ട്. എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇവന്‍ ഇന്ത്യയിലെ ടോപ്പ് സംവിധായകരില്‍ ഒരാളായി മാറും. അത്രമാത്രം ടാലന്റഡാണ്,’ ആദിത്യ ധര്‍ പറയുന്നു.
ധുരന്ധറിന് മൂന്നാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തോടും സംവിധായകന്‍ പ്രതികരിച്ചു. മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചിന്ത തന്റെ മനസില്‍ ഇല്ലെന്നും പൈസക്ക് വേണ്ടി തേര്‍ഡ് പാര്‍ട്ട് ഒരുക്കില്ലെന്നും ആദിത്യ ധര്‍ പറഞ്ഞു. ധുരന്ധറിന്റെ മൂന്നാം ഭാഗം ഉണ്ടായേക്കുമെന്ന് നിര്‍മാതാക്കളായ ജിയോ സ്റ്റുഡിയോസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനാണ് സംവിധായകന്‍ ഇപ്പോള്‍ വ്യക്തത വരുത്തിയത്.
അതേസമയം ധുരന്ധര്‍ 2ന് ഗംഭീര ബുക്കിങ്ങാണ് നടക്കുന്നത്. റിലീസിന് ഒരുദിവസം ബാക്കി നില്‍ക്കെ 100 കോടിക്കുമുകളില്‍ പ്രീ സെയിലിലൂടെ ചിത്രം സ്വന്തമാക്കി. ഇതില്‍ 36 കോടിയോളം പെയ്ഡ് പ്രീമിയറിലൂടെയാണ് സ്വന്തമാക്കിയത്. ആദ്യഭാഗം 1400 കോടിയിലേറെ നേടിയതിനാല്‍ രണ്ടാം ഭാഗം 2000 കോടിയെങ്കിലും മിനിമം നേടുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്.
Content Highlight: Adithya Dhar saying Ojas Gautham will became the top director in Indian cinema