ബാഴ്‌സ താരം ലാമിന്‍ യമാലിനെതിരെ നിയമ നടപടിക്കൊരുങ്ങി എ.ഡി.ഇ.ഇ
Sport-News
ബാഴ്‌സ താരം ലാമിന്‍ യമാലിനെതിരെ നിയമ നടപടിക്കൊരുങ്ങി എ.ഡി.ഇ.ഇ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th July 2025, 9:17 pm

ബാഴ്‌സലോണയുടെ സ്പാനിഷ് യുവ താരമാണ് ലാമിന്‍ യമാല്‍. തന്റെ 18ാം പിറന്നാളിനോടനുബന്ധിച്ച് നടത്തിയ പരിപാടി ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ജൂലൈ മൂന്നിന് സംഘടിപ്പിച്ച പരിപാടിയില്‍ അതിഥികളെ രസിപ്പിക്കുന്നതി ഉയരം കുറഞ്ഞ ആളുകള കൊണ്ടുവന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇത് വിവേചനപരമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടി നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ് സ്പാനിഷ് വൈകല്യ അവകാശ സംഘടന. യമലിന്റെ പരിപാടിയില്‍ ഉയരം കുറഞ്ഞ ആളുകളെ കാഴ്ചയായി ഉപയോഗിച്ചത് സ്റ്റീരിയോടൈപ്പുകള്‍ നിലനിര്‍ത്തുന്നതും വിവേചനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നതാണെന്നും സംഘടന പറഞ്ഞു.

വികലാംഗരുടെ അന്തസും അവകാശങ്ങളും ദുര്‍ബലപ്പെടുത്തുകയും ചെയ്തുവെന്ന് അസോസിയേഷന്‍ ഫോര്‍ പീപ്പിള്‍ വിത്ത് അക്കോണ്ട്രോപ്ലാസിയ ആന്‍ഡ് അദര്‍ സ്‌കെലെറ്റല്‍ ഡിസ്പ്ലാസിയാസ് (എ.ഡി.ഇ.ഇ) ഒരു പ്രസ്താവനയില്‍ പറഞ്ഞു.

യമാല്‍ നടത്തിയ പരിപാടിയില്‍ നീളം കുറഞ്ഞ ആളുകളുടെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ യാമിന്‍ യമാലുമായി ബന്ധപ്പെട്ടവര്‍ സംഭവവുമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഉയരം കുറഞ്ഞവരുടെ ദൃശ്യങ്ങള്‍ ഒഴിവാക്കി യുവ താരം ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചിരുന്നു.

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വൈകല്യമുള്ള ആളുകളെ സ്വകാര്യ പാര്‍ട്ടികളിലും വിനോദത്തിനായും ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. പ്രത്യേകിച്ച് പൊതുജനങ്ങള്‍ ഉള്‍പ്പെടുമ്പോള്‍. നമ്മുടെ സമൂഹത്തിന്റെ അന്തസും അവകാശങ്ങളും ഒരു സാഹചര്യത്തിലും വിനോദത്തിനുള്ള ഒരു ഉറവിടമാകാന്‍ പാടില്ല,’ എ.ഡി.ഇ.ഇ പ്രസിഡന്റ് കരോലിന പ്യൂണ്ടെ പറഞ്ഞു.

ഈ സീസണില്‍ ബാഴ്സയ്ക്കൊപ്പം ലാലിഗ, കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍കപ്പ് എന്നിവ യമാല്‍ നേടിയിരുന്നു.

Content Highlight: ADEE prepares legal action against Barcelona player Lamine Yamal