ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ 264 റണ്‍സിന്റെ ടോട്ടലാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുമ്പില്‍ ഉയര്‍ത്തിയത്. രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 30.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടിയത്.
ആദ്യ മത്സരത്തിലേതിന് സമാനമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും നിരാശപ്പെടുത്തിയപ്പോള്‍ രോഹിത് – ശ്രേയസ് ദ്വയം മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. രോഹിത് 97 പന്ത് നേരിട്ട് 73 റണ്‍സടിച്ചപ്പോള്‍ 77 പന്തില്‍ 61 റണ്‍സാണ് അയ്യരിന്റെ സമ്പാദ്യം.
ഓസ്ട്രേലിയക്കായി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ സ്പിന്നര്‍ ആദം സാംപയാണ്. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടിയാണ് താരം ഇന്ത്യയ്‌ക്കെതിരെ തിളങ്ങിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
ഇന്ത്യക്കെതിരെ ഏകദിനത്തില്‍ ഏറ്റവുമധികം തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ സ്പിന്നറാകാനാണ് സാംപയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ശ്രീലങ്കയുടെ അജന്ത മെന്‍ഡിസാണ് മുന്നില്‍.
അതേസമയം രോഹിത്തിനും രാഹുലിനും പുറമെ അക്സര്‍ പട്ടേലാണ് ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. 41 പന്ത് നേരിട്ട പട്ടേല്‍ 44 റണ്‍സ് നേടി. വാലറ്റത്ത് ഹര്‍ഷിത് റാണയും (18 പന്തില്‍ 24) അര്‍ഷ്ദീപ് സിങ്ങും (14 പന്തില്‍ 13) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 250 കടത്തിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 264ലെത്തി.
Content Highlight: Adam Zampa In Great Record Achievement Against India In ODI