ഏറ്റവും ലളിതമായ ഭാഷയില്‍ സിനിമയുടെ രാഷ്ട്രീയ കഥയെ വിശദീകരിച്ചാല്‍, ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുന്‍പ് തീവ്രവാദത്തിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാതിരുന്ന ഒരു രാജ്യമായിരുന്നു ദുരന്ധര്‍ യൂണിവേഴ്‌സിലെ ഇന്ത്യ. യു.പി.എ കാലത്തെ ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെ തീവ്രവാദികളുമായി ചേര്‍ന്ന് രാജ്യത്തെ ഒറ്റുകൊടുത്തിരുന്നു | ആദര്‍ശ് എച്ച്.എസ് ഡൂള്‍ന്യൂസിലെഴുതുന്നു
ഓരോ കാലത്തെ കലയും ആ കാലത്തെ രാഷ്ട്രീയ നേതൃത്വത്തെ കൂടിയാണ് പലപ്പോഴും പ്രതിനിധാനം ചെയ്യുന്നത്. മന്‍മോഹന്‍ സിങ് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ബോളിവുഡിലെ ചര്‍ച്ചയായി മാറിയ ചിത്രങ്ങള്‍ ചക്ദേ ഇന്ത്യയും, മൈ നെയിം ഈസ് ഖാനും പോലെയുള്ളവയാണ്.
ആത്യന്തികമായി മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവിനെതിരെയും മാനവ സ്‌നേഹത്തെ കുറിച്ചും വിശ്വ സഹോദര്യത്തെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ അവയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മോദി യുഗത്തില്‍ ബോളിവുഡില്‍ നിന്നും അത്തരം ചിത്രങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല വെറുപ്പ് വിതയ്ക്കുന്ന കശ്മീര്‍ ഫയല്‍സും കേരളാ സ്റ്റോറിയും പോലെ ധാരാളം സിനിമകള്‍ ഉണ്ടാകുന്നുമുണ്ട്.
കേരള സ്റ്റോറി | കശ്മീര്‍ ഫയല്‍സ് സിനിമകളുടെ പോസ്റ്റര്‍. Photo: Wikipedia
അവയ്ക്ക് സര്‍ക്കാര്‍ തന്നെ പ്രത്യക്ഷത്തില്‍ പിന്തുണ നല്‍കുകയും പുരസ്‌കാരങ്ങള്‍ നല്കി ആദരിക്കുകയും ചെയ്യുന്നുണ്ട്.
മികച്ച സംവിധാനവും, അഭിനയവും, ഗാനങ്ങളുമൊക്കെയായി വന്ന് ബോക്‌സ്ഓഫീസിലും വിജയമായ ദുരന്ധര്‍ നിര്‍ഭാഗ്യവശാല്‍ അത്തരമൊരു പ്രൊപ്പഗാണ്ട സ്വഭാവമുള്ള ചിത്രമാണ്.
ദുരന്ധര്‍ സിനിമയുടെ പോസ്റ്റർ. Photo: IMDb
ഏറ്റവും ലളിതമായ ഭാഷയില്‍ സിനിമയുടെ രാഷ്ട്രീയ കഥയെ വിശദീകരിച്ചാല്‍, ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുന്‍പ് തീവ്രവാദത്തിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാതിരുന്ന ഒരു രാജ്യമായിരുന്നു ദുരന്ധര്‍ യൂണിവേഴ്‌സിലെ ഇന്ത്യ. യു.പി.എ കാലത്തെ ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെ തീവ്രവാദികളുമായി ചേര്‍ന്ന് രാജ്യത്തെ ഒറ്റുകൊടുത്തിരുന്നു.
പാവം അജിത് ഡോവല്‍ ഈ കാലത്തെല്ലാം ഒരു നേതൃത്വ മാറ്റം ഉണ്ടാക്കാനായി വീര്‍പ്പുമുട്ടിയിരിക്കുകയായിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടിന്റെ അച്ചുകള്‍ യു.പി.എ മന്ത്രിസഭയിലെ ഒരു മന്ത്രി പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് എത്തിച്ചു നല്‍കുന്നതായും സിനിമ കാണിക്കുന്നു. മിക്കവാറും രണ്ടാം ഭാഗത്തില്‍ ഇതിനെ ചെറുക്കാനായിട്ടാണ് മോദിജി നോട്ട് നിരോധിച്ചതെന്ന ന്യായീകരണം കാണാം.
പൊതുവേ സിനിമകളിലെ ഗുഡ് മുസ്‌ലിം- ബാഡ് മുസ്‌ലിം ചിത്രീകരണം വിമര്‍ശന വിധേയമാകാറുണ്ട്. ദോഷം പറയരുതല്ലോ, ദുരന്ധര്‍ യൂണിവേഴ്‌സില്‍ പേരിന് പോലുമൊരു ഗുഡ് മുസ്‌ലിമില്ല
വഴിയില്‍ കാണുന്ന പുരുഷനെ വരെ റേപ്പ് ചെയ്യുന്ന മുസ്‌ലിങ്ങള്‍ മുതല്‍ ഓരോ മിനിറ്റിലും അല്ലാഹു അക്ബര്‍ വിളിച്ച് തീവ്രവാദം നടത്താന്‍ സജ്ജമായിരിക്കുന്ന മുസ്‌ലിങ്ങളുടെ കമനീയ ശേഖരമാണ് ദുരന്ധര്‍ യൂണിവേഴ്സ്.
സിനിമ അവസാനിക്കുന്നത് ഇത്രയും കാലത്തെ ഇന്ത്യയല്ല, ഇനി ശത്രുക്കളുടെ വീട്ടില്‍ കയറി പ്രതികാരം ചെയ്യുന്ന ഇന്ത്യയാണ് വരാനിരിക്കുന്നതെന്ന മട്ടില്‍ കേന്ദ്രത്തില്‍ മോദി യുഗം തുടങ്ങുന്നത് സൂചിപ്പിച്ചാണ്.
1971ല്‍ പാകിസ്ഥാനില്‍ കയറി ആ രാജ്യം രണ്ടാക്കി ബംഗ്ലാദേശ് സൃഷ്ടിച്ചൊരു ഇന്ത്യ അതിന് മുന്‍പ് തന്നെ ഇവിടെയുണ്ടായിരുന്നു എന്ന് സംഘികള്‍ അംഗീകരിക്കില്ല.
2014ന് ശേഷം മോദി ഭരണം വന്നതിന് ശേഷവും രാജ്യത്ത് ചെറുതും വലുതുമായ നൂറ് കണക്കിന് ആക്രമണങ്ങള്‍ ഉണ്ടായതും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിഞ്ഞിട്ടില്ല.
സ്വന്തം രാജ്യത്തെ മണിപ്പൂര്‍ കലാപ ഭൂമിയായപ്പോള്‍ വര്‍ഷങ്ങളെടുത്തു പ്രധാനമന്ത്രിക്ക് അവിടേക്ക് തിരഞ്ഞു നോക്കാനെന്ന വസ്തുതയും ദുരന്തര്‍ യൂണിവേഴ്‌സിന് അറിവില്ല.
ചുരുക്കത്തില്‍, ഒറ്റ നോട്ടത്തില്‍ പ്രൊപ്പഗാണ്ട സിനിമയാണെന്ന തോന്നലുണ്ടാകാത്ത വിധത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചിരിക്കുകയാണ് ദുരന്ധര്‍. പക്ഷേ ഇത്തരം പൊതിഞ്ഞു അവതരിപ്പിക്കലുകളാണ് നേരിട്ടുള്ള പ്രഖ്യാപനങ്ങളേക്കാള്‍ അപകടകരം.
അക്ഷയ് ഖന്നയെ പോലെയുള്ള മികച്ച അഭിനേതാക്കളുടെ ഗംഭീര പെര്‍ഫോമന്‍സുകള്‍ കൂടിയാകുമ്പോള്‍ പ്രേക്ഷകര്‍ പോലുമറിയാതെ ആ നരേറ്റീവ് അവരിലേക്ക് കുത്തിവയ്ക്കാനുള്ള ശേഷി ചിത്രത്തിനുണ്ട്.
Content Highlight: Adarsh HS writes about Dhurandhar movie and propaganda films